കോഴിക്കോട്: കക്കോടി മൂട്ടോളി–പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് (42) ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ (42) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. മഴവെള്ളം കെട്ടിക്കിടക്കുകയും ആഴ്ചകളായി വായുസഞ്ചാരമില്ലാതെ അടഞ്ഞുകിടക്കുകയും ചെയ്തിരുന്ന ഭൂഗർഭ ജലസംഭരണിയിലെ കോൺക്രീറ്റ് തട്ടുപലക പൊളിക്കാനായി സിറാജ് ഇറങ്ങിയതായിരുന്നു. ടാങ്കിനകത്ത് പ്രവേശിച്ച ഉടൻ ശ്വാസതടസ്സം അനുഭവപ്പെട്ട സിറാജ് കുഴഞ്ഞുവീണു.
സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഷവാതകത്തിന്റെ സാന്നിധ്യം കാരണം പിൻവാങ്ങേണ്ടിവന്നു. ഇതിനിടെയാണ് സമീപത്തെ കൂറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥൻ മറ്റൊന്നും ചിന്തിക്കാതെ സിറാജിനെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയത്. എന്നാൽ അദ്ദേഹത്തിനും ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു.
വിവരം ലഭിച്ചയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ബ്രീത്തിങ് അപ്പാരറ്റസിന്റെ സഹായത്തോടെ ഫയർ ഓഫീസർ പി. അഭിലാഷ് ടാങ്കിനകത്ത് ഇറങ്ങി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന വിശ്വനാഥന് അഗ്നിരക്ഷാസേന ആംബുലൻസിൽവെച്ച് തുടർച്ചയായി സി.പി.ആർ. നൽകി. മലാപ്പറമ്പിലെ ആശുപത്രിയിലെത്തും മുമ്പ് വിശ്വനാഥൻ വീണ്ടും ശ്വസിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. കൃത്യസമയത്ത് നൽകിയ സി.പി.ആർ. ആണ് ജീവൻ തിരിച്ചുകിട്ടാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് സിറാജ് മരിച്ചതെന്ന് കണ്ടെത്തി. വിഷവാതകം ശ്വസിച്ചതാണോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.
ഈ ദുരന്തം 2015-ൽ കോഴിക്കോട് പാളയത്ത് ഓവുചാലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി ജീവത്യാഗം ചെയ്ത ഓട്ടോ ഡ്രൈവർ നൗഷാദിനെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂഗർഭ ടാങ്കുകളിലും മാൻഹോളുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിഷവാതക പരിശോധനയും ഇല്ലാതെ തൊഴിലാളികളെ ഇറക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അഗ്നിരക്ഷാസേന വീണ്ടും മുന്നറിയിപ്പ് നൽകി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.