Thursday, 17 July 2025

കൊച്ചി നഗരത്തിലെ തിരക്കിന് ഇത്രയേറെ സൗന്ദര്യമുണ്ടോ? ഡബിൾ ഡെക്കർ ബസിന്റെ ആദ്യ യാത്ര

SHARE



 
അറബിക്കടലിന്റെ റാണിക്കെന്താ ഭംഗി... റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത എത്രയധികം കാഴ്ചകൾ. നഗരത്തിന്റെ തിരക്കിൽ നിന്ന്  ഒന്നു കണ്ണുവെട്ടിക്കുമ്പോൾ ചുവപ്പു കുപ്പായം ഇട്ടു സൂര്യൻ കായലിലേക്കിറങ്ങുന്നു. മറൈൻ ഡ്രൈവിൽ സൂര്യാസ്തമയം കാണാനെത്തിയവരുടെയെല്ലാം തലയ്ക്കു മുകളിലൂടെ മനോഹരമായ ചക്രവാളം കാണാം. നഗരത്തിലെ തിരക്കിന് അത്രയേറെ സൗന്ദര്യമുണ്ടെന്നു തോന്നുന്ന യാത്ര. കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ആരംഭിക്കുന്ന ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ ആദ്യ യാത്രയാണു കൊച്ചിയുടെ വിരിമാറിലൂടെ കടന്നുപോയത്.


ആവേശകരമായ വരവേൽപ്പായിരുന്നു ആദ്യ യാത്രയ്ക്കു ലഭിച്ചത്. മുന്നോട്ടു നീങ്ങുന്ന വഴികളിലുടനീളം ഫോട്ടോയും വിഡിയോയും എടുക്കാൻ ആളുകൾ തടിച്ചുകൂടി. മുകളിലെ ഡെക്കിൽ നിന്നു കൈവീശിക്കാണിക്കാൻ യാത്രക്കാർക്കും ഉത്സാഹം. ഏതൊരു ഉല്ലാസ യാത്രയിലും കിട്ടാത്ത യാത്രാനുഭവം തന്നെയാണു ‘നഗരക്കാഴ്ചകൾ’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ സർവീസ്.

സ്കൂളുകളുടെയും കോളജുകളുടെയും മുന്നിലൂടെ പോകുമ്പോൾ കുട്ടികൾക്ക് ആവേശം. വണ്ടിയിലും ഉണ്ടായിരുന്നു സ്കൂൾ യൂണിഫോമിൽ ഒരു കൊച്ചു മിടുക്കി. എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഉത്തര എസ്.നമ്പ്യാർ. അമ്മ സംഗീതയ്ക്കൊപ്പമാണ് ഉത്തര എത്തിയത്. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ വിവിധ യാത്രാ പാക്കേജുകളിൽ യാത്ര ചെയ്തിട്ടുണ്ട് രണ്ടു പേരും. കാന്തല്ലൂർ യാത്രയും, മൂന്നാർ യാത്രയുമൊക്കെ ഒരിക്കലും മനസ്സിൽ നിന്നു മായില്ല. സ്വന്തം നാട്ടിൽ ഇത്തരം ഒരു യാത്രാനുഭവം ലഭിക്കുമ്പോൾ ആദ്യ യാത്രയിൽ തന്നെ സ്ഥാനം പിടിക്കാനുള്ള ആവേശമാണ് ഇരുവരെയും വണ്ടിയിൽ എത്തിച്ചത്. ഉത്തരയും ഫുൾ ഫോമിലായിരുന്നു. നഗരത്തിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ ആസ്വദിച്ച് അവൾ നിറഞ്ഞു ചിരിച്ചു. 

ബുക്കിങ്ങിന്

ഡബിൾ ഡെക്കർ യാത്ര onlineksrtcswift.com എന്ന സൈറ്റ് വഴിയോ നേരിട്ടു സ്റ്റാൻഡിലെത്തിയോ ബുക്ക് ചെയ്യാം. സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം ‘കൊച്ചി സിറ്റി റൈഡ്’ ഗോയിങ് ടു ‘കൊച്ചി’ എന്ന് എന്റർ ചെയ്താണു സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 9961042804, 9447223212 എന്ന നമ്പറുകൾ വഴി ഫോണിലൂടെയും സീറ്റുകൾ ഉറപ്പിക്കാം. മുകളിലെ സീറ്റിനു 300 രൂപയും താഴെയുള്ള സീറ്റിനു 150 രൂപയുമാണു നിരക്ക്. വൈകിട്ട് 5നാണു ട്രിപ്പ് തുടങ്ങുന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user