കാലിഫോര്‍ണിയ: കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ. ഈ മാസം 20ഓടെ ഏകദേശം 7,800 ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ അയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിൽ കമ്പനിക്ക് 77,000ത്തിലധികം ജീവനക്കാരുണ്ട്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലുള്ള നിക്ഷേപം വർധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമുള്ള 'Year of Efficiency' എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് നടപടി. പുതിയതായി നികത്താനിരുന്ന 6,000-ഓളം ഒഴിവുകളും മെറ്റ റദ്ദാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് അവസാന ഘട്ട പിരിച്ചുവിടലായിരിക്കില്ലെന്ന് കമ്പനിയുടെ എക്സിക്യൂട്ടീവുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെറ്റ ഭാവിയിൽ പിരിച്ചുവിടലുകൾ നടത്താനുള്ള സാധ്യതയിലേക്കാണ് ഇത് സൂചന നൽകുന്നത്. കൂടുതൽ തൊഴിൽ വെട്ടിക്കുറവുകൾ ഉണ്ടാകുമോ ഇല്ലയോ എന്ന് കമ്പനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്ന് ചീഫ് പീപ്പിൾ ഓഫീസർ ജനേൽ ഗെയ്ൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
എന്നാൽ പിരിച്ചുവിടലുകൾ എഐ മൂലമുണ്ടാകുന്ന ജോലി മാറ്റങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. മറിച്ച് എഐ ടൂളുകൾ തങ്ങളുടെ ടീമിനെ അവരുടെ ടീമുകളെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിലേക്ക് നയിക്കുന്നുണ്ടെന്നും കുറച്ചു ജീവനക്കാരുമായി മികച്ച പ്രകടനം നടത്താൻ അനുവദിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എഐ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ആധിപത്യം ഉറപ്പിക്കാനാണ് മാർക്ക് സക്കർബർഗ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി കമ്പനിയുടെ മുൻഗണനകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
എഐ അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി മെറ്റ ഈ വർഷം തങ്ങളുടെ നിക്ഷേപം ഗണ്യമായി വർധിപ്പിക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 125 ബില്യൺ ഡോളർ മുതൽ 145 ബില്യൺ ഡോളർ വരെയാണ് ഇതിനായി പ്രതീക്ഷിക്കുന്ന ചെലവ്. വരാനിരിക്കുന്ന ഈ പിരിച്ചുവിടലുകൾ കമ്പനിയുടെ മുൻഗണനകളിൽ ഉണ്ടായ വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലേക്കുള്ള പുനർനിർമാണത്തിന്‍റെ ഭാഗമായാണ് മെറ്റ ഈ നീക്കം നടത്തുന്നത്. പിരിച്ചുവിടലുകളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, ഇത് സംഭവിക്കുകയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ മനുഷ്യന്റെ ജോലി കവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.