തൃശൂർ : ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് ഇന്ന് വേറിട്ട ഒരു അനുഭവമായിരുന്നു. ഇന്ന് പുലർച്ചെ കയറിയ യാത്രക്കാരെ സ്വാഗതം ചെയ്‌തത് മാവേലിയായിരുന്നു. ഓണക്കാലത്ത് മാവേലി എത്തുന്നത് പുതുമയല്ലങ്കിലും ട്രെയിനിൽ ഒരു മാവേലിയെത്തി എന്നത് വളരെ കൗതുകം ഉണർത്തുന്ന കാര്യമായിരുന്നു. ട്രെയിനിലെ സ്ഥിരം യാത്രക്കാരുടെ ഓണാഘോഷത്തിന്‍റെ ഭാഗമായിരുന്നു മാവേലിയുടെ തീവണ്ടി വഴിയുള്ള ഈ വരവ്.
എല്ലാ ആഘോഷങ്ങളിലും ഒരൽപം വ്യത്യസ്‌തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് തൃശൂരുകാർ. അത്തരത്തിൽ തൃശൂരിലെ റെയിൽവേ പാസഞ്ചർ അസേസിയേഷനാണ് ഈ വ്യത്യസ്‌തത കൊണ്ടുവന്നത്. ട്രെയിനിലെ സ്ഥിരയാത്രക്കാരാണ് ഈ ഈ വേറിട്ട ഓണാഘോഷവും മാവേലിയുടെ വരവും ഒരുക്കിയത്.
ആർപ്പ് വിളിച്ചും പാട്ടുകൾ പാടിയും മാവേലിയും കൂട്ടരും ട്രെയിന്‍റെ ഒരോ ബോഗികളിലും കയറിയിറങ്ങിയപ്പോൾ യാത്രക്കാർ ഒന്നാകെ ഓണാഘോഷത്തിന്‍റെ ഭാഗമായി. രാവിലെ തന്നെയുണ്ടായ ബഹളം കേട്ടത് കൊണ്ട് പലർക്കും ആദ്യം അൽപം അലോസരം തോന്നി. എന്നാൽ മാവേലിയെ കണ്ടതോടെ ഈ ട്രെയിനിലാണ് ഇത്തവണത്തെ ഓണം എന്ന് പറയാവുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.
യാത്രക്കാർക്ക് മാവേലിയുടെ വക പാലട പായസവും കായ വറുത്തതും ശർക്കര ഉപ്പേരിയുമൊക്കെയെത്തി. ഇതോടെ യാത്രക്കാരുടെ മൂഡും വേറെ ലെവലായി. കഴിഞ്ഞ 50 ലേറെ വർഷങ്ങളായിഇങ്ങനെയൊരു ഓണാഘോഷം ഇതാദ്യമായാണ് എന്നായിരുന്നു ട്രെയിനിലെ ഒരു സ്ഥിരം യാത്രക്കാരന്‍റെ അഭിപ്രായം. ഇന്ന് പുലർച്ചെ 6.45ന് ഗുരുവായൂരിൽ തുടങ്ങിയ ഓണാഘോഷം രാവിലെ 9.30ന് എറണാകുളത്ത് എത്തിയതോടെയാണ് അവസാനിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക