Wednesday, 1 July 2026

വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ 183.50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2,930 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഇതിന് 3,100 രൂപയ്ക്കു മുകളിലായിരുന്നു വില. അതേസമയം, ഗാർഹിക എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ഇതിനിടെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില 10 രൂപ വരെ വർധിപ്പിച്ച ശേഷമാണ് പുതിയ ഇളവ്.

രാജ്യത്തെ 7,000-ത്തിലധികം നയാര പെട്രോൾ പമ്പുകളിൽ പുതുക്കിയ നിരക്ക് നിലവിൽ വന്നു. ഡൽഹിയിൽ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമായി. രണ്ട് വർഷത്തിനുശേഷം ഇന്ത്യയിൽ ഒരു ഇന്ധന വിതരണ കമ്പനി പ്രഖ്യാപിക്കുന്ന ആദ്യ വിലക്കുറവാണിത്.

പശ്ചിമേഷ്യയിലെ സംഘർഷം ശമിച്ചതും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞതുമാണ് വിലക്കുറവിന് കാരണമെന്ന് കമ്പനി അറിയിച്ചു. സംസ്ഥാനങ്ങളിലെ വാറ്റ് ഉൾപ്പെടെയുള്ള നികുതികൾ അനുസരിച്ച് വിവിധ പ്രദേശങ്ങളിലെ പമ്പുകളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും. അതേസമയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എക്‌സ്പ്രസ് വേയിൽ തീപ്പിടിത്തം; 7 മരണം

എക്‌സ്പ്രസ് വേയിൽ തീപ്പിടിത്തം; 7 മരണം

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെയിലർ വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ചൊവ്വാഴ്ച അർധരാത്രി രണ്ടരയോടെയായിരുന്നു ദുരന്തം.

ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുകയായിരുന്ന ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്ന യാത്രക്കാർ താഴേക്ക് വീണതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും, പൊള്ളലേറ്റ് അഞ്ച് പേർ കൂടി മരണപ്പെടുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഡ്രൈവർ ഉറങ്ങിപ്പോയതോ അമിതവേഗതയോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫയർ ബ്രിഗേഡ് വൈകിയെത്തിയതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് ദൃക്‌സാക്ഷികളും പ്രദേശവാസികളും ആരോപിച്ചു.

ബസിനുള്ളിലുണ്ടായിരുന്നവരെ തീപ്പിടിത്തം ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. ബസിന്റെ സ്റ്റോറേജ് ഭാഗത്തുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റുകൾ തീ വേഗത്തിൽ പടരാൻ ഇടയാക്കിയിരിക്കാമെന്നും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടൂറിസ്റ്റ് ബസ് മറിഞ്ഞു; 27 പേർക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് മറിഞ്ഞു; 27 പേർക്ക് പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ 130 ജങ്ഷനിലായിരുന്നു അപകടം.

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസിന് പിന്നിൽ പച്ചക്കറിയുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരിൽ നാല് പേർക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്.

വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്‌ക്യൂ സംഘം ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.എ. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അപകടത്തെ തുടർന്ന് എം.സി. റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റുകയും റോഡ് വൃത്തിയാക്കിയശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പി.എസ്.സി പിഴവ്; അട്ടിമറി സംശയം ശക്തം

പി.എസ്.സി പിഴവ്; അട്ടിമറി സംശയം ശക്തം

തിരുവനന്തപുരം: പി.എസ്.സി മൂല്യനിർണയത്തിലെ ഗുരുതര പിഴവിൽ അട്ടിമറി സംശയം ഉയർത്തി മന്ത്രി ഒ. ജെ. ജെനീഷ്. സംഭവത്തിൽ ആസൂത്രിത ശ്രമമുണ്ടായെന്ന് പൊതുജനം സംശയിച്ചാൽ തെറ്റ് പറയാനാകില്ലെന്നും, കഴിഞ്ഞ പത്ത് വർഷമായി പി.എസ്.സിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തെന്ന സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു. പിഴവുണ്ടായ റാങ്ക് പട്ടിക റദ്ദാക്കി, ഡി.ജി.പി അല്ലെങ്കിൽ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

2023 ജൂലൈയിൽ സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉയർന്ന ശമ്പള തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്. 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും ഒന്നാം റാങ്കുകാരന് നിയമനം നൽകുകയും ചെയ്തു. മാർക്കിൽ സംശയം തോന്നിയ ഉദ്യോഗാർഥികൾ ഉത്തരക്കടലാസ് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി നൽകാതിരുന്നതിനെ തുടർന്ന് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.

തുടർന്ന് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചതോടെയാണ് 10 ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന ഗുരുതര പിഴവ് പുറത്തായത്. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെയും 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ ഫലം പ്രസിദ്ധീകരിച്ചതായി പി.എസ്.സി പിന്നീട് സമ്മതിച്ചു.

സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പി.എസ്.സി, വിട്ടുപോയ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ റാങ്ക് പട്ടിക തയ്യാറാക്കുമെന്ന് അറിയിച്ചു. അതേസമയം, നിയമനവും അഡ്വൈസ് മെമ്മോയും ലഭിച്ച രണ്ട് ഉദ്യോഗാർഥികളുടെ കാര്യത്തിൽ തുടർനടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്നും പി.എസ്.സി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 June 2026

ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. 6-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

ഫെഡറൽ ട്രേഡ് കമ്മീഷനിൽ (FTC) മുൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ച ഡെമോക്രാറ്റിക് കമ്മീഷണറായ റെബേക്ക സ്ലോട്ടറെ 2025-ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി പറഞ്ഞത്. നയപരമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ കമ്മീഷണറെ നീക്കിയ ട്രംപിന്റെ നടപടി ഭരണഘടനാപരമാണെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി.

നിലവിലെ ഫെഡറൽ നിയമപ്രകാരം കാര്യക്ഷമതയില്ലായ്മ, ഔദ്യോഗിക ചുമതലകളിലെ വീഴ്ച, മോശം പെരുമാറ്റം തുടങ്ങിയ പ്രത്യേക കാരണങ്ങളാൽ മാത്രമേ ഇത്തരം കമ്മീഷണർമാരെ പുറത്താക്കാൻ കഴിയൂ. എന്നാൽ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരത്തിന്റെ പരിധി കൂടുതൽ വ്യാപിപ്പിക്കുന്ന തരത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി. ഇതോടെ 1935-ലെ ചരിത്രപ്രസിദ്ധമായ 'Humphrey's Executor v. United States' കേസിലെ മുൻവിധിയും കോടതി ഔദ്യോഗികമായി റദ്ദാക്കി. രാഷ്ട്രീയമോ നയപരമോ ആയ കാരണങ്ങളാൽ സ്വതന്ത്ര ഏജൻസികളുടെ തലവന്മാരെ നീക്കുന്നതിൽ കോൺഗ്രസ് നൽകിയിരുന്ന നിയമപരമായ സംരക്ഷണമാണ് ഇതോടെ അവസാനിക്കുന്നത്.

വിധിയെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ II പ്രകാരം പ്രസിഡന്റിന് ഉദ്യോഗസ്ഥരെയും ഫെഡറൽ ഏജൻസികളിലെ പ്രതിനിധികളെയും നീക്കം ചെയ്യാനുള്ള അധികാരം സുപ്രീം കോടതി വീണ്ടും സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. 1930-കളിൽ മുതൽ വിവിധ പ്രസിഡന്റുമാർ ആഗ്രഹിച്ചിരുന്ന മാറ്റമാണിതെന്നും പ്രസിഡന്റിന്റെ ഭരണഘടനാപരമായ അധികാരവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായ സുപ്രീം കോടതി വിധികളിലൊന്നാണിതെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, കോടതിയിലെ ലിബറൽ ജഡ്ജിമാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസുമാരായ സോണിയ സോട്ടോമേയർ, എലീന കഗൻ, കേതഞ്ചി ബ്രൗൺ ജാക്സൺ എന്നിവർ ഭൂരിപക്ഷ വിധി അമേരിക്കൻ ഭരണസംവിധാനത്തിന്റെ അധികാര സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ജനാധിപത്യത്തിന്റെ സ്ഥാപകർ പോലും പ്രസിഡന്റിന് ഇത്രയും വിപുലമായ അധികാരം നൽകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ഈ വിധിയിലൂടെ സ്വതന്ത്ര ഏജൻസികളുടെ സ്വയംഭരണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സോണിയ സോട്ടോമേയർ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പുറത്താക്കപ്പെട്ട മുൻ എഫ്‌ടിസി കമ്മീഷണർ റെബേക്ക സ്ലോട്ടറും വിധിയെ വിമർശിച്ചു. സമ്പന്നരുടെയും വലിയ കോർപ്പറേറ്റുകളുടെയും താൽപ്പര്യങ്ങൾക്ക് അനുകൂലമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ പ്രസിഡന്റിന് കൂടുതൽ അവസരം ഒരുക്കുന്നതാണ് ഈ വിധിയെന്നും അവർ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ വിധിയുടെ പരിധി എല്ലാ സ്വതന്ത്ര ഏജൻസികൾക്കും ബാധകമല്ലെന്ന് സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കി. അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിന്റെ ഭരണപരമായ സ്വാതന്ത്ര്യത്തെ ഈ തീരുമാനം ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കാനുള്ള അധികാരം ഈ വിധിയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റിന് ലഭിക്കില്ലെന്നും, ഭരണഘടനാപരമായും ചരിത്രപരമായും ഫെഡറൽ റിസർവിന് പ്രത്യേക പദവിയുള്ള സ്ഥാപനമാണെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.

നിയമവിദഗ്ധരുടെ വിലയിരുത്തലിൽ, പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അധികാരം കൂടുതൽ ശക്തിപ്പെടുത്തുകയും സ്വതന്ത്ര ഫെഡറൽ ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ പരിധി പുനർനിർവചിക്കുകയും ചെയ്യുന്ന ചരിത്രപ്രധാനമായ വിധിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ ഭരണസംവിധാനത്തിലെ അധികാര വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഭാവിയിലെ ഭരണപരമായ തീരുമാനങ്ങൾക്കും ഈ വിധി നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോർപറേഷൻ കൗൺസിലിൽ കയ്യാങ്കളി; മൂന്ന് എഫ്‌ഐആർ രജിസ്റ്റർ

കോർപറേഷൻ കൗൺസിലിൽ കയ്യാങ്കളി; മൂന്ന് എഫ്‌ഐആർ രജിസ്റ്റർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് മൂന്ന് മുന്നണികളിലെയും കൗൺസിലർമാരെ പ്രതിചേർത്ത് മ്യൂസിയം പൊലീസ് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലും മൊഴിയെടുത്ത ശേഷം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

കോൺഗ്രസ് വനിതാ കൗൺസിലർമാരായ എസ്. ഷേർളി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ബിജെപി കൗൺസിലറായ ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതിയാണ്. കൂടാതെ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരടക്കം നാല് ബിജെപി കൗൺസിലർമാരെയും പ്രതിചേർത്തിട്ടുണ്ട്.

എഫ്‌ഐആർ പ്രകാരം, കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് വനിതാ കൗൺസിലർമാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് പരാതി.

സ്വമേധയാ രണ്ട് കേസുകളും

സംഭവത്തെ തുടർന്ന് പൊതുവഴി തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് സ്വമേധയാ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു.

ആദ്യ കേസിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്.പി. ദീപക്, കെ. ശ്രീകുമാർ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. രണ്ടാമത്തെ കേസിൽ മുൻ എം.എൽ.എ കെ.എസ്. ശബരീനാഥ്, കൗൺസിലർ മേരി പുഷ്പം എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒപ്പിടൽ തർക്കം കയ്യാങ്കളിയിലേക്ക്

തിങ്കളാഴ്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗം അവസാനിച്ചതിന് ശേഷം ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറിയത്.

കൗൺസിൽ ഹാളിൽ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം രൂക്ഷമാകുകയും പിന്നീട് അത് കൈയാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സംഭവത്തിൽ കൗൺസിൽ ഹാളിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു.

രണ്ട് വനിതാ കൗൺസിലർമാർക്ക് പരുക്ക്

സംഘർഷത്തിൽ യുഡിഎഫ് വനിതാ കൗൺസിലർമാരായ എസ്. ഷേർളിക്ക് കഴുത്തിനും അനിത അലക്സിന് കൈക്കും പരുക്കേറ്റു. ഇരുവരെയും ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി വനിതാ കൗൺസിലർമാരുടെ പരാതിയിലും ഉടൻ മൊഴിയെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ രാഷ്ട്രീയ സംഘർഷം പുതിയ വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, ആവശ്യമായാൽ കൂടുതൽ പേരെ പ്രതിചേർക്കാനും സാധ്യതയുണ്ടെന്നുമാണ് പൊലീസ് നൽകുന്ന സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

പത്തനംതിട്ട: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇ–ചെലാൻ (e-Challan) അയച്ചെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ജനങ്ങളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ്. വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് വാട്സാപ്പിലൂടെയും എസ്.എം.എസ് വഴിയും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രൂപകൽപ്പനയിലാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ തയ്യാറാക്കുന്നത്. ഇതിലൂടെ ആളുകളെ വിശ്വസിപ്പിച്ച് വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിക്കുകയോ അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയോ ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

വ്യാജ സന്ദേശങ്ങളിൽ ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ ഒരു ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ടാകും. ചില സന്ദേശങ്ങളിൽ പിഴ പരിശോധിക്കാനോ അടയ്ക്കാനോ പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും APK ഫയൽ അയയ്ക്കുകയും ചെയ്യും.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ APK ഫയൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി., വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്തി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി.

അധികൃതരുടെ നിർദേശങ്ങൾ

മോട്ടോർ വാഹന വകുപ്പിന്റെയോ പോലീസിന്റെയോ പേരിൽ ലഭിക്കുന്ന സംശയാസ്പദമായ സന്ദേശങ്ങളിൽ ഒരിക്കലും വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ട്രാഫിക് പിഴ പരിശോധിക്കാനോ അടയ്ക്കാനോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇ-ചെലാൻ പോർട്ടൽ മാത്രം ഉപയോഗിക്കണം. വാട്സാപ്പ് വഴിയോ മറ്റ് സ്വകാര്യ ലിങ്കുകൾ വഴിയോ ഗതാഗത വകുപ്പോ പോലീസോ പിഴ അടയ്ക്കാനുള്ള നിർദേശം അയയ്ക്കാറില്ല.

അതുപോലെ, പുറത്തുനിന്ന് ലഭിക്കുന്ന APK ഫയലുകൾ ഒരു കാരണവശാലും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും അധികൃതർ നിർദേശിക്കുന്നു. ഇത്തരം ഫയലുകൾ ഫോണിന്റെ സുരക്ഷയും ബാങ്ക് അക്കൗണ്ടുകളും ഗുരുതരമായ അപകടത്തിലാക്കാൻ സാധ്യതയുണ്ട്.

പണം നഷ്ടമായാൽ ഉടൻ ചെയ്യേണ്ടത്

ഇ-ചെലാൻ തട്ടിപ്പിൽപ്പെട്ട് പണം നഷ്ടമായാൽ സമയം കളയാതെ ഉടൻ നടപടി സ്വീകരിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിക്കുന്നു. പ്രത്യേകിച്ച് ആദ്യ മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഉടൻ 1930 എന്ന ദേശീയ സൈബർ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. കൂടാതെ സമീപത്തെ സൈബർ പോലീസ് സ്റ്റേഷനിലോ പോലീസിലോ വിവരമറിയിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

സൈബർ തട്ടിപ്പുകൾ ദിനംപ്രതി പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിൽ, ഔദ്യോഗിക വെബ്സൈറ്റുകളും അംഗീകൃത സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാവൂ എന്ന ജാഗ്രത പാലിച്ചാൽ ഇത്തരം സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്ത് വൻ നിക്ഷേപം; അദാനിക്കൊപ്പം എംഎസ്‌സിയും

വിഴിഞ്ഞത്ത് വൻ നിക്ഷേപം; അദാനിക്കൊപ്പം എംഎസ്‌സിയും

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് വൻ കരുത്തേകുന്ന ചരിത്രപരമായ നിക്ഷേപവുമായി ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളിലൊന്നായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC). അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികളാണ് എംഎസ്‌സി സ്വന്തമാക്കുന്നത്.

സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി പോർട്സ് അറിയിച്ചതനുസരിച്ച്, എവിപിപിഎലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം കണക്കാക്കിയിരിക്കുകയാണ്. ഇതിൽ 49 ശതമാനം ഓഹരികൾക്കായി 139.7 കോടി ഡോളർ (ഏകദേശം 13,270 കോടി രൂപ) എംഎസ്‌സി നിക്ഷേപിക്കും. ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായാണ് ഈ ഇടപാട് വിലയിരുത്തപ്പെടുന്നത്.

ലോക ഷിപ്പിങ് ഭീമന്റെ പങ്കാളിത്തം

എംഎസ്‌സിയുടെ തുറമുഖ പ്രവർത്തന വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (TIL) വഴിയാണ് നിക്ഷേപം നടക്കുന്നത്. ടിഐഎല്ലിന്റെ ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡ് (Mundi Limited) ആയിരിക്കും ഓഹരികൾ ഏറ്റെടുക്കുക.

ലോകമെമ്പാടുമുള്ള തുറമുഖങ്ങളുമായി പ്രവർത്തനപരിചയമുള്ള എംഎസ്‌സിയുടെ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലേക്ക് കൂടുതൽ രാജ്യാന്തര ചരക്കുകപ്പലുകളും കണ്ടെയ്നറുകളും ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. തുറമുഖത്തിന്റെ പശ്ചാത്തല വികസനത്തിനും ആഗോള ലോജിസ്റ്റിക് ശൃംഖലയുമായി കൂടുതൽ ബന്ധിപ്പിക്കാനും ഈ സഹകരണം നിർണായകമാകുമെന്നാണ് പ്രതീക്ഷ.

മൂന്നാമത്തെ സംയുക്ത പദ്ധതി

അദാനി ഗ്രൂപ്പും എംഎസ്‌സിയും ഇന്ത്യയിൽ ഒരുമിച്ച് പ്രവർത്തിക്കുന്ന മൂന്നാമത്തെ തുറമുഖ പദ്ധതിയാണിത്. നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ മൂന്നാം ടെർമിനലിലും, തമിഴ്നാട്ടിലെ എന്നോർ തുറമുഖത്തും ഇരു കമ്പനികളും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

വികസനത്തോടെ ശേഷി 3.5 മടങ്ങ്

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. നിലവിൽ തുറമുഖത്തിന്റെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി 16 ലക്ഷം ടി.ഇ.യു. (Twenty-foot Equivalent Unit) ആണ്.

2028 ഡിസംബറിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഈ ശേഷി 57 ലക്ഷം ടി.ഇ.യുവായി, അതായത് 3.5 മടങ്ങിലേറെ വർധിക്കും. ഇതോടെ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ തന്ത്രപ്രധാന തുറമുഖം

ഇന്ത്യയിലെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണെന്നത് തുറമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.

18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ, ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾക്കും വിഴിഞ്ഞത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ 800 മീറ്റർ നീളമുള്ള ബെർത്ത്, അത്യാധുനിക ക്രെയിനുകൾ, വേഗമേറിയ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവയും തുറമുഖത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നു.

റെക്കോർഡുകൾ തകർത്ത് വിഴിഞ്ഞം

പ്രവർത്തനം ആരംഭിച്ച ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിഴിഞ്ഞം തുറമുഖം നിരവധി റെക്കോർഡുകൾ സ്വന്തമാക്കി. 2025–26 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകളും 615 കപ്പലുകളും വിഴിഞ്ഞം കൈകാര്യം ചെയ്തു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു. കണ്ടെയ്നർ കൈകാര്യം ചെയ്ത തുറമുഖമെന്ന നേട്ടവും വിഴിഞ്ഞത്തിനാണ്. പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകളും 950 കപ്പലുകളും കൈകാര്യം ചെയ്തതോടെ രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖമെന്ന സ്ഥാനം വിഴിഞ്ഞം ഉറപ്പിച്ചു.

എംഎസ്‌സിയുടെ വമ്പൻ നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആഗോള പ്രാധാന്യം കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ മേഖലക്കും ലോജിസ്റ്റിക് രംഗത്തിനും ഈ നിക്ഷേപം പുതിയ സാധ്യതകൾ തുറന്നുകൊടുക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ തൊഴിലുറപ്പ് പദ്ധതി; സ്വകാര്യ കൃഷിഭൂമിയിലെ വികസനത്തിന് വിലക്ക്

പുതിയ തൊഴിലുറപ്പ് പദ്ധതി; സ്വകാര്യ കൃഷിഭൂമിയിലെ വികസനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടപ്പിലാകുന്ന വിബിജി റാം ജി (VBG Ram G) പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയതോടെയാണ് ഈ മാറ്റം.

ഇതുവരെ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക്കുന്ന സ്വകാര്യ ഭൂമിയുടമകൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ, കൃഷിക്ക് ഭൂമി തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിയിൽ ഇത്തരം ഭൂവികസന പ്രവർത്തനങ്ങൾ അനുവദിക്കില്ല. പകരം ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാത്രമാണ് സ്വകാര്യ കൃഷിഭൂമിയിൽ ചെയ്യാൻ കഴിയുക.

അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ വീടുകളുടെ നിർമാണം ഉൾപ്പെടെയുള്ള അംഗീകൃത പദ്ധതികൾക്ക് തുടർന്നും അനുമതിയുണ്ടാകും.

318 പ്രവൃത്തികളുടെ കരട് പട്ടിക

പുതിയ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ 318 പ്രവൃത്തികൾ ഉൾപ്പെട്ട കരട് പട്ടിക കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ജീവനോപാധി അടിസ്ഥാനസൗകര്യങ്ങൾ, ദുരന്തനിവാരണം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായാണ് പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്.

പട്ടികയിൽ അങ്കണവാടികൾ, ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങൾ, പൊതുജനങ്ങൾക്ക് വിശ്രമപന്തലുകൾ, സർക്കാർ സ്കൂളുകളുടെ ചുറ്റുമതിൽ, ശുചിമുറി നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്.

ജലസംരക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം

കനാലുകൾ, ഓവുചാലുകൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ, ചെറിയ തടയണകൾ, നീർത്തടങ്ങൾ, മണ്ണിടിച്ചിൽ തടയാനുള്ള സംരക്ഷണഭിത്തികൾ, കുഴൽക്കിണർ നവീകരണം, പുതിയ കിണർ നിർമാണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

ഇതോടൊപ്പം ടാർ റോഡുകൾ, ഇന്റർലോക്ക് റോഡുകൾ, മൺറോഡുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ റോഡ് വികസന പ്രവൃത്തികൾക്കും പദ്ധതിയിൽ ഇടമുണ്ട്.

മാലിന്യസംസ്കരണത്തിനും കാർഷിക മേഖലയ്ക്കും പ്രോത്സാഹനം

മാലിന്യസംസ്കരണത്തിലൂടെ വരുമാനം കണ്ടെത്തുന്ന പദ്ധതികൾക്കും പുതിയ പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കംപോസ്റ്റ് കുഴികൾ, മാലിന്യ വേർതിരിക്കൽ ഷെഡുകൾ, ജൈവവളം ശേഖരണ സംവിധാനങ്ങൾ എന്നിവയുടെ നിർമാണവും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്താം.

കാർഷിക മേഖലയിൽ കാലികൾക്കുള്ള വെള്ളത്തൊട്ടികൾ, മലഞ്ചെരിവുകളിലെ കൃഷിക്ക് നീളത്തിലുള്ള കുഴികൾ, കാർഷിക-ഗ്രാമീണ ഉൽപ്പന്ന വിൽപന കേന്ദ്രങ്ങൾ, പ്ലാന്റേഷൻ, മത്സ്യകൃഷി മേഖലയിലെ ചെറുകിട നിർമാണ പ്രവർത്തനങ്ങൾ, നടീൽ ജോലികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശ്മശാനങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാനും അനുമതിയുണ്ട്.

തൊഴിലാളികൾക്ക് ആശങ്ക

പുതിയ പദ്ധതിയിൽ പ്രധാനമായും കഠിനമായ കായികാധ്വാനം ആവശ്യമായ ജോലികൾക്കാണ് മുൻഗണന. എന്നാൽ കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 22 ലക്ഷം തൊഴിലാളികളിൽ ഏകദേശം 40 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. അതിനാൽ ഇത്തരം ജോലികൾ പ്രായമായ തൊഴിലാളികൾക്ക് നിർവഹിക്കാൻ പ്രയാസമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.

പുതിയ പദ്ധതിയിൽ തൊഴിലാളികൾക്ക് നൽകുന്ന കൂലി നിരക്ക് കേന്ദ്ര സർക്കാർ തന്നെയായിരിക്കും നിശ്ചയിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഗ്രാമീണ തൊഴിലവസരങ്ങളിലും വികസന പ്രവർത്തനങ്ങളിലും പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.