എറണാകുളം : രാജ്യാന്തര അവയവക്കടത്തിലെ മുഖ്യസൂത്രധാരനായ ഹൈദരാബാദ് സ്വദേശി എറണാകുളം റൂറൽ പൊലീസിൻ്റെ പിടിയില്‍. പ്രതാപൻ എന്ന ബല്ലം രാം പ്രസാദിനെ ഹൈദരാബാദിൽ എത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്‌ത് വരികയാണ്. നേരത്തെ പിടിയിലായ തൃശൂർ സ്വദേശി സാബിത്ത് നാസറിൽ നിന്നാണ് പ്രതാപനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഹൈദരാബാദ് പൊലീസിന്‍റെ സഹകരണത്തോടെയാണ് പ്രതിയെ പിടികൂടിയത്.
രാജ്യാന്തര അവയവക്കടത്തിലെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് പ്രതാപനായിരുന്നു. നവമാധ്യമങ്ങളിലൂടെയാണ് പ്രതി ഇരകളെ ആകർഷിച്ചിരുന്നത്. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സംഘത്തിന് നേതൃത്വം നൽകുന്ന എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന പറഞ്ഞു. പ്രതാപനും പ്രതികളായ സാബിത്തും, സജിത്ത് ശ്യാമും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൻ്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ പിടിയിലായാലേ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിനാല്‍ ഇയാളെ വലയിലാക്കുന്നതില്‍ പൊലീസ് നേരത്തേതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഈ അവയവക്കടത്ത് സംഘത്തില്‍ ഒരു മലയാളി മാത്രമാണുളളത്. ഇയാളാണ് ഇറാനില്‍ അവയവം വില്‍പ്പന നടത്തുന്നത്. മറ്റുള്ളവർ ഹൈദരാബാദ്, തമിഴ്‌നാട് സ്വദേശികളാണ്. അതേസമയം അവയവ കടത്തിൻ്റെ ഇറാനിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന കൊച്ചി സ്വദേശി മധുവിനെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മധു ഇറാനിലാണ്. ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്‌റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മധുവിന്‍റെ കൊച്ചിയിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
പിടിയിലായ രണ്ട് പ്രതികൾക്കും ഇയാൾ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയോ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇന്‍റർപോളാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മധുവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
യ്യുക