സംസ്ഥാനത്തെ ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞത് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ മുതലെടുക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
പാലക്കാട്: ആഘോഷങ്ങളുടെ സീസൺ എത്തിയപ്പോഴേക്ക് സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി വില. ഒരു കിലോ കോഴിക്ക് 180 രൂപ മുതൽ 190 രൂപ വരെയാണ് വില. 80 രൂപയാണ് ഒരാഴ്ച്ചയ്ക്കിടയിൽ വർദ്ധിച്ചത്. അടുത്ത ആഴ്ച്ചയാകുമ്പോഴേക്ക് വില ഇനിയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഉത്പാദനം കുറഞ്ഞു.
കൂടാതെ തമിഴ്നാട്ടിൽ നിന്നും ഇറച്ചിക്കോഴികളുടെ ഇറക്കുമതിയും കുറഞ്ഞു. ഇതോടെ കോഴി ഇറച്ചിയുടെ വില വർദ്ധിക്കാൻ കാരണമായി. എന്നാൽ കോഴിഫാമുകൾ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് അനാവശ്യമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. സംസ്ഥാനത്തെ ബ്രോയിലർ കോഴികളുടെ ഉത്പാദനം കുറഞ്ഞത് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ മുതലെടുക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.
സംസ്ഥാനത്ത് ചൂട് കൂടിയതോടെ കോഴികൾ തീറ്റയെടുക്കുന്നത് കുറയുകയും ധാരളമായി വെള്ളം കുടിക്കുവാനും ആരംഭിച്ചു. ഇതോടെ ഇവയുടെ തൂക്കം ക്രമേണ കുറയുവാനും തുടങ്ങി. ഒരു ദിവസം 9 മുതൽ 10 ലക്ഷം വരെ കോഴികളെയാണ് കേരളത്തിൽ വിൽപ്പന നടത്തുന്നത്. പ്രദേശികാടിസ്ഥാനത്തിൽ മിക്കയിടങ്ങിലും കോഴിഫാമുകൾ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രതിസന്ധികളും കാരണം വ്യാപാരം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.