Tuesday, 16 December 2025

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ചിക്കന്‍ കഴിക്കുന്നവരാണോ? ഗ്യാസ്ട്രിക് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം

ഏറ്റവും കൂടുതല്‍ പേർ ആസ്വദിച്ചു കഴിക്കുന്ന വിഭവങ്ങളാണ് ചിക്കന്‍ കൊണ്ട് തയ്യാറാക്കുന്നത്. ചുവന്ന മാംസത്തേക്കാള്‍ ദഹിക്കാന്‍ എളുപ്പമുളളതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇറച്ചിയുംകൂടിയാണിത്. അതുകൊണ്ടുതന്നെ പലരും രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ കോഴിയിറച്ചി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കോഴിയിറച്ചിയുടെ കാര്യത്തില്‍ ഇനി ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പിയര്‍-റിവ്യൂഡ് പഠനത്തിലാണ്ദീര്‍ഘകാല ചിക്കന്‍ ഉപയോഗം ഗ്യാസ്ട്രിക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗ്യാസ്‌ട്രോഇന്റെസ്റ്റെനല്‍ കാന്‍സറുകള്‍ മൂലമുളള മരണങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയത്.

ദിവസവും ചിക്കന്‍ കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു

ദിവസേനെ കട്ടിയയുള്ളതും എണ്ണമയമുളളതും എരിവുളളതുമായ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ആമാശത്തിന് നേരിയ വീക്കം ഉണ്ടായേക്കാം. ഇത് പെട്ടെന്ന് കുഴപ്പങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആമാശയത്തിലെ സംരക്ഷണ കലകള്‍ ദുര്‍ബലപ്പെട്ടുതുടങ്ങും. കോഴിയിറച്ചി കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നാരുകളുടെ കുറവ് ഉണ്ടാകുന്നു.അതേസമയം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അവ ആരോഗ്യകരമായ ദഹനത്തെ സഹായിക്കുകയും ആമാശയ പാളിക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കുകയും ചെയ്യും.

കോഴിയിറച്ചിയുടെ അപകടകരമായ പാചക രീതികള്‍

കോഴിയിറച്ചി പ്രോട്ടീന്‍ സ്രോതസാണെങ്കിലും അത് പാചകം ചെയ്യുന്നരീതി വളരെ പ്രധാനപ്പെട്ടതാണ്. ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യുന്നത്, പ്രത്യേകിച്ച് വറുത്തതും പൊരിച്ചതും ആകുമ്പോള്‍ അവയില്‍ ഹൈറ്ററോസൈക്ലിക് അമിനുകള്‍ പോലുള്ള സംയുക്തങ്ങള്‍ ഉണ്ടാകുന്നു. ഇവ കോശങ്ങളെ നശിപ്പിക്കുന്നു. എന്നാല്‍ ചിക്കന്‍ വേവിച്ചോ വേവിച്ച പച്ചക്കറികള്‍ക്കൊപ്പം കഴിക്കുന്നതോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.

സംസ്‌കരിച്ച കോഴി ഇറച്ചിയും കാന്‍സറും

സംസ്‌കരിച്ച ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ അതായത് നഗറ്റുകള്‍, സോസേജുകള്‍, ഫ്രോസണ്‍ ചെയ്ത വറുത്ത ഇറച്ചി എന്നിവയില്‍ നൈട്രേറ്റുകള്‍, പ്രിസര്‍വേറ്റീവുകള്‍ ഇയൊക്കെ അടങ്ങിയിട്ടുണ്ട്. ഇവ ആമാശയ പാളിയെ പ്രകോപിപ്പിക്കുന്നു. ഏത് സംസ്‌കരിച്ച മാംസമായാലും അത് ഗ്യാസ്‌ട്രോഇന്റസ്‌റ്റെനല്‍ കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പഠനത്തില്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്.

ദിവസവും ചിക്കന്‍ കഴിക്കുന്നതും കാന്‍സര്‍ സാധ്യതയും

ദിവസവും ചിക്കന്‍ കഴിക്കുന്നത് നേരിട്ട് ഗ്യാസ്ട്രിക് കാന്‍സറിന് കാരണമാകുന്നില്ല. അനാരോഗ്യകരമായ പാചകരീതികള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതൊക്കെയാണ് അപകട സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.

അപകട സാധ്യത ഒഴിവാക്കി എങ്ങനെ കോഴിയിറച്ചി കഴിക്കാം

എല്ലാ ദിവസവും കോഴി ഇറച്ചിയെ ആശ്രയിക്കുന്നതിന് പകരം മറ്റ് പ്രോട്ടീന്‍ സ്രോതസുകള്‍ കൂടി കഴിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ബീന്‍സ്, പയർ വര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ചിക്കന്റെ ഉപയോഗം വല്ലപ്പോഴുമാക്കി കുറയ്ക്കണം. ചിക്കന്‍ എപ്പോഴും കുറഞ്ഞ താപനിലയില്‍ പാചകം ചെയ്യുക. ഭക്ഷണം കഴിക്കുമ്പോള്‍ പാത്രത്തിന്റെ പകുതി ഭാഗം പച്ചക്കറികള്‍കൊണ്ട് നിറയ്ക്കാന്‍ ശ്രദ്ധിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോവ നിശാ ക്ലബിലെ തീപിടിത്തം; ഇന്ത്യയിലെത്തിയ ലൂത്ര സഹോദരന്മാരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു

ഗോവ നിശാ ക്ലബിലെ തീപിടിത്തം; ഇന്ത്യയിലെത്തിയ ലൂത്ര സഹോദരന്മാരെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍. തായ്‌ലന്‍റിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. തീ പിടിത്തം ഉണ്ടായ ഉടന്‍ ഇവ‍ർ ഗോവയില്‍ നിന്നും തായ്‌ലന്‍റിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ഇന്‍റർ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചു.  ഇന്ത്യയില് നിന്നും തയ്‌ലന്‍റിലേക്ക് പോയ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ നാടു കടത്താനുള്ള നടപടികൾ പൂർത്തിയാക്കുകയായിരുന്നു. ഡിസംബര്‍ 6 ന് അര്‍ദ്ധ രാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. സംഭവത്തെകുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലോരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലൂത്ര, സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലന്‍റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളില്‍ ടിക്കറ്റെടുത്ത് തായ്‌ലന്‍റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി. തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്‍റർ പോളിനെ വിവരം അറിച്ച് ബ്ലൂ കോർണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നല്‍കുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭുമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡിഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

പിണറായിയിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി, അപകടം ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ

 കണ്ണൂർ: പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപോയി. സിപിഎം പ്രവർത്തകൻ വിപിൻ രാജിൻ്റെ കൈപ്പത്തിയാണ് ചിതറിപ്പോയത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓസ്ട്രേലിയയിലെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ഇന്ത്യൻ പൗരനെന്ന് ഫിലിപ്പീൻസ്

ഓസ്ട്രേലിയയിലെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ഇന്ത്യൻ പൗരനെന്ന് ഫിലിപ്പീൻസ്

ഓസ്ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ കൂട്ട വെടിവയ്പ്പിന് പിന്നിൽ പ്രവർത്തിച്ച രണ്ട് അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് ഫിലീപ്പീൻസ്. രണ്ട് അക്രമികളും നവംബർ 1ന് സിഡ്‌നിയിൽ നിന്ന് മനിലയിലേക്കും തുടർന്ന് ദാവോയിലേക്കും ഫിലിപ്പീൻസ് എയർലൈൻസിന്റെ PR212 വിമാനത്തിൽ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്‌തിരുന്നുവെന്ന് ഫിലിപ്പീൻസ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.

ഇന്ത്യൻ പൗരനും ഓസ്‌ട്രേലിയൻ താമസക്കാരനുമായ 50കാരനായ സാജിദ് അക്രം ഇന്ത്യൻ പാസ്‌പോർട്ടിലും, അദ്ദേഹത്തിൻ്റെ മകനും ഓസ്‌ട്രേലിയൻ പൗരനുമായ 24കാരനായ നവീദ് അക്രം ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിലുമാണ് ഒരേ വിമാനത്തിൽ എത്തിയത്. 15 പേർ കൊല്ലപ്പെട്ട ആക്രമണം നടക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ്, നവംബർ 28ന് ഇതേ PR212 വിമാനത്തിൽ ദാവോയിൽ നിന്ന് മനില വഴി അവർ സിഡ്‌നിയിലേക്ക് തിരികെ പോയെന്നും ബ്യൂറോയുടെ വക്താവ് പറയുന്നു.
ഞായറാഴ്ച നടന്ന ആക്രമണം ഓസ്‌ട്രേലിയയിൽ ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പാണ്. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനമായാണ് ഇത് കണക്കാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വലച്ച് പുകമഞ്ഞ്: യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ മരണം നാലായി, ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനാക്കി

 ദില്ലി: രണ്ടാം ദിവസവും ദില്ലിയിലെ ജനങ്ങളെ വലച്ച് കനത്ത പുക മഞ്ഞ്. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ ദില്ലിയിൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലി സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ദില്ലിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം. ബിഎസ് 6 വിഭാഗത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ദില്ലിയിൽ പ്രവേശിക്കാൻ അനുമതിയില്ല. വ്യാഴാഴ്ച മുതൽ ദില്ലിക്ക് പുറത്തുള്ള ബിഎസ് 6 വാഹനങ്ങൾക്ക് മാത്രമാകും ദില്ലിയിലേക്ക് പ്രവേശനമെന്ന് ദില്ലി പരിസ്ഥിതി മന്ത്രി അറിയിച്ചു.

കനത്ത പുകമഞ്ഞ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും ജനജീവിതം ദുസഹമാക്കി. ദില്ലി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കനത്ത പുകമഞ്ഞ് റോഡ് വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. യുപി മഥുരയിൽ യമുന എക്സ്പ്രസ്സ് വേയിൽ നിരവധി ബസുകളും കാറുകളും കൂട്ടിയിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീപിടിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കഴിഞ്ഞ ദിവസം ദില്ലി മുംബൈ എക്സ്പ്രസ് വേയിൽ സമാന രീതിയിൽ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ താറുമാറായി. ദില്ലി വിമാനത്താവളത്തിൽ മാത്രം നൂറോളം വിമാന സർവീസുകളെ പുകമഞ്ഞ് ബാധിച്ചു. കഴിഞ്ഞദിവസം 200ലധികം വിമാനം സർവീസുകളാണ് ദില്ലി വിമാനത്താവളത്തിൽ മാത്രം റദ്ദാക്കിയത്. താപനിലയിൽ ഉണ്ടായ കുറവും വായു മലിനീകരണം രൂക്ഷമായി തുടരുന്നതുമാണ് പുകമഞ്ഞിന് കാരണമാക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ദില്ലിയിൽ വായു മലിനീകരണം കുറഞ്ഞങ്കിലും വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 376 ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ശരാശരി എക്യുഐ.

വായുമലിനീകരണം രൂക്ഷമായതോടെ ദില്ലിയിലെ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. നേരത്തെ 9 വരെയുള്ള ക്ലാസുകൾ ഹൈബ്രിഡ് മോഡിലേക്ക് മാറ്റിയിരുന്നു. വായു മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയാണുള്ളത്. പാർലമെന്റിൽ ഇന്നും വായു മലിനീകരണം ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാനില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി കുത്തിതുറന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു

ഒമാനില്‍ വന്‍ കവര്‍ച്ച; ജ്വല്ലറി കുത്തിതുറന്ന് 23 കോടിയിലധികം വില വരുന്ന സ്വര്‍ണം കവര്‍ന്നു

ഒമാനില്‍ ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യൂറോപ്യന്‍ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികള്‍ ഒമാനിലേക്കെത്തിയത്. മസ്‌കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വല്ലറി ഷോപ്പുകള്‍ക്ക് സമീപത്തെ ഒരു ഹോട്ടലില്‍ താമസിക്കുകയും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്നും മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷനുമായി ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുലര്‍ച്ചെ നാല് മണിയോടെ, മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിന്‍ഭാഗത്തെ മതില്‍ തകര്‍ത്ത് അകത്തു കടന്നാണ് ആഭരണങ്ങള്‍ മോഷ്ടിച്ചത്. വലിയ അളവില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കര്‍ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവില്‍, അധികാരികള്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടല്‍ത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.

വിനോദയാത്രയുടെ മറവില്‍ പ്രതികള്‍ വാടകയ്‌ക്കെടുത്ത ബോട്ടില്‍ കടത്തിയാണ് ഇവ സിഫ് ബീച്ചില്‍ എത്തിച്ചത്. പ്രതികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാത്മ ​ഗാന്ധിയുടെ പേര് വെട്ടി; ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

മഹാത്മ ​ഗാന്ധിയുടെ പേര് വെട്ടി; ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബിൽ അവതരണത്തെ എതിർത്തു. മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാൻ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സർക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎയെ കാലത്തേക്കാൾ ഫണ്ട് വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീൻ ധരയാൽ ഉപാധ്യായയുടെയും ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. നൂറു ദിവസത്തിന് പകരം 125 ദിവസത്തെ തൊഴിലുറപ്പ് പുതിയ ബില്ല് നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സ്വാതന്ത്ര്യസമരം നയിച്ച രാഷ്ട്രപിതാവിന്റെ പേര് മാറ്റിയ മന്ത്രി എന്ന നിലയിൽ ആകും നിങ്ങളുടെ പേര് അറിയപ്പെടുകയെന്ന് കെസി വേണു​ഗോപാൽ വിമർശിച്ചു. ബില്ല് സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് എൻസിപി അംഗം സുപ്രിയ സുലെ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതിയല്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. ഗ്രാമസ്വരാജായിരുന്നു മഹാത്മാഗാന്ധിയുടെ രാമരാജ്യ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 40 ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങൾക്ക് മേൽ കെട്ടിവക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് അദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ ഉറപ്പു നൽകുന്ന നിർണായക പദ്ധതിയാണ് ഇല്ലാതാക്കുന്നത്. തൊഴിൽ അവകാശം ആയിരുന്നത് പുതിയ ബില്ലിലൂടെ അല്ലാതാകുമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് വിരുദ്ധമാണ് പുതിയ നിയമം. ബില്ല് ഭരണഘടന വിരുദ്ധമാണ്. എല്ലാ പദ്ധതികളുടെയും പേരുമാറ്റുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സർവ്വകാല റെക്കോർഡുമായി KSRTC

ഒറ്റദിവസത്തെ കളക്ഷൻ 10.77 കോടി രൂപ, സർവ്വകാല റെക്കോർഡുമായി KSRTC

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡുമായി കെഎസ്ആർടിസി. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയാണ്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണിത് (ഓപ്പറേറ്റിംഗ് റവന്യു). കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.

ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയുമാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ മുന്നേറ്റത്തിൽ അധികൃതരെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്‌ക്കരണ നടപടികളും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടുങ്കാറ്റിൽ മൂക്കും കുത്തി വീണ് 114 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി;

കൊടുങ്കാറ്റിൽ മൂക്കും കുത്തി വീണ് 114 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി;

 ബ്രസീലിയന്‍ നഗരമായ ഗ്വായ്‌ബയിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏകദേശം 40 മീറ്റർ ഉയരമുള്ള ഒരു പതിപ്പ് തകർന്നുവീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാദേശിക അധികാരികളും പ്രതിമയുടെ ഉടമസ്ഥതയുള്ള കമ്പനിയും അറിയിച്ചു. തെക്കൻ ബ്രസീലിലുടനീളം വീശിയടിച്ച കൊടുങ്കാറ്റിലാണ് സ്റ്റാച്യു ഓഫ് ലിബർട്ടി നിലംപൊത്തിയത്. നഗരത്തിലെ ഒരു റീട്ടെയിൽ മെഗാസ്റ്റോറിന്‍റെ കാർ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് കൊടുങ്കാറ്റിൽ വീണത്.

‍സ്റ്റാച്യു ഓഫ് ലിബർട്ടി

ബ്രസീലിലുടനീളമുള്ള ഹവാൻ സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സമാനമായ നിരവധി പ്രതിമകളിൽ ഒന്നായിരുന്നു ഇത്. ഏകദേശം 24 മീറ്റർ (78 അടി) നീളമുള്ള പ്രതിമയാണ് തകർന്നതെന്നും 11 മീറ്റർ (36 അടി) ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിന് ഒന്നും സംഭവിച്ചില്ലെന്നും കമ്പനി അറിയിച്ചു. 2020 ൽ സ്റ്റോർ തുറന്ന കാലത്താണ് പ്രതിമയും സ്ഥാപിക്കപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സംഘത്തെ അയച്ചതായും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.

മണിക്കൂറിൽ 90 കിലോമീറ്റർ വേഗത

ഉച്ചകഴിഞ്ഞ് 3 മണിയോടെ കൊടുങ്കാറ്റ് അതിശക്തമായിരുന്ന സമയത്താണ് അപകടമുണ്ടായത്. പ്രദേശത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാണ് ഈ സമയത്ത് കാറ്റ് വീശിയുരുന്നതെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൾ പറയുന്നു. ശക്തമായ കാറ്റിന് പുറമേ പ്രതിമയ്ക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടോയെന്ന് പരിശോധിക്കുമെന്ന കമ്പനി അറിയിച്ചു. ഗുവൈബയിലെ കൊടുങ്കാറ്റ് റിയോ ഗ്രാൻഡെ ഡോ സുളിന്‍റെ പല ഭാഗങ്ങളിലും ശക്തമായ നാശനഷ്ടമാണ് വിതച്ചത്. ചില പ്രദേശങ്ങളിൽ ആലിപ്പഴം വീണ് മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകർന്നു. ചില പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗത തടസം നേരിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് ഒമാൻ

വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് ഒമാൻ

ഒമാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷത്തെ ആദ്യ 10 മാസത്തിനടയില്‍ 3.4 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്ത് എത്തിയത്. ശൈത്യകാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രമാണ് വിനോദ സഞ്ചാരികളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഒമാനില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 9,33,415 എമിറാത്തികളാണ് ഈ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചത്. 5,34,612 ഇന്ത്യക്കാരും 105,342 യെമനികളും ഇക്കാലയളവില്‍ ഒമാനിലെ വിനോദ സഞ്ചാര മേഖലയിലെത്തി. 104,895 സൗദി പൗരന്‍മാരും 83,122 ജര്‍മന്‍ സ്വദേശികളും ഈ വര്‍ഷം സുല്‍ത്താനേറ്റ് സന്ദര്‍ശിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അറബ് പൗരന്മാര്‍ക്ക് പുറമെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലുള്ള സഞ്ചാരികളാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ 53.6 ശതമാനം സഞ്ചാരികളാണ് താമസിച്ചത്. 1,895,159 അതിഥികള്‍ 2,892,481 രാത്രികള്‍ രാജ്യത്ത് ചെലവഴിച്ചു. സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് രാജ്യത്തെ ടൂറിസം മേഖലയിലും വലിയ വലിയ പുരോഗതിക്ക് കാരണമായി.

ഒമാനിലെ ഹോട്ടലുകളില്‍ 11,022ല്‍ അധികം ആളുകളാണ് ഇക്കാലയളവില്‍ ജോലി ചെയ്തത്. അതില്‍ 3,683 ഒമാനികളും ഉള്‍പ്പെടുന്നു. മസ്‌കത്തിലെ ഹോട്ടലുകളില്‍ 70.2 ശതമാനവും ദോഫാറില്‍ 40.2 ശതമാനവും വടക്കന്‍ ശര്‍ഖിയയില്‍ 82.8 ശതമാനവും വടക്കന്‍ ബാത്തിനയില്‍ 73.2 ശതമാനവുമായിരുന്നു താമസക്കാരുടെ എണ്ണം. കഴിഞ്ഞ 10 മാസത്തിനിടെ ഒമാനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായതായും ദേശീയ സ്ഥിതി വിവര കേന്ദ്രമത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 2025 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 25 കാര്യങ്ങൾ ഇവയാണ്!

2025 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 25 കാര്യങ്ങൾ ഇവയാണ്!

നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഇന്ന് ഇന്ത്യക്കാരെ പിടിപെടുന്നത്. ഡിജിറ്റൽ യു​ഗത്തിൽ ജീവിക്കുന്ന നാം രോ​ഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ അറിയാൻ ​ഗൂ​ഗിളിനെയാണ് ആദ്യം ആശ്രയിക്കുന്നത്. ഇന്ത്യക്കാർ 2025ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 25 ആരോഗ്യ ചോദ്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.‌

1. സാധാരണ പഞ്ചസാരയുടെ അളവ് എന്താണ്?

നോർമൽ ബ്ലഡ് ഷു​ഗർ അളവ് എത്രയാണെന്നതാണ് ആദ്യം തിരഞ്ഞ ചോദ്യം. നിങ്ങൾക്ക് പ്രീ ഡയബറ്റിക് അല്ലെങ്കിൽ പ്രമേഹമുണ്ടോ എന്നറിയാൻ‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 70-100mg/dL ആയിരിക്കണം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞാൽ അളവ് 140 mg/dL ൽ താഴെയായിരിക്കണം.

2. എന്താണ് ഉയർന്ന രക്തസമ്മർദ്ദം ?

ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർടെൻഷൻ എന്നും അറിയപ്പെടുന്നു. ധമനികളുടെ ഭിത്തികളിൽ രക്തത്തിന്റെ ശക്തി സ്ഥിരമായി വളരെ കൂടുതലായിരിക്കുന്ന ഒരു അവസ്ഥയാണ്. 130/80 mmHg അല്ലെങ്കിൽ അതിൽ കൂടുതലുള്ള എന്തും ഉയർന്ന രക്തസമ്മർദ്ദമായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ അത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

3. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങൾ ഏതൊക്കെയാണ്?

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മരുന്നുകളോടൊപ്പം ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് എന്തെങ്കിലും മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. സോഡിയം കുറവുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക, പതിവായി ഏതെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, മദ്യപാനം പരിമിതപ്പെടുത്തുക.

4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?

കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതലുള്ള ഒരു ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. അതേസമയം പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും പരിമിതപ്പെടുത്തുക. അതോടൊപ്പം, ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കുക., ഇത് എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും.

5. പ്രമേഹം എങ്ങനെ തടയാം?

പ്രമേഹം എങ്ങനെ തടയാം എന്നതാണ് പലരും തിരഞ്ഞ മറ്റൊരു ചോദ്യം. ആരോഗ്യകരമായ ഭാരം നിലനിർത്തുക, ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുക, പച്ചക്കറികളും മുഴുവൻ ഭക്ഷണങ്ങളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, വെള്ളം കുടിക്കുക, പുകവലി നിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക, നല്ല ഉറക്കം ശീലമാക്കുക.

6. കരളിന് അനുയോജ്യമായ ഭക്ഷണക്രമം ഏതാണ്?

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭക്ഷണക്രമമാണ് കരളിനെ സംരക്ഷിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ഉപ്പ്, മദ്യം, പൂരിത കൊഴുപ്പുകൾ എന്നിവ പരിമിതപ്പെടുത്തേണ്ടതും പ്രധാനമാണ്. ഇവ ഒഴിവാക്കുമ്പോൾ, അത് കരളിനെ വിഷവിമുക്തമാക്കാനും വീക്കം കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

7. A1c ലെവലുകൾ എങ്ങനെ പരിശോധിക്കാം?

കഴിഞ്ഞ രണ്ടോ മൂന്നോ മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് A1c പരിശോധനയിലൂടെ പരിശോധിക്കുന്നു. നിങ്ങൾക്ക് പ്രമേഹമോ പ്രമേഹമോ ഉണ്ടോ എന്ന് നിർണ്ണയിക്കാനും നിരീക്ഷിക്കാനും ഈ പരിശോധന ആവശ്യമാണ്. വീട്ടിൽ തന്നെ A1c അളവ് പരിശോധിക്കാൻ കഴിയുന്ന കിറ്റുകൾ ഉണ്ടെങ്കിലും ഒരു സർട്ടിഫൈഡ് ലബോറട്ടറിയിൽ നിന്ന് A1c അളവ് പരിശോധിക്കുക.

8. വയറു വേദനിക്കുന്നത് എന്തുകൊണ്ട്?

വയറുവേദന പല കാരണങ്ങളാൽ ഉണ്ടാകാം. ഗ്യാസ്, ദഹനക്കേട്, മലബന്ധം അല്ലെങ്കിൽ ഭക്ഷണ അലർജികൾ പോലുള്ള ദഹന പ്രശ്നങ്ങൾ, ഭക്ഷ്യവിഷബാധ അല്ലെങ്കിൽ വയറ്റിലെ പനി പോലുള്ള അണുബാധകൾ എന്നിവ കാരണം ഇത് സംഭവിക്കാം. അപ്പെൻഡിസൈറ്റിസ്, പിത്താശയക്കല്ലുകൾ അല്ലെങ്കിൽ മറ്റ് അവയവ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള സാധാരണമല്ലാത്തതും എന്നാൽ കൂടുതൽ ഗുരുതരവുമായ അവസ്ഥകളുടെ ഫലമായും വയറുവേദന ഉണ്ടാകാം.

9. വയറിളക്കത്തിന് കാരണമാകുന്നത് എന്താണ്?

മലിനമായ ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ, വൈറസ് മൂലമുണ്ടാകുന്ന അണുബാധകളുടെ ഫലമായാണ് സാധാരണയായി വയറിളക്കം ഉണ്ടാകുന്നത്. ചില മരുന്നുകൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ ക്രോൺസ് രോഗം പോലുള്ള ദഹന പ്രശ്നങ്ങൾ എന്നിവയാണ് വയറിളക്കത്തിന്റെ മറ്റ് കാരണങ്ങൾ. അമിതമായ കഫീൻ, മദ്യം അല്ലെങ്കിൽ കൃത്രിമ മധുരപലഹാരങ്ങൾ പോലുള്ള മറ്റ് ഘടകങ്ങളും വയറിളക്കത്തിന് കാരണമാകും.

10. താരൻ എങ്ങനെ ഒഴിവാക്കാം?

താരൻ നീക്കം ചെയ്യാൻ സഹായിക്കുന്ന നിരവധി പൊടിക്കെെകളുണ്ട്. പൈറിത്തിയോൺ സിങ്ക്, സാലിസിലിക് ആസിഡ്, കെറ്റോകോണസോൾ തുടങ്ങിയ ചേരുവകൾ അടങ്ങിയ ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ ഇതിൽ ഉൾപ്പെടുന്നു. ഫംഗസ് നിയന്ത്രിക്കാനും സഹായിക്കുന്ന ടീ ട്രീ ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത പരിഹാരങ്ങളും ഉപയോഗിക്കാം.

11. എപ്പോഴും ക്ഷീണം തോന്നുന്നത് എന്ത് കൊണ്ടാണ്?

നിങ്ങൾക്ക് ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. മോശം ഉറക്കവും സമ്മർദ്ദവുമാണ് പ്രധാന കാരണങ്ങൾ. മോശം ഭക്ഷണക്രമവും വ്യായാമക്കുറവും മറ്റ് ഘടകങ്ങളാണ്. കൂടാതെ, വിളർച്ച, തൈറോയ്ഡ് തകരാറുകൾ, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും ക്ഷീണത്തിന് ഇടയാക്കും.‌

12. വയറു വീർക്കുന്നത് എങ്ങനെ തടയാം?

വയറു വീർക്കൽ കുറയ്ക്കാൻ ചെറുചൂടുള്ള വെള്ളം കുടിക്കാവുന്നതാണ്. പെപ്പർമിന്റ് അല്ലെങ്കിൽ ഇഞ്ചി പോലുള്ള ഹെർബൽ ടീ കുടിക്കുന്നതും നല്ലതാണ്. കൂടാതെ, സാവധാനം ഭക്ഷണം കഴിക്കുക, ച്യൂയിംഗ് ഗം ഒഴിവാക്കുക, കാർബണേറ്റഡ് പാനീയങ്ങൾ പരിമിതപ്പെടുത്തുക, ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയിലൂടെയും ഇവ പരിഹരിക്കാം.

13. കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

സ്ഥിരമായ ക്ഷീണം, ശരീരഭാരം കുറയൽ, മുഴകൾ അല്ലെങ്കിൽ വീക്കം, ചർമ്മത്തിലെ മാറ്റങ്ങൾ, മലവിസർജ്ജന/മൂത്രാശയ ശീലങ്ങളിലെ മാറ്റങ്ങൾ, സ്ഥിരമായ വേദന, അസാധാരണമായ രക്തസ്രാവം , തുടർച്ചയായ ചുമ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ ചില സാധാരണ ലക്ഷണങ്ങളാണ്.

14. വൃക്കയിലെ കല്ലുകൾക്ക് കാരണമാകുന്നത് എന്താണ്?

മൂത്രത്തിൽ ധാതുക്കൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. ഇത് കഠിനമായ പരലുകൾ സൃഷ്ടിക്കുന്നു. നിർജ്ജലീകരണം, സോഡിയം/പഞ്ചസാര/മൃഗ പ്രോട്ടീൻ/ഓക്സലേറ്റ് എന്നിവ കൂടുതലുള്ള ഭക്ഷണക്രമം, ചില മെഡിക്കൽ അവസ്ഥകൾ (പ്രമേഹം, സന്ധിവാതം, യുടിഐകൾ, പൊണ്ണത്തടി, ഐബിഡി), പൊണ്ണത്തടി, ചില മരുന്നുകൾ എന്നിവ മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.

15. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹൃദയാഘാതത്തിന്റെ ചില സാധാരണ ലക്ഷണങ്ങളിൽ നെഞ്ചുവേദന, സമ്മർദ്ദം, തണുത്ത വിയർപ്പ് അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടാം. വേദനയോ അസ്വസ്ഥതയോ തോളിലേക്കോ, കൈയിലേക്കോ, പുറം, കഴുത്തിലേക്കോ, താടിയെല്ലിലേക്കോ, പല്ലുകളിലേക്കോ അല്ലെങ്കിൽ ചിലപ്പോൾ മുകൾ വയറ്റിലേക്കോ വ്യാപിക്കുമ്പോൾ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായിരിക്കും. സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ അസാധാരണമായതോ വിശദീകരിക്കാനാകാത്തതോ ആയ ക്ഷീണം, പുറം, കഴുത്ത് അല്ലെങ്കിൽ താടിയെല്ല് വേദന, ഓക്കാനം അല്ലെങ്കിൽ വയറുവേദന, തലകറക്കം എന്നിവ ഉൾപ്പെടുന്നു.

16. ശരീരഭാരം കുറയ്ക്കാൻ ചൂടുനാരങ്ങാ വെള്ളം നല്ലതാണോ?

ശരീരഭാരം കുറയ്ക്കാൻ ചൂടുനാരങ്ങാ വെള്ളം സഹായിക്കുമോ എന്നതാണ് മറ്റ് ചോദ്യം. ജലാംശം മെച്ചപ്പെടുത്തുന്നതിലൂടെയും ഉയർന്ന കലോറിയുള്ള പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ‌

17. അരി, ഗോതമ്പ് എന്നിവയെക്കാൾ തിന ആരോഗ്യകരമാണോ?

ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീൻ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ മില്ലറ്റുകൾ സാധാരണയായി വെളുത്ത അരി, ഗോതമ്പ് എന്നിവയേക്കാൾ മികച്ച ഓപ്ഷനുകളാണ്. മില്ലുകൾക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്, ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് നല്ലതാണ്.

18. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വൃക്കകൾക്ക് സുരക്ഷിതമാണോ?

ആരോഗ്യമുള്ള വൃക്കകളുള്ള ആളുകൾക്ക് ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം സാധാരണയായി സുരക്ഷിതമാണ്. എന്നിരുന്നാലും, നിലവിലുള്ള വൃക്കരോഗമുള്ളവർക്ക്, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ദോഷകരമാണ്. കാരണം ഇത് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള വൃക്കകളുടെ കഴിവിൽ അധിക സമ്മർദ്ദം ചെലുത്തുന്നു.

19. അശ്വഗന്ധയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും, ശാരീരിക പ്രകടനം മെച്ചപ്പെടുത്താനും അശ്വഗന്ധ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇതിന് കഴിയും.

20. ഒരു ദിവസം എത്ര കലോറി കഴിക്കണം?

കലോറി ഉപഭോഗം പ്രായം, ലിംഗഭേദം, ഭാരം, ഉയരം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, സ്ത്രീകൾക്ക് 1,600-2,400 കലോറിയും പുരുഷന്മാർക്ക് ഏകദേശം 2,000-3,000 കലോറിയും ആവശ്യമാണ്. ഉദാസീനരായ സ്ത്രീകൾക്ക് 1,600-1,800 കലോറിയും, മിതമായ സജീവ സ്ത്രീകൾക്ക് 1,800-2,200 കലോറിയും, സജീവ സ്ത്രീകൾക്ക് ഏകദേശം 2,000-2,400+ കലോറിയും ആവശ്യമാണ്.

21. പഞ്ചസാര രഹിത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ?

കൃത്രിമ മധുരപലഹാരങ്ങളുടെ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളെ എടുത്തുകാണിച്ചിട്ടുണ്ട്. ഇവ മിതമായും വ്യക്തിഗത സംവേദനക്ഷമതയിലും കഴിക്കേണ്ടത് പ്രധാനമാണ്.

22. സമ്മർദ്ദവും ഉത്കണ്ഠയും എങ്ങനെ കുറയ്ക്കാം?

സമ്മർദ്ദവും ഉത്കണ്ഠയും കൈകാര്യം ചെയ്യാൻ വ്യത്യസ്ത മാർഗങ്ങളുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും വിശ്രമ രീതികളും സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കും. വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, നല്ല ഉറക്കം എന്നിവ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കും.

23. സ്വാഭാവികമായി ഉറക്കത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം?

സ്ഥിരമായ ഉറക്ക സമയം ഉറക്കത്തിന്റെ ഗുണനിലവാരം സ്വാഭാവികമായി മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ, സ്‌ക്രീനുകളിൽ നിന്നും വിട്ടുനിൽക്കുക, പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുക. കിടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കഫീൻ, വലിയ അളവിൽ ഭക്ഷണം, മദ്യം, നിക്കോട്ടിൻ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക.

24. ഡിജിറ്റൽ തെറാപ്പിയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?

ലഭ്യത, സൗകര്യം, താങ്ങാനാവുന്ന വില എന്നിവയിൽ നിന്ന് ഡിജിറ്റൽ തെറാപ്പിക്ക് നിരവധി ഗുണങ്ങളുണ്ട്. വിദൂര, വഴക്കമുള്ള സെഷനുകളിലൂടെയും കുറഞ്ഞ ചെലവുകളിലൂടെയും ഇത് പരിചരണം നൽകുന്നു. ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത രോഗങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകൾക്ക് മികച്ച ഫലങ്ങൾ നൽകാനും ഇത് ഇടയാക്കും.

25. ഡെങ്കിപ്പനിയുടെയും മലേറിയയുടെയും ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പനി, തലവേദന, ശരീരവേദന എന്നിവയാണ് ഡെങ്കിയുടെയും മലേറിയയുടെയും ലക്ഷണങ്ങൾ. എന്നാൽ ഡെങ്കിപ്പനിയുടെ പ്രധാന വ്യത്യാസം കണ്ണുകൾക്ക് പിന്നിലെ വേദന, ഒരു തടിപ്പ്, തുടർച്ചയായ ഉയർന്ന പനി എന്നിവയാണ്. മറുവശത്ത്, മലേറിയയ്ക്ക് പനി, വിറയൽ, വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോ​ഗ്യതകൾ നേടുന്നതിൽ സുപ്രധാന മാറ്റം

പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ യോ​ഗ്യതകൾ നേടുന്നതിൽ സുപ്രധാന മാറ്റം

 യുഎഇയില്‍ ജോലി തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും സുപ്രധാന മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. മിഡ് ഓഷ്യന്‍ സര്‍വകലാശാല നല്‍കുന്ന അക്കാദമിക് യോഗ്യതകള്‍ക്ക് ഇനി രാജ്യത്ത് അംഗീകാരമുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം ഈ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

യുഎഇ നിശ്ചയിച്ചിട്ടുള്ള ദേശീയ നിലവാരങ്ങളും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതില്‍ മിഡ് ഏഷ്യന്‍ സര്‍വകലാശാല ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫുജൈറ ഫ്രീ സോണില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം, രാജ്യത്തിന്റെ അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിക്കാതെയാണ് വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അക്കാദമിക് സമഗ്രത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം പിന്‍വലിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.

ഈ സ്ഥാപനം നല്‍കുന്ന യോഗ്യതകള്‍ ഇനി യുഎഇയിലെ തൊഴില്‍ ആവശ്യങ്ങള്‍ക്കോ പ്രൊഫഷണല്‍ ലൈസന്‍സ് നേടുന്നതിനോ സ്വീകരിക്കുന്നതല്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് യുഎഇയില്‍ പുതിയ ജോലി നേടാനോ നിലവിലുള്ള ജോലിയില്‍ പ്രൊഫഷണല്‍ ലൈസന്‍സ് നേടാനോ ഇനി സാധിക്കില്ലെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവരും നിലവില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലി വിട്ടതിൽ പക; തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ജോലി വിട്ടതിൽ പക; തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചെന്നൈ: ജോലി വിട്ടതിന്റെ ദേഷ്യത്തിൽ തമിഴ്‌നാട്ടിൽ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതി ജോലിക്ക് നിന്നിരുന്ന ഇഷ്ടികക്കളത്തിന്റെ ഉടമയും കൂട്ടാളികളും ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂവർക്കുമെതിരെ കേസെടുത്തു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അസം സ്വദേശിനിയെയും ഭർത്താവിനെയും പ്രതി തന്റെ ഇഷ്ടികക്കളത്തിൽ ജോലിക്കായി എത്തിച്ചതായിരുന്നു. പിന്നീട് ഇരുവരും ജോലി വിടാൻ തീരുമാനിക്കുകയും അവിടെ നിന്ന് പോകാൻ തീരുമാനിക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതി രണ്ട് പേരെക്കൂടി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ പണം നൽകിയതിനെച്ചൊല്ലി ഇരുഭാഗവും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ശേഷം മൂവരും ചേർന്ന് അസം സ്വദേശിനിയെയും ഭർത്താവിനെയും വിജനമായ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.