തിരുവനന്തപുരം : മലയാള സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്നും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ മാറ്റമാണ് ഇതിനു കാരണമെന്നും നടൻ ഫഹദ് ഫാസിൽ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ വിനോദ സഞ്ചാരത്തിന് കഴിഞ്ഞ ഏതാനം വർഷങ്ങൾക്കിടെ വളർച്ചയുണ്ടായി. അതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചത് സിനിമയ്‌ക്കാണ്. ടൂറിസംമേഖലയുടെ വളർച്ചയിലൂടെ മലയാളത്തിന്റെ കഥ പറയുന്ന സിനിമകൾ സാധ്യമായി. മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്‌സും ആമേനുമെല്ലാം ഇത്തരത്തിലുണ്ടായതാണ്. രാജ്യത്താദ്യമായി സിനിമാ ടൂറിസം വരുന്ന സംസ്ഥാനമാണ് കേരളം. അതിന് തന്റെ എല്ലാ സഹായസഹകരണങ്ങളുമുണ്ടാകുമെന്നും ഫഹദ് പറഞ്ഞു.