Thursday, 18 May 2023

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, യുപിഐ ആപ്പ് ഏതുമാകട്ടെ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

SHARE

ഇന്ത്യയിൽ യുപിഐ പേയ്‌മെന്റുകൾ റെക്കോർഡ് വർദ്ധനവിലാണ്. സ്മാർട്ട് ഫോൺ ഉപയോഗം കൂടിയതോടെ യുപിഐ പേയ്‌മെന്റുകൾ വിപ്ലവം സൃഷ്ടിച്ചു. തൽക്ഷണം, സുരക്ഷിതമായി, തടസ്സരഹിതമായി പണം അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുമെന്നത് യുപിഐ പേയ്‌മെന്റുകളുടെ സ്വീകാര്യത വർധിപ്പിച്ചു.

യുപിഐ പേയ്‌മെന്റുകൾ മറ്റേതൊരു ഓൺലൈൻ പേയ്‌മെന്റ് രീതിയേക്കാളും വേഗതയുള്ളതാണ്. എന്നാൽ ഓൺലൈൻ ഇടപാടുകൾ കൂടുതൽ സാധാരണമായതോടെ ഓൺലൈൻ തട്ടിപ്പുകളും വ്യാപകമാവുകയാണ്. സൈബർ കുറ്റവാളികൾ നിരന്തരം പുതിയ പദ്ധതികൾ കണ്ടെത്തുകയാണ്. അതിനാൽ തന്നെ ധന നഷ്ടം ഉണ്ടാകാതിരിക്കാൻ യുപിഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ഏത് ആപ്പ് ഉപയോഗിച്ചാലും നിങ്ങളുടെ യുപിഐ പേയ്‌മെന്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.......
വിശ്വസനീയമായ യുപിഐ ആപ്പ് ഉപയോഗിക്കുക

നിരവധി വ്യത്യസ്ത യുപിഐ ആപ്പുകൾ ലഭ്യമാണ്, അതിനാൽ വിശ്വസനീയവും സുരക്ഷിതവുമായ ഒന്ന് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവ ഏറ്റവും ജനപ്രിയമായ യുപിഐ ആപ്പുകളിൽ ചിലതാണ്. ഈ ആപ്പുകളെല്ലാം പ്രധാന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിന്തുണയ്ക്കുന്നതിനാൽ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.
യുപിഐ പിൻ സൂക്ഷിക്കുക

യുപിഐ പിൻ നിങ്ങളുടെ പണത്തിന്റെ താക്കോലാണ് എന്നുതന്നെ പറയാം. അതിനാൽ അത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പിൻ ആരുമായും പങ്കിടരുത്, നിങ്ങൾക്ക് വിശ്വാസമില്ലാത്ത ഒരു വെബ്‌സൈറ്റിലോ ആപ്പിലോ ഒരിക്കലും അത് നൽകരുത്. നിങ്ങളുടെ പിൻ പതിവായി മാറ്റുകയും വേണം.

പണം അയക്കുന്നത് യഥാർത്ഥ ഉടമയ്ക്കാണെന്ന് ഉറപ്പുവരുത്തുക 

പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ്, സ്വീകർത്താവിന്റെ വിശദാംശങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ചുവെന്ന് ഉറപ്പാക്കുക. ഇതിൽ സ്വീകർത്താവിന്റെ പേരും യുപിഐ ഐഡിയും മൊബൈൽ നമ്പറും ഉൾപ്പടെ എല്ലാം പരിശോധിച്ചുറപ്പിക്കുക
തട്ടിപ്പുകൾ ശ്രദ്ധിക്കുക

നിങ്ങളുടെ യുപിഐ പിൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ പോലെയുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസിലാക്കുക.

ഇമെയിലുകളും ടെക്‌സ്‌റ്റ് മെസേജുകളും നിങ്ങളുടെ ബാങ്ക് അല്ലെങ്കിൽ പേയ്‌മെന്റ് ആപ്പ് പോലുള്ള നിയമാനുസൃതമായ ഉറവിടത്തിൽ നിന്നുള്ളവയാണെന്ന് തോന്നും. എന്നാൽ അവ യഥാർത്ഥത്തിൽ തട്ടിപ്പുകാരിൽ നിന്നുള്ളവരാണ്.

നിങ്ങൾക്ക് സംശയാസ്പദമായ ഒരു ഇമെയിലോ ടെക്‌സ്‌റ്റ് സന്ദേശമോ ലഭിക്കുകയാണെങ്കിൽ, അതിൽ അടങ്ങിയ ഏതെങ്കിലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്‌മെന്റുകൾ തുറക്കുകയോ ചെയ്യരുത്. പകരം, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

നിങ്ങൾ ഓൺലൈനിൽ പങ്കിടുന്ന വിവരങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. സോഷ്യൽ മീഡിയയിലോ മറ്റ് പൊതു ഫോറങ്ങളിലോ നിങ്ങളുടെ യുപിഐ ഐഡിയോ ബാങ്ക് അക്കൗണ്ട് നമ്പറോ പങ്കിടരുത്.






SHARE

Author: verified_user