Wednesday 24 July 2024

ഒൻപത് നാൾ കാത്തിരിപ്പിനൊടുവിൽ അർജുന്റെ ലോറി കണ്ടെത്തിയതായി കർണാടക പോലീസ്

SHARE


അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തിയതായി കർണാടക സർക്കാർ. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡ സ്ഥിരീകരിച്ചു.
നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത്
ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.
കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്.
10 മീറ്ററോളം ഉയരത്തില്‍ ഇവിടെ മണ്ണ് മൂടിയിരുന്നു. പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ ലോറി കണ്ടെത്തിയിരിക്കുന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user