
കൊച്ചി: രാജ്യത്തെ പുതിയ ക്രിമിനൽ നിയമം ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നതിനു ശേഷം കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലാണ് പത്തടിപ്പാലം സ്വദേശിക്കെതിരെ കേസ് എടുത്തത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഓട്ടോ ഡ്രൈവർക്കെതിരെ ബി.എൻ.എസ് 281 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്. പരമാവധി ആറുമാസം വരെ തടവും ആയിരം രൂപ പിഴയുമാണ് ബി.എൻ.എസ് 281 വകുപ്പ് പ്രകാരമുള്ള ശിക്ഷ.
ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തിരുന്നു. കമല മാർക്കറ്റിലെ വഴിയോരക്കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയി ന്യായ സംഹിത സെക്ഷൻ 285 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക