Wednesday, 7 February 2024

ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിച്ചു

SHARE


ഇടുക്കി:ഇടുക്കി കെ9 സ്‌ക്വാഡ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി  നിർവഹിച്ചു. കേരള പൊലീസിലെ സൈബര്‍ ഡിവിഷന്റെ രൂപീകരണത്തൊടെ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് സംസ്ഥാനം പുതിയൊരു കാല്‍വെപ്പാണ് നടത്തുന്നതെന്നും ഇത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.  ആധുനിക സാങ്കേതികവിദ്യയുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള വളര്‍ച്ചക്കൊപ്പം ഈ മേഖലയിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സാങ്കേതിക വിദ്യയിലെ പഴുത് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഒരു ഭാഗത്ത് തട്ടിപ്പും മറുഭാഗത്ത് സാങ്കേതിക വിദ്യയുടെ ദുരുപയോഗവും നടക്കുന്നുണ്ട്. ഇത് രണ്ടും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളിലൂടെ കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നിന്ന് നഷ്ടമായത് 201 കോടി രൂപയാണ്. എന്നെ പറ്റിച്ചോളൂ എന്ന് പറഞ്ഞ് തട്ടിപ്പുകളില്‍ ചെന്നുചാടുന്നവരുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടുണ്ട്. നമുക്ക് എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതല. മറ്റ് ജില്ലകളില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാരും. സൈബര്‍ ഡിവിഷന്‍ വരുന്നതോടെ തിരുവനന്തപുരത്തിന് പുറമേ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാവും സൈബര്‍ പോലീസ് സ്റ്റേഷനുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സൈബര്‍ സ്റ്റേഷനുകളുടെ അംഗബലവും വര്‍ധിപ്പിക്കുകയാണ്. ജില്ലകളിലെ സൈബര്‍ കുറ്റാന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സൈബര്‍ പട്രോള്‍ വഴിയുള്ള വിവര ശേഖരണത്തിനുമായി പ്രത്യേക സംവിധാനം റേഞ്ച് ഡിഐജിമാരുടെ കീഴില്‍ ആരംഭിക്കും. ഇതെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ സത്വര ഇടപെടല്‍ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
സൈബര്‍ ഡിവിഷന്‍ ആസ്ഥാനത്ത് വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സൈബര്‍ ഫ്രോഡ് വിഭാഗം, സോഷ്യല്‍ മീഡിയ വിഭാഗം, സൈബര്‍ സുരക്ഷാവിഭാഗം എന്നീ സൈബര്‍ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. സൈബര്‍ കേസന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കുന്നതിന് സൈബര്‍ ഡെസ്‌ക് കേന്ദ്രീകരിച്ച് പ്രത്യേക ഇന്‍വെസ്റ്റിഗേഷന്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. റിസര്‍ച്ച് ആന്റ് അനാലിസിസ് വിഭാഗമാണ് സൈബര്‍ ആസ്ഥാനത്തെ മറ്റൊരു പ്രത്യേകത. ഐടി, വ്യവസായം, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിച്ച് സൈബര്‍ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഈ വിഭാഗത്തിന്റെ ചുമതല. റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിന് കീഴിലാണ് ഇനി സൈബര്‍ഡോം പ്രവര്‍ത്തിക്കുക. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിന് ട്രെയിനിങ് ആന്റ് കപ്പാസിറ്റി ഡിവിഷനും ആസ്ഥാനത്തുണ്ടാവും. സൈബര്‍ ഡിവിഷന്‍ വരുന്നതോടെ പൊലീസിന്റെ ഘടനയിലും വലിയ തോതില്‍ ആധുനികവത്കരണം നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട ചില തസ്തികകള്‍ പുനര്‍വിന്യാസത്തിലൂടെ സൈബര്‍ ഡിവിഷന്റെ ഭാഗമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ സാമൂഹിക അവബോധം വളര്‍ത്താനും പൊലീസ് ശ്രമം നടത്തും. സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ജാഗ്രത സമൂഹത്തിന് വമ്പിച്ച നേട്ടമുണ്ടാക്കുമെന്നും പൊലീസ് സേനയുടെ മികവും മേന്മയും വര്‍ധപ്പിക്കാനായിരിക്കണം എല്ലാവരുടെയും പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കുയിലിമല എ.ആര്‍ ക്യാമ്പിന് സമീപത്താണ് 3100 ചതുരശ്രയടി വലുപ്പത്തില്‍ ജില്ലാ കനൈന്‍ സ്‌ക്വാഡിന് ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നത്. 82 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 10 നായകളെ താമസിപ്പിക്കുന്നതിനുള്ള കൂടുകളുണ്ട്. 2021 സെപ്റ്റംബറിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജില്ലയിലെ കെ9 സ്‌ക്വാഡില്‍ 9 നായകളാണ് നിലവിലുള്ളത്. 
എ.ആര്‍ ക്യാമ്പിനുള്ളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നാടമുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ ശിലാഫലം അനാച്ഛാദനം ചെയ്തു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.