Sunday 2 June 2024

ആഡംബര ഹോട്ടലില്‍ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന; കോഴിക്കോട് രണ്ട് യുവാക്കൾ പിടിയില്‍

SHARE



കോഴിക്കോട്: ആഡംബര ഹോട്ടലുകളിൽ റൂം എടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ കോഴിക്കോട് ബീച്ച് റെഡ് ക്രോസ് റോഡ് പരിസരത്തെ ഹോട്ടൽ മുറിയിൽ വച്ച് പിടികൂടി. തലശ്ശേരി സ്വദേശി കൊളശ്ശേരി ആമിനാസ് വീട്ടിൽ മുന്ന എന്ന വിളി പേരിൽ അറിയപെടുന്ന പി കെ മുനവർ ഫൈറോസ് (27) കിണാശ്ശേരി സ്വദേശി കുന്നത്തു താഴം എം അഷ്റഫ് (39) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ ചാർജുള്ള അസിസ്റ്റന്‍റ് കമ്മീഷണർ വി സുരേഷിൻ്റെ കീഴിലുള്ള ഡാൻസാഫും, വെള്ളയിൽ പൊലീസും ചേർന്നാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ബീച്ച് റെഡ് ക്രോസ് റോഡ് പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 13.20 ഗ്രാം ബ്രൗൺ ഷുഗറുമായി പൊലീസ് രണ്ട് പേരെയും പിടികൂടുന്നത്. പിടികൂടിയ ബ്രൗൺ ഷുഗറിന് വിപണിയിൽ ഒരു ലക്ഷം രൂപ വില വരും.

മുംബൈയിൽ നിന്നും കേരളത്തിലേക്ക് ബ്രൗൺ ഷുഗർ എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ മുനവർ. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ തലശ്ശേരിയിൽ വച്ചാണ് ഇടപാടുകൾ മുഴുവനും നടത്തുന്നത്. പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്തി ലഹരി കച്ചവടം നടത്താനാണ് ബ്രൗൺ ഷുഗറുമായി കോഴിക്കോട് എത്തിയത്.

തന്‍റെ സുഹ്യത്തായ അഷ്റഫിനെ ബിസിനസ്സിൽ പങ്കാളിയാക്കി അയാളുടെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവടം നടത്താനുളള തന്ത്രവുമായിട്ടാണ് മുനവർ കോഴിക്കോട് വന്നത്. മുനവർ കണ്ണൂർ ജില്ലയിലെ കാപ്പ കേസിലെ പ്രതിയാണ്. ലഹരി കേസും ഇയാളുടെ പേരിലുണ്ട്. നിലവിൽ കാപ്പ ചുമത്തിയിട്ടുള്ളതിനാൽ കണ്ണൂർ ജില്ലയിൽ നിൽക്കാൻ പറ്റാത്തതിനാലാണ് ലഹരി കച്ചവടത്തിനായി കോഴിക്കോട് വന്നത്.

അടുത്ത ദിവസം അധ്യായന വർഷം ആരംഭിക്കുന്നതിനാൽ കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച്, പാർക്കുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡാൻസാഫിന്‍റെയും, നാർക്കോട്ടിക്ക് സ്ക്വാഡിന്‍റെയും നീരീക്ഷണം ഉണ്ടാകുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.

ഡൻസാഫ് സബ് ഇൻസ്‌പെക്‌ടർ മനോജ് ഇടയേടത് എഎസ്ഐ അബ്‌ദുറഹ്‌മാൻ, കെ അനീഷ്, അഖിലേഷ് കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പ്രശാന്ത് കുമാർ, അഭിജിത്ത്, ദിനീഷ്, സരുൺ, അതുൽ, ലതീഷ് വെള്ളയിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ബി എസ് ബാവിഷ്, എസ്ഐ പ്രദീപ് , രഞ്ജിത്ത്, ജിത്തു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user