റോക്കറ്റ് വുമൺ'; ഋതു കരിദാൽ ചന്ദ്രയാൻ 3 ദൗത്യം മുന്നിൽ നിന്നും നയിച്ച പെൺകരുത്ത് .
'Rocket Woman' leading the Chandrayaan-3: രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാൻ-3 യുടെ വിക്ഷേപണത്തിനായി കാത്തിരിക്കുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ഇന്ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിക്കും. ചന്ദ്രനിലേക്ക് കുതിച്ചുയരാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇന്ന് ഇന്ത്യയിലേക്കാണ്. ഇത്തവണ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ചുമതല ഒരു വനിതാ ശാസ്ത്രജ്ഞയുടെ കൈകളിലാണ്.
ഇന്ത്യയുടെ റോക്കറ്റ് വുമൺ എന്നറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞ റിതു കരിദാൽ ശ്രീവാസ്തവയാണ് ഈ ദൗത്യം മുന്നിൽ നിന്നും നയിക്കുന്നത്. ഋതു കരിദാൽ ശ്രീവാസ്തവയാണ് ചന്ദ്രയാൻ-3 യുടെ മിഷൻ ഡയറക്ടർ. ഋതുവിന്റെ പേര് ഏറെക്കാലമായി സജീവ ചർച്ചാ വിഷയമാണെങ്കിലും, രാഷ്ട്രത്തിന്റെ സുപ്രധാന ദൗത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ഈ പേര് ഒരിക്കൽ കൂടി ചർച്ചകളിൽ നിറയുകയാണ്.
മംഗൾയാൻ ദൗത്യത്തിൽ തന്റെ കഴിവ് തെളിയിച്ച ഋതു, ചന്ദ്രയാൻ-3ലൂടെ മറ്റൊരു നേട്ടത്തിന് തുടക്കമിടുകയാണ്. മംഗൾയാൻ മിഷന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറായിരുന്നു ഋതു. ചന്ദ്രയാൻ 2-ന്റെ മിഷൻ ഡയറക്ടറുടെ ചുമതല ഏറ്റെടുത്തതോടെയാണ് ഋതു ശ്രദ്ധയാകർഷിച്ചത്. നോക്കാം ഇന്ത്യയുടെ റോക്കറ്റ് വുമണായ ഋതു കരിദാൽ ശ്രീവാസ്തവ ആരാണെന്ന്...
ഋതുവിന്റെ കരിയർ നേട്ടങ്ങൾ നിറഞ്ഞതാണ്
ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയാണ് റിതു കരിദാൽ. ഇടത്തരം കുടുംബത്തിൽ ജനിച്ച ഋതു ലഖ്നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്സി ബിരുദം നേടിയിട്ടുണ്ട്. ശാസ്ത്രത്തോടും ബഹിരാകാശത്തോടുമുള്ള താൽപര്യത്തെ തുടർന്ന് ഋതു ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം നേടി. എയ്റോസ്പേസിൽ പ്രാവീണ്യം നേടിയ ഋതുവിന്റെ കരിയർ നേട്ടങ്ങൾ നിറഞ്ഞതാണ്. 2007ൽ യംഗ് സയന്റിസ്റ്റ് അവാർഡും ഋതുവിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ദൗത്യങ്ങളിലെ പങ്കിന് രാജ്യത്തെ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഋതുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. 1997 മുതലാണ് ഋതു ഐഎസ്ആർഒയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്.
പല ദൗത്യങ്ങളിലും ഋതു പ്രധാന പങ്ക് വഹിച്ചു
മിഷൻ മംഗളയാൻ, മിഷൻ ചന്ദ്രയാൻ-2 എന്നിവയിൽ ഋതു കരിദാൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഋതു കരിദാലിന് ബഹിരാകാശ ശാസ്ത്രത്തിൽ താൽപ്പര്യമുണ്ടായിരുന്നു. ഋതുവിന് ലഭിച്ച പുരസ്‌കാരങ്ങളുടെ പട്ടിക അവരുടെ നേട്ടങ്ങൾ പോലെ തന്നെ നീളുന്നു. ഡോ. എപിജെ അബ്ദുൾ കലാം യംഗ് സയന്റിസ്റ്റ് അവാർഡ്, മാർസ് ആർബിറ്റർ മിഷനുള്ള ഐഎസ്ആർഒ ടീം അവാർഡ്, എഎസ്ഐ ടീം അവാർഡ്, സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്റോസ്പേസ് ടെക്നോളജി ആൻഡ് ഇൻഡസ്ട്രീസിന്റെ എയ്റോസ്പേസ് വുമൺ അച്ചീവ്മെന്റ് അവാർഡ് എന്നിങ്ങനെ നീളുന്നു ഇന്ത്യയുടെ റോക്കറ്റ് വുമൺ ഋതു കരിദാലിന്റെ നേട്ടങ്ങൾ.