ചങ്ങനാശേരി: ഇന്ത്യയുടെ സമുദ്ര മത്സ്യസമ്പത്തിലെ രണ്ട് മീനുകളെകൂടി കണ്ടെത്തി ചങ്ങനാശേരി സ്വദേശി ടോജി തോമസ്. ഈ യുവഗവേഷകന് ശേഖരിച്ച സാമ്പിളുകളില്‍ വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവ പുതിയ ഇനം സ്പീഷിസുകളാണെന്ന് കണ്ടെത്തി നാമകരണം ചെയ്തത്. റീജിയണല്‍ സ്റ്റഡീസ് ഇന്‍ മറീന്‍ ബയോളജി എന്ന ജേര്‍ണല്‍ ഇത് പരിശോധിച്ച് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ പൂര്‍വകലാലയമായ ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിന്റെയും അവിടുത്തെ സൂവോളജി വിഭാഗം റിട്ട. മേധാവിയും വഴികാട്ടിയുമായ ഡോ. ജോസ് പി. ജേക്കബിന്റെയും പേരുകള്‍ സമന്വയിപ്പിച്ചാണ് ടോജി താന്‍ കണ്ടുപിടിച്ച ആദ്യ മീനിന് അബ്ലെന്നെസ് ജോസ്ബര്‍ക്മെന്‍സിസ് എന്ന പേര് നല്‍കിയിരിക്കുന്നത്. ചങ്ങനാശേരി പാറേല്‍പള്ളി കല്ലുകളം തോമസ് -ഗ്രേസി ദമ്പതികളുടെ മകനാണ് ടോജി. തന്റെ റിസര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ സഹായിച്ച അമ്മയുടെ ഗ്രേസി എന്ന പേരും അലീന എന്ന സുഹൃത്തിന്റെ പേരും സമന്വയിപ്പിച്ചാണ് അബ്ലെന്നെസ് ഗ്രേസാലി എന്ന പേര് ടോജി താന്‍ കണ്ടെത്തിയ മറ്റൊരു മീനിന് നല്‍കിയിരിക്കുന്നത്. പ്രോട്ടീന്‍ ധാരാളമുള്ള മീനുകള്‍ ആയതുകൊണ്ടു തന്നെ ഇവയ്ക്ക് ധാരാളം ആവശ്യക്കാരുണ്ട്. പച്ച നിറമുള്ള മുള്ളുകളുള്ള ഈ മീനുകളുടെ ചുണ്ട് സൂചിപോലെ ഇരിക്കുന്നതുകൊണ്ടും പല്ലുകള്‍ വളരെ കടുപ്പമേറിയതുകാണ്ടും ഈ മീനുകളുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യ സംഭവമാണ്. വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് ഈ മീനുകളുടെ കണ്ടെത്തല്‍ രാജ്യത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് വളരെ വലിയ മുതല്‍ക്കൂട്ടാകുന്ന നേട്ടമായാണ് ഗവേഷകര്‍ കാണുന്നത്.
ഈ രണ്ടെണ്ണം കൂടാതെ സ്കോമ്പറോയിഡ്സ് പെലാജിക്കസ് (പോളവറ്റ), സ്കോംബെറോമോറസ് അവിറോസ്ട്രസ് (അറേബ്യന്‍ സ്പാരോ നെയ്മീന്), പുനരുജ്ജീവിപ്പിക്കപ്പെട്ട സ്കോമ്പറോമോറസ് ലിയോപ്പാഡസ് (റസല്‍സ് പുള്ളിനെയ്മീന്‍) എന്നിവയെ കണ്ടെത്തിയ സിഎംഎഫ്ആര്‍ഐ ശാസ്ത്ര സംഘത്തിലും ടോജി തോമസ് ഉള്‍പ്പെട്ടിട്ടുണ്ട്. ടോജിയുടെ തന്നെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളില്‍ ഇനിയും ധാരാളം പുതിയ മീനുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമുദ്ര മത്സ്യമേഖലയ്ക്ക് നേട്ടമേകുന്ന ധാരാളം പഠനങ്ങള്‍ നടത്തുന്ന ടോജിയെന്ന ചെറുപ്പക്കാരന് ചങ്ങാനാശേരിക്കാര്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. ഏറെ ആവശ്യക്കാരും ഉയര്‍ന്ന വിപണി മൂല്യവുമുള്ളതാണ് നീഡില്‍ ഫിഷുകള്‍. ഇന്ത്യയുടെ വിവിധ തീരങ്ങളില്‍നിന്ന് സിഎംഎഫ്ആര്‍ഐ യിലെ ഗവേഷണ വിദ്യാര്‍ഥിയായ ടോജി തോമസ് ശേഖരിച്ച സാമ്പിളുകളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ ഗൈഡുമായ പ്രിന്‍സിപ്പിള്‍ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുള്‍ സമദും റിസര്‍ച്ച് സ്കോളേഴ്സായ ഡോ. ഷിജിന് അമേരി, ബദറുള്‍ സിജാദ്, സീനിയര്‍ ടെക്നിക്കല്‍ അസി. ഡോ. സജികുമാര്‍ കെ.കെ. എന്നിവരുള്‍പ്പെട്ട ശാസ്ത്ര സംഘം നടത്തിയ വിശദമായ വര്ഗീകരണജനിതക പഠനമാണ് സിഎംഎഫ്ആര്‍ഐയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. അബ്ലെന്നെസ് ജോസ്ബര്‍ക്മെന്‍സിസ് കൂടുതലായും ലഭ്യമാകുന്നത് തൂത്തുക്കുടി, മണ്ഡപം, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ സ്ഥലങ്ങളിലാണ്. ബേ ഓഫ് ബംഗാള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാം തന്നെ ഈ സ്പീഷിസ് ധാരാളമായി കാണപ്പെടുന്നുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക