Thursday 22 August 2024

ഇടുക്കിയിലെ അതീവ പരിസ്ഥിതി ലോല മേഖലയിൽ അനധികൃത നിർമാണം; പരാതി ലഭിച്ചിട്ടും അനങ്ങാതെ അധികൃതർ

SHARE


ഇടുക്കി: അതീവ പരിസ്ഥിതി ലോല മേഖലയിൽ അനധികൃത നിർമാണവുമായി ഭൂമാഫിയ. ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭാഗത്താണ് ഭൂമാഫിയയുടെ അനധികൃത നിർമാണം പുരോഗമിക്കുന്നത്. ബ്ലോക്ക് നമ്പർ 005 ൽ സർവേ നമ്പർ 27/ 1-259 / 16ൽ ഉൾപ്പെടുന്ന ഭൂമിയുടെ മറവിലാണ് ഏക്കർകണക്കിന് സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നത്.
ഗ്യാപ് റോഡിനോട് ചേർന്ന് മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടായ മേഖലയിൽ നിന്നും ഇരുന്നൂറ് മീറ്റർ നീങ്ങിയാണ് മലനിരകൾ ഇടിച്ചു നിരത്തി പാറകൾ പൊട്ടിച്ചുള്ള നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ വീട് നിർമ്മിക്കാൻ ലഭിച്ച എൻഒസിയുടെ മറവിലാണ് കുന്നുകൾ ഇടിച്ചു നിരത്തിയുള്ള കൈയേറ്റം നടക്കുന്നത്.
തമിഴ്‌നാട് രാജാ അണ്ണാമലൈപുരം സ്വദേശിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. റെഡ് സോണിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മണപ്രവർത്തങ്ങൾ പാടില്ല എന്നിരിക്കെയാണ് റവന്യു അധികൃതരുടെ മൗന അനുവാദത്തോടെ ഏക്കർ കണക്കിന് മലനിരകൾ ഇടിച്ച് നിരത്തിയിരിക്കുന്നത്. വൻതോതിൽ പാറ ഖനനവും, ആയിരകണക്കിന് മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്‌തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
മാത്രമല്ല മലമുകളിൽ വലിയ തടയണ നിർമിക്കുകയും താഴ്വാരത്ത് താമസിക്കുന്ന ഗോത്രവർഗ ജനതയുടെ കുടിവെള്ള വിതരണം തടസപ്പെടുത്തുകയും ചെയിതിട്ടുണ്ട്. അതേസമയം മലകൾ ഇടിച്ചു നിരത്തിയുള്ള നിർമ്മാണത്തെ തുടർന്ന് വയനാട്, പെട്ടിമുടി പോലുള്ള ദുരന്തം ഇനിയും ആവർത്തിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ.
അനധികൃത നിർമ്മണത്തിനും കൈയേറ്റത്തിനുമെതിരെ വില്ലേജ് ഓഫിസർ മുതൽ മന്ത്രി തലത്തിൽ വരെ കയറി ഇറങ്ങി പരാതി നൽകിട്ടും യാതൊരു നടപടിയും റവന്യു അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു.
അതീവ പരിസ്ഥിതി ലോല മേഖലയിൽ എങ്ങനെ പട്ടയം ലഭിച്ചു എന്നും പട്ടയത്തിന്‍റെ മറവിൽ റവന്യു ഭൂമി കൈയേറി, പാറ ഖനനം ചെയ്യുവാനും മരങ്ങൾ മുറിച്ചു കടത്തുവാനും അനധികൃത നിർമ്മണ പ്രവർത്തങ്ങൾ നടത്തുവാനും എങ്ങനെ അനുമതി ലഭിച്ചു എന്നതും ദുരൂഹതയാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user