Friday, 10 May 2024

ജൂനിയര്‍ ബാസ്‌കറ്റ്‌: കേരളത്തിന്‌ ജയവും തോല്‍വിയും

SHARE

ഇന്‍ഡോര്‍:  74-ാമത്‌ ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം കേരളത്തിനു ജയവും തോല്‍വിയും. ആവേശകരമായ ലീഗ്‌ മത്സരത്തില്‍ കേരള പുരുഷന്മാര്‍ നിലവിലെ ചാമ്പ്യന്മാരായ ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചപ്പോള്‍ വനിതകള്‍ രാജസ്‌ഥാനുമുന്നില്‍ മുട്ടുമടക്കി. മധ്യപ്രദേശ്‌ ഇന്‍ഡോറിലെ എമറാള്‍ഡ്‌ ഹൈറ്റ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണു ചാമ്പ്യന്‍ഷിപ്പ്‌. 
ഇടവേളയില്‍ 49-33ന്‌ പിന്നില്‍നിന്ന ശേഷമാണു കേരള പുരുഷന്മാര്‍  ഉത്തര്‍പ്രദേശിനെ കീഴടക്കിയത്‌. 92-88 നായിരുന്നു ജയം. വിനയ്‌ ശങ്കര്‍ 28 പോയിന്റുമായി കേരളത്തിന്റെ ടോപ്‌സ്കോററായി. നിരഞ്‌ജന്‍: 15, ജിന്‍സ്‌ ജോബി: 14, അശ്വിന്‍ കൃഷ്‌ണ: 12, നിയുക്‌ത് സലില്‍: 11 എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു. 
24 പോയിന്റ്‌ വീതം നേടിയ വേദാന്‍ഷ്‌ റനോട്ടും കുനാല്‍ കുമാര്‍ സിങ്ങും ഉത്തര്‍പ്രദേശിനായി പൊരുതി. ആദ്യദിനം കേരളത്തെ തോല്‍പ്പിച്ച ചണ്ഡീഗഡ്‌ പുരുഷന്മാര്‍ ഇന്നലെ പഞ്ചാബിനെ കീഴടക്കി രണ്ടാം ജയം നേടി. സ്‌കോര്‍: 70-64. 
വനിതാവിഭാഗത്തില്‍ രാജസ്‌ഥാനോട്‌ 63 - 80 എന്ന സ്‌കോറിനാണു കേരളം തോറ്റത്‌. ആദ്യദിനം മധ്യപ്രദേശിനോടു രാജസ്‌ഥാന്‍ തോറ്റിരുന്നു. ഇന്നലെ നടന്ന മറ്റൊരു ഗ്രൂപ്പ്‌ എ മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച്‌ ആതിഥേയരായ മധ്യപ്രദേശ്‌ രണ്ടാം ജയം (98-54) കുറിച്ചു. മറ്റ്‌ ലെവല്‍ 1 മത്സരങ്ങളില്‍ ഗുജറാത്ത്‌ 86-77ന്‌ ഉത്തര്‍പ്രദേശിനെ  തോല്‍പ്പിച്ചു. 
ലെവല്‍ 2 മത്സരങ്ങളില്‍ കര്‍ണാടക ഹിമാചല്‍ പ്രദേശിനെയും (87-55) മഹാരാഷ്‌ട്ര ജമ്മു കശ്‌മീരിനെയും (64-17) ഹരിയാന പശ്‌ചിമ ബംഗാളിനെയും (85-42) ഗുജറാത്ത്‌ ഝാര്‍ഖണ്ഡിനെയും (63-48) തോല്‍പ്പിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user