Saturday, 15 June 2024

രാത്രിയിൽ തിളങ്ങുന്ന കൂണുകൾ റാണിപുരത്തും

SHARE


കാസർകോട് : കൂണുകൾ പലതും നമ്മൾ കണ്ടിട്ടുണ്ടാകും. ഭക്ഷ്യ യോഗ്യമായതും അല്ലാത്തവയും ഈ കൂട്ടത്തിൽ ഉണ്ട്. എന്നാൽ രാത്രിയിൽ തിളങ്ങുന്ന കൂണുകൾ കണ്ടിട്ടുണ്ടോ?. രാത്രിയിൽ പച്ച വെളിച്ചം പൊഴിക്കുന്ന ബയോലൂമിനസെന്‍റ് (ജൈവ ദീപ്‌തി) എന്ന അത്യഅപൂർവ കൂണുകൾ റാണിപുരം വനത്തിൽ കണ്ടെത്തി. രാസ പ്രവർത്തനത്തിലൂടെ പ്രകാശം ഉൽപാദിപ്പിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. ഇലക്ട്രിക് കൂണുകളെന്നും ഇതിനു വിളിപ്പേരുണ്ട്.
ഫൈലോബൊളീറ്റസ് മാണിപ്പുലാരിസ് കൂണുകൾ (Filoboletus manipularis) എന്നതാണ് ഇവയുടെ യഥാർഥ പേര്. പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് കാസർകോട് ഡിവിഷൻ, മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റി എന്നിവർ ചേർന്ന് നടത്തിയ മാക്രോ ഫംഗൽ സർവേയിലാണ് സ്വയം പ്രകാശിത കൂണുകളെ കണ്ടെത്തിയത്. അൻപതോളം കൂൺ ഇനങ്ങളാണ് സർവേയിൽ കണ്ടെത്തിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രാത്രിയിൽ പച്ച വെളിച്ചം പൊഴിക്കുന്ന മാണിപ്പുലാരിസ് കൂണുകൾ.
ഇതേ ഇനത്തിൽപെട്ട ബയോ ലൂമിനസെൻസ് ഇല്ലാത്ത ഫൈലോബൊളീറ്റസ് കേരളൻസിസ് (Filoboletus keralensis) എന്നിവയുടെ കണ്ടെത്തലും ഏറെ കൗതുകകരമായി. ടൊമാറ്റോ മഷ്റൂം എന്നറിയപ്പെടുന്ന ഹൈഗ്രോസൈബി ഇനത്തിൽപെട്ട കൂണും കണ്ടെത്തിയിട്ടുണ്ട് . ചുവപ്പും മഞ്ഞയും ഓറ‍ഞ്ചും കലർന്ന നിറമാണിവയ്ക്ക്. തക്കാളിയുടെ ആകൃതിയിലും നിറത്തിലും ആയതിനാലാണ് ഇതിനെ ടൊമാറ്റോ മഷ്റൂം എന്ന പേരു വന്നത്.
മഴക്കാലം തുടങ്ങുമ്പോഴാണു പലയിനം കൂണുകൾ മുളക്കുന്നത്. റാണിപുരത്ത് കണ്ടെത്തിയ ഫൈലോബൊളീറ്റസ് മാണിപ്പുലാരിസ് കൂണുകൾ ഭക്ഷ്യയോഗ്യമല്ല. റാണിപുരത്തെ കൂണുകളുടെ വൈവിധ്യം ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്നും ഈ പ്രദേശത്തിന്‍റെ ഫലഭൂയിഷ്‌ടതയുടെയും വൈവിധ്യത്തിന്‍റെയും സൂചനയാണിതെന്നും ഇനിയു പര്യവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
കാസർകോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷ്റഫിന്‍റെ നിർദേശ പ്രകാരമാണ് ഡോ.ജിനു മുരളീധരൻ, ഡോ.സന്തോഷ് കുമാർ കൂക്കൾ, കെ.എം.അനൂപ്, സച്ചിൻ പൈ, പൂർണ പ്രജ്‌ന എന്നിവർ റാണിപുരം വനത്തിൽ രാത്രിയും പകലുമായി സർവേ നടത്തിയത്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user