Thursday, 31 July 2025

തിരുവനന്തപുരത്ത് 16കാരന് ജിം ട്രെയിനറുടെയും മകന്റെയും ക്രൂരമര്‍ദനം; കുട്ടിക്ക് ഗുരുതര പരിക്ക്

SHARE
 
തിരുവനന്തപുരം: പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച് ജിം ട്രെയിനറും മകനും. തിരുവനന്തപുരം ആറ്റിങ്ങലാണ് സംഭവം. നഗരൂര്‍ സ്വദേശിയായ പതിനാറുകാരനെയാണ് ജിം ട്രെയിനറും മകനും ആക്രമിച്ചത്. അധികഭാരം ഉപയോഗിച്ചുളള പരിശീലനം വേണ്ടെന്ന് കുട്ടി ജിമ്മിലുളള തന്റെ കൂട്ടുകാരനോട് പറഞ്ഞതില്‍ പ്രകോപിതനായ ജിം ട്രെയിനറുടെ മകനാണ് ആദ്യം കുട്ടിയെ മര്‍ദിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടി. ചവിട്ടി വീഴ്ത്തിയുളള ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്കേറ്റു. കാഴ്ച്ച മങ്ങി.


ജൂലൈ ഇരുപത്തിയൊന്നിനായിരുന്നു സംഭവം. പ്രായം കുറവായതിനാല്‍ ഭാരം കുറച്ച് എടുത്താല്‍ മതിയെന്ന് ആക്രമിക്കപ്പെട്ട കുട്ടിയോട് ജിം ട്രെയിനറുടെ മകന്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം ജിമ്മിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ അധികഭാരം ഉയര്‍ത്തുന്നതുകണ്ട വിദ്യാര്‍ത്ഥി ഇത്രയും ഭാരം എടുക്കേണ്ടതില്ലെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടല്ലോ എന്ന് കൂട്ടുകാരനോട് പറയുകയായിരുന്നു. ഇതുകേട്ട ട്രെയിനറുടെ മകന്‍ നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍ ഇറങ്ങിപ്പോ എന്ന് ആക്രോശിച്ച് ആക്രമിക്കുകയായിരുന്നു.


ഇനി മുതല്‍ ജിമ്മിലേക്ക് വരേണ്ടെന്നും ജിം ട്രെയിനറുടെ മകന്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ ട്രെയിനര്‍ തലയ്ക്കടിച്ച് വീഴ്ത്തി. കുട്ടിയുടെ കഴുത്തിന് പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അവശനായ കുട്ടി ഛര്‍ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ആറ്റിങ്ങല്‍ പൊലീസ് നിസാര വകുപ്പുകള്‍ മാത്രം ചുമത്തി ട്രെയിനറെ വിട്ടയച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user