മാറിയ ജീവിതശൈലിയും വ്യായാമക്കുറവും നമുക്ക് നൽകിയത് പൊണ്ണത്തടിയും അനുബന്ധരോഗങ്ങളുമാണ്. വയറിനടിയിലെ കൊഴുപ്പാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെയാണ് ഇത് ബാധിക്കുന്നത്.
ആഹാരക്രമത്തിലെ മാറ്റം, വ്യായാമക്കുറവ്, പാരിസ്ഥിതിക ഘടകങ്ങൾ, ജനിതകപരമായ ഘടകങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. പോഷകങ്ങൾ കുറഞ്ഞ ആഹാരക്രമം ശീലമാക്കുന്നതാണ് വയറിനടിയിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ ഇടയാക്കുന്നത്. ഈ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഏതാനും ജ്യൂസുകൾ പരിചയപ്പെടാം.
പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് കാരറ്റ്. ഒരു ദിവസം ഒരാൾക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കാരറ്റിൽ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ ഈ പച്ചക്കറി ധാരാളം നാരുകളാലും ദഹനത്തിന് സഹായിക്കുന്ന മറ്റ് ഘടകങ്ങളാലും സമ്പന്നമാണ്. ഇത് വയറിനടയിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ് കാബേജ്. വയറിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാർഗമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാർഗമാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഇത് മൂലം വിശപ്പ് ഏറെ നേരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
പോഷകങ്ങളുടെ പവർ ഹൗസ് ആണ് ബീറ്റ്റൂട്ട്. കാരറ്റിനെപ്പോലെ കലോറി വളരെക്കുറഞ്ഞ ബീറ്റ്റൂട്ടിൽ ആന്റിഓക്സിഡന്റും പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ധാരാളം ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്ന ഇത് ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. മറ്റു പച്ചക്കറികൾക്കൊപ്പം ചേർത്തും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന പച്ചക്കറിയാണ് ചുരയ്ക്ക. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ചുരയ്ക്ക ഏറെ നേരം വിശപ്പിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. അതിനാൽ, ഇടവേളകളിൽ മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറിയായതിനാൽ പതിവായി ചുരയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ആശങ്കപ്പെടേണ്ടതില്ല.
(ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)