കാസർകോട്: കാലവർഷത്തിൽ വൻമരം കടപുഴകി വീണപ്പോൾ ദൃശ്യമായത് മഹാശിലാസ്‌മാരകം. കിനാനൂർ പഞ്ചായത്തിൽ കരിന്തളം വില്ലേജിലെ കോളംകുളത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പിൽ മഹാശില സംസ്‌കാര കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ രണ്ട് ചെങ്കല്ലറകൾ കണ്ടെത്തി. വൻമരം കടപുഴകി വീണപ്പോൾ വൃക്ഷം നിന്നിടത്താണ് ഒരു ചെങ്കല്ലറ ദൃശ്യമായത്.
പ്രദേശവാസിയായ സി കെ ജയചന്ദ്രൻ, പ്രദേശിക പുരാവസ്‌തു നിരീക്ഷകൻ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിൽ അടുത്തു തന്നെ മറ്റൊരു ഗുഹയും കണ്ടെത്തി. വിവരമറിഞ്ഞ് ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്ര അധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് കണ്ടെത്തിയ ഗുഹകൾ മഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. മഹാശിലാ സംസ്‌കാരത്തിൻ്റെ ഭാഗമായി നിർമിച്ചിരുന്ന ചെങ്കല്ലറകൾ ചെങ്കൽ പാറകൾ തുരന്നാണ് നിർമിക്കുന്നത്.
ഒരു ഭാഗത്ത് ചവിട്ടുപടികളോടുകൂടിയ ചെങ്കല്ലുകൊണ്ട് നിർമിച്ച വാതിൽ അടച്ചുവയ്ക്കാൻ പാകത്തിൽ കൊത്ത് പണികളോടുകൂടിയ കവാടവും മധ്യഭാഗത്ത് ഒരടി വ്യാസത്തിൽ ദ്വാരവും നിർമിച്ച് ഉൾഭാഗത്ത് വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള മൺപാത്രങ്ങൾ നിക്ഷേപിക്കുന്നത് വിശ്വാസത്തിൻ്റെ ഭാഗമായിട്ടായിരിക്കാമെന്നാണ് അനുമാനിക്കുന്നത്. രണ്ട് ചെങ്കല്ലറകളും മുൻപ് തുറക്കാത്തത് കൊണ്ട് തന്നെ ഉൾഭാഗത്ത് മണ്ണിനടിയിലുള്ള മൺപാത്രങ്ങളുടെ വക്കുകൾ കാണാൻ സാധിക്കുന്നുണ്ട്. രണ്ട് ചെങ്കല്ലറയുടെയും കവാടങ്ങളും ചെങ്കല്ലറയിൽ ഇറങ്ങിച്ചെല്ലാനുള്ള പടികളും മണ്ണിനടിയിലാണുള്ളത്.
ചെങ്കല്ലറകളിൽ ഒന്നിൻ്റെ മുകൾഭാഗത്തെ ദ്വാരം അടച്ചു വയ്ക്കുന്നതിനുള്ള കല്ലുകൊണ്ടുള്ള അടപ്പ് ഉണ്ട്. മുനിയറ, കൽപത്തായം, പാണ്ഡവ ഗുഹ, പീരങ്കി ഗുഹ തുടങ്ങിയ വിവിധ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്ന നൂറിലധികം ചെങ്കല്ലറകൾ കാസർകോട് ജില്ലയിൽ നിന്ന് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആയിരത്തി എണ്ണൂറു വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിലെ മഹാശിലാ സംസ്‌കാര കാലഘട്ടമെന്നത് കൊണ്ട് തന്നെ കണ്ടെത്തിയ ചെങ്കല്ലറകൾക്ക് അത്രയും കാലപ്പഴക്കമുണ്ടാകാമെന്ന് കരുതുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക