തിരുവനന്തപുരം : സിനിമയുടെ റിലീസ് ദിവസം തന്നെ തീയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വ്യാജ പതിപ്പ് പുറത്ത് വിടുന്ന സംഘത്തിലെ പ്രധാനിയെ ഇന്നലെയായിരുന്നു സൈബര്‍ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം എരീസ് പ്ലക്‌സ് തീയേറ്ററില്‍ നിന്നും ഇന്നലെ കൊച്ചി, കാക്കനാട് സൈബര്‍ പൊലീസായിരുന്നു തമിഴ്‌നാട് സ്വദേശി ജബ സ്റ്റീഫന്‍ രാജ് (33)നെ പിടികൂടുന്നത്. നിര്‍മാതാവ് സുപ്രിയ മേനോന്‍റെ പരാതിയില്‍ സിനിമ മൊബൈലില്‍ പകര്‍ത്തി വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയെ തിരുവനന്തപുരത്ത് എത്തി സൈബര്‍ പൊലീസ് സംഘം വലയിലാക്കിയത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെയാണ്.
മാസങ്ങള്‍ നീണ്ട അന്വേഷണ പരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നത് 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്‍റെ റിലീസോടെയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മെയ് 16ന് റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ മൊബൈല്‍ ഫോണ്‍ പതിപ്പ് അന്ന് വൈകിട്ട് തന്നെ ടെലഗ്രാമില്‍ ലഭ്യമായി തുടങ്ങി. തുടര്‍ന്ന് സുപ്രിയ മേനോന്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ കൊച്ചി, കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വ്യാജ പതിപ്പിന്‍റെ ഫോറന്‍സിക് പരിശോധനയില്‍ സിനിമ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം എരീസ് പ്ലക്‌സ് സിനിമ തീയറ്ററില്‍ നിന്നാണെന്ന് തെളിഞ്ഞതോടെ അന്വേഷണത്തിന് ജീവന്‍വച്ചു തുടങ്ങി. പിന്നാലെ തിരുവനന്തപുരത്ത് എരീസ് പ്ലക്‌സ് തീയറ്ററിലെത്തിയ സൈബര്‍ പൊലീസ് സംഘം തീയേറ്ററിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പരിശോധനയില്‍ ആറ് സീറ്റുകള്‍ ഒരുമിച്ച് ബുക്ക് ചെയ്‌ത് ഒരാള്‍ സിനിമ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
സീറ്റിലെ കപ്പ് ഹോള്‍ഡറില്‍ ഫോണിന്‍റെ ക്യാമറ ഓണാക്കിയ ശേഷമായിരുന്നു സിനിമയുടെ ചിത്രീകരണം. മൊബൈല്‍ ആപ്പ് വഴി ബുക്ക് ചെയ്‌ത ടിക്കറ്റുകളില്‍ നിന്നും പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈ നമ്പര്‍ പൊലീസിന് ലഭിക്കുന്നു. മെയ് 23, ജൂണ്‍ 17, ജൂണ്‍ 26, ജൂലൈ 5 തീയതികളില്‍ ഇതേ നമ്പര്‍ ഉപയോഗിച്ച് സിനിമ ടിക്കറ്റുകള്‍ ബുക്ക് ചെയ്‌തതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞതോടെ പ്രതിയുടെ അടുത്ത നീക്കത്തിനായി ക്ഷമയോടെയുള്ള കാത്തിരിപ്പ് ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ച ധനുഷ് നായകനായ രായന്‍ എന്ന ചിത്രം റിലീസായതോടെ പ്രതി ഇതേ നമ്പര്‍ ഉപയോഗിച്ച് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്‌തു. തുടര്‍ന്ന് സിനിമ കാണാന്‍ പതിവുപോലെ മൊബൈലുമായി എത്തിയ ജബ സ്റ്റീഫന്‍ രാജിനെ തിരുവനന്തപുരം സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ കൊച്ചിയില്‍ നിന്നെത്തിയ സൈബര്‍ പൊലീസ് സംഘം എരീസ് പ്ലക്‌സ് തീയേറ്ററില്‍ നിന്നും പിടികൂടുകയായിരുന്നു. സംഭവത്തില്‍ ചെന്നൈയില്‍ നിന്നും രണ്ട് പേരെ സൈബര്‍ പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്.
വില്‍പ്പനയ്ക്ക് പ്രത്യേക ടെലഗ്രാം ചാനലുകള്‍ : തീയേറ്ററില്‍ നിന്നും ഫോണില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പല വിലയ്ക്ക് ടെലഗ്രാം ചാനലില്‍ വില്‍പ്പന നടത്തുമെന്ന് പിടിയിലായ ജബ സ്റ്റീഫന്‍ രാജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. റിലീസ് ദിവസം തന്നെ സിനിമകള്‍ ലഭിക്കാന്‍ പ്രത്യേക ടെലഗ്രാം ചാനലുകള്‍ തന്നെ ഉണ്ടാക്കും. ഈ ചാനലുകളില്‍ അംഗമാകാനും പണമടയ്ക്കണം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ റിലീസ് ദിവസം തന്നെ ടെലഗ്രാം ചാനലില്‍ ലഭ്യമാക്കുമെന്നു ഇയാള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക