Kerala Hotel NEWS

Saturday, 18 July 2026

ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

ലഹരിയുടെ വേരറുക്കാനുറച്ച് കേരളം; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുറക്കാൻ എക്സൈസിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ എൻഫോഴ്‌സ്‌മെന്റ് വിഭാഗമായ 'സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ' രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പുതിയ സംവിധാനത്തിന് അംഗീകാരം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കി. നിലവിൽ എക്സൈസ് വകുപ്പ് നികുതി കാര്യങ്ങളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സംവിധാനത്തിന്റെ ആസ്ഥാനം എക്സൈസ് ഡയറക്ടറേറ്റിലായിരിക്കും പ്രവർത്തിക്കുക, എക്സൈസ് കമ്മിഷണർ തന്നെയായിരിക്കും ഈ ബ്യൂറോയുടെയും തലവൻ. ബ്യൂറോയുടെ പ്രവർത്തനങ്ങൾക്കായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചാണ് സജ്ജീകരിക്കുന്നത്. ഇതിനായി 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകളിലുള്ളവർക്ക് അധിക ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള സ്പെഷ്യൽ സ്ക്വാഡുകളിലെ ഉദ്യോഗസ്ഥരെയായിരിക്കും പ്രധാനമായും ഇതിലേക്ക് വിനിയോഗിക്കുക.

ലഹരി മാഫിയയെ പൂട്ടാൻ അതീവ ശാസ്ത്രീയവും ആധുനികവുമായ അന്വേഷണ രീതികളാണ് ബ്യൂറോ അവലംബിക്കുന്നത്. സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിങ്, ഡിജിറ്റൽ ഫോറൻസിക്, ഡാറ്റ അനാലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. കൂടാതെ, ഐടി വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കുന്നതാണ്.

ബ്യൂറോയുടെ കീഴിൽ പ്രത്യേകമായി രണ്ട് വിഭാഗങ്ങൾ കൂടി സജ്ജീകരിക്കും. മയക്കുമരുന്ന് സംബന്ധമായ വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യ പ്രവണതകളെക്കുറിച്ച് പഠിക്കുന്നതിനുമായി 'റിസേർച്ച് ആൻഡ് അനാലിസിസ് വിങ്' രൂപീകരിക്കും. സൈബർ ഇടങ്ങളിലെ ലഹരി ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി 'സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിങ്' പ്രവർത്തിക്കും. ലഹരി വിൽപന സംബന്ധിച്ച രഹസ്യവിവരങ്ങൾ വിശകലനം ചെയ്യുന്നതിനും അതനുസരിച്ച് നീക്കങ്ങൾ നടത്തുന്നതിനുമുള്ള വിപുലമായ സംവിധാനങ്ങൾ പുതിയ ബ്യൂറോയിലുണ്ട്.

നാഷണൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാതൃകയിലായിരിക്കും സംസ്ഥാനത്തെ ഈ പുതിയ സംവിധാനവും പ്രവർത്തിക്കുക. എൻഫോഴ്‌സ്‌മെന്റിന് മാത്രമായി പ്രത്യേക വിഭാഗം വരുന്നതോടെ മയക്കുമരുന്ന് കേസുകളിലും അബ്കാരി ചട്ടലംഘനങ്ങളിലും കൂടുതൽ കാര്യക്ഷമമായി നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ 'കൊച്ചിൻ ടച്ച്'; അഭിമാനമായി ഫ്‌ളൂയീട്രോൺ ഇന്ത്യ 

ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ, അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും. 
ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം സംഭരിക്കാനാവശ്യമായ ഡിസ്‌പെൻസറുകൾ, ഉയർന്ന മർദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം വിജയകരമായി വികസിപ്പിച്ചത് കൊച്ചിയിലെ ഫ്‌ളൂയീട്രോൺ ഇന്ത്യയാണ്. ഹരിത ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പിലാണ് ഈ കൊച്ചി കമ്പനി പങ്കാളികളായിരിക്കുന്നത്.

കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (CSEZ) ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യും മലയാളിയായ ടോം ജോസഫാണ്. ഭാരത് പെട്രോളിയത്തിലും കൊച്ചി എണ്ണശുദ്ധീകരണശാലയിലും (Kochi Refinery) ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഷാജുവും വിരമിക്കലിന് ശേഷം ഫ്‌ളൂയീട്രോൺ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

 രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 'നമോ ഗ്രീൻ' പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ചരിത്രക്കുതിപ്പിൽ ഇന്ത്യ

 ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിനുമായ 'നമോ ഗ്രീൻ ട്രെയിൻ' പ്രയാണം ആരംഭിച്ചു. ഹരിയാണയിലെ ജിന്ദിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ കന്നിസർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഗോള എണ്ണപ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വികസനക്കുതിപ്പ് ഒട്ടും സ്തംഭിച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ എച്ച്-ട്രെയിൻ (H2 Train) പദ്ധതി എന്ന് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ പോലുള്ള ആഗോള പ്രതിസന്ധികൾ 2014-ന് മുൻപാണ് ഉണ്ടായതെങ്കിൽ ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്തംഭിച്ചുപോകുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്ത് ഭൂരിഭാഗം ട്രെയിനുകളും ഡീസൽ എൻജിനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ റെയിൻവേ ശൃംഖലയുടെ 99 ശതമാനവും വിജയകരമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞുവെന്നും, അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽക്കരിയിൽ നിന്നും നീരാവിയിൽ നിന്നും തുടങ്ങി ഇപ്പോൾ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജസ്രോതസ്സുകളിലേക്ക് ഇന്ത്യൻ റെയിൽവേ നടത്തുന്ന പരിണാമത്തിന്റെ പുതിയ അധ്യായമാണ് ഈ നാഴികക്കല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘റീലും ഷോർട്ട് വീഡിയോയും വേണ്ട’; അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

‘റീലും ഷോർട്ട് വീഡിയോയും വേണ്ട’; അഭിഭാഷകർക്കുൾപ്പെടെ സോഷ്യൽമീഡിയ ഉപയോഗത്തിന് മാർഗനിർദേശവുമായി BCI

ന്യൂഡൽഹി: അഭിഭാഷകർ, നിയമവിദ്യാർഥികൾ, നിയമ ഇന്റേണുകൾ, നിയമ അധ്യാപകർ, നിയമ ഗവേഷകർ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) സമഗ്രമായ മാർഗരേഖ പുറത്തിറക്കി.

കോടതി നടപടികളെ അതിനാടകീയ രീതിയിൽ അവതരിപ്പിക്കൽ, നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ, സോഷ്യൽ മീഡിയയിലൂടെ പരോക്ഷമായി കക്ഷികളെ ആകർഷിക്കൽ തുടങ്ങിയ പ്രവണതകൾക്കെതിരെ കർശന മുന്നറിയിപ്പാണ് 37 പേജുകളുള്ള സർക്കുലർ നൽകുന്നത്. ഇനി മുതൽ അഭിഭാഷകനായി എന്റോൾ ചെയ്യാൻ ആഗ്രഹിക്കുന്ന നിയമബിരുദധാരികൾ, ബിസിഐയുടെ സോഷ്യൽ മീഡിയ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുമെന്ന് രേഖാമൂലം സത്യവാങ്മൂലം നൽകണം.

അഭിഭാഷകർ ഉൾപ്പെടെ കോടതി നടപടികളുടെ റീലുകൾ, ഹ്രസ്വ വീഡിയോകൾ, എഡിറ്റ് ചെയ്ത ക്ലിപ്പുകൾ, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചതായി ബിസിഐ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വീഡിയോകൾ പലപ്പോഴും ജഡ്ജിമാരെയും അഭിഭാഷകരെയും കക്ഷികളെയും പരിഹാസവിധേയരാക്കുകയും നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് സർക്കുലർ പറയുന്നു. നിയമവൃത്തി ഒരു പൊതുസേവനമാണെന്നും സോഷ്യൽ മീഡിയയെ വ്യക്തിപരമായ പ്രചാരണത്തിനോ ക്ലയന്റുകളെ ആകർഷിക്കുന്ന വാണിജ്യ ഉപാധിയായോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.

ഡീപ്ഫേക്ക്, വോയ്‌സ് ക്ലോണിങ്, വ്യാജ വിധിന്യായങ്ങൾ, കള്ള നിയമ ഉപദേശങ്ങൾ, ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ പേരിൽ വ്യാജ ഉള്ളടക്കം സൃഷ്ടിക്കൽ തുടങ്ങിയ എഐ സാങ്കേതികവിദ്യകളുടെ ദുരുപയോഗം നിയമവൃത്തിയുടെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്നും ബിസിഐ മുന്നറിയിപ്പ് നൽകി.

ബിസിഐയുടെ പുതിയ ചട്ടങ്ങൾ പ്രകാരം അഭിഭാഷകർക്ക് താഴെപ്പറയുന്ന പ്രവർത്തനങ്ങൾ അനുവദനീയമല്ല:

1. റീലുകൾ, ഷോർട്ട് വീഡിയോകൾ, വൈറൽ ക്ലിപ്പുകൾ എന്നിവയിലൂടെ സ്വയം പ്രചരിപ്പിക്കൽ പാടില്ല.

2. വിജയശതമാനം, വലിയ കേസുകളിലെ നേട്ടങ്ങൾ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല.

3. 'വിദഗ്ധൻ', 'മികച്ച അഭിഭാഷകൻ', 'ഉറപ്പായ വിജയം' തുടങ്ങിയ സ്വയം പ്രശംസാപരമായ പരസ്യങ്ങൾ പാടില്ല

4. ക്ലയന്റുകളെ ആകർഷിക്കാൻ പണം നൽകി നടത്തുന്ന പ്രചാരണങ്ങൾ, ഇൻഫ്ളുവൻസർ മാർക്കറ്റിങ്, സ്‌പോൺസർ ചെയ്ത പോസ്റ്റുകൾ പാടില്ല.

5. കോടതി മുറികളിലോ കോടതി പരിസരങ്ങളിലോ വീഡിയോ ചിത്രീകരണം നടത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല.

6. കോടതി മുറികൾ, ജഡ്ജിമാർ, കോടതി കെട്ടിടങ്ങൾ, അഭിഭാഷക വസ്ത്രധാരണം എന്നിവ വ്യക്തിപരമായ ബ്രാൻഡിങ്ങിന് ഉപയോഗിക്കരുത്. 

7. കക്ഷികളുടെ രഹസ്യ വിവരങ്ങൾ, രേഖകൾ, കേസിന്റെ വിവരങ്ങൾ എന്നിവ പ്രസിദ്ധീകരിക്കരുത്.

8. നിർമിത ബുദ്ധി ഉപയോഗിച്ച് ജഡ്ജിമാരുടെയോ അഭിഭാഷകരുടെയോ കക്ഷികളുടെയോ വ്യാജ ചിത്രങ്ങളോ വീഡിയോകളോ സൃഷ്ടിക്കരുത്.

9. വ്യാജ വിധിന്യായങ്ങൾ, കള്ള സാക്ഷ്യപത്രങ്ങൾ, കെട്ടിച്ചമച്ച വിജയകഥകൾ എന്നിവ പ്രചരിപ്പിക്കരുത്.

10. 'ഉറപ്പായ ജാമ്യം', 'ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വിവാഹമോചനം', 'നിശ്ചിത വിജയം' തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കരുത്.

നിയമബോധവത്കരണം, കോടതിവിധികളുടെ അക്കാദമിക് വിശകലനം, ഭരണഘടനാ വിഷയങ്ങളിലെ ചർച്ചകൾ, നിയമവിദ്യാഭ്യാസം, ഗവേഷണ ലേഖനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതിന് വിലക്കില്ല. എന്നാൽ അവ വസ്തുനിഷ്ഠവും വിദ്യാഭ്യാസപരവുമായിരിക്കണം, വ്യക്തിപരമായ പ്രചാരണത്തിനുള്ള ഉപാധിയാകരുത് എന്നും ബാർ കൗൺസിൽ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

എൽ.എൽ.ബി., എൽ.എൽ.എം., ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർത്ഥികൾ പ്രവേശന സമയത്തും ഇന്റേൺഷിപ്പ് ആരംഭിക്കുന്നതിന് മുമ്പും രഹസ്യസ്വഭാവം പാലിക്കുമെന്നും കോടതി സംബന്ധമായ ഉള്ളടക്കം റെക്കോർഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യില്ലെന്നും പ്രൊഫഷണൽ ധാർമ്മികത പാലിക്കുമെന്നും രേഖാമൂലം ഉറപ്പുനൽകണം. നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ രേഖകൾ സൂക്ഷിക്കണമെന്നും ബിസിഐ നിർദ്ദേശിച്ചു.

മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ Advocates Act, 1961 1961 പ്രകാരം അച്ചടക്ക നടപടികൾ, കോടതിയലക്ഷ്യ നടപടികൾ, വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പിൻവലിക്കൽ തുടങ്ങിയ നിയമപരമായ നടപടികൾ സ്വീകരിക്കാമെന്ന് ബിസിഐ അറിയിച്ചു. ഇതിനായി സംസ്ഥാന ബാർ കൗൺസിലുകൾക്ക് ഡിജിറ്റൽ എത്തിക്‌സ് കമ്മിറ്റികൾ രൂപീകരിക്കാനും പരാതികൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുടർച്ചയായ 7-ാം രാത്രിയും ഇറാനിൽ നാശംവിതച്ച് US, താവളങ്ങൾ ആക്രമിച്ചെന്ന് ഇറാനും, യുദ്ധഭീതി വീണ്ടും?

തുടർച്ചയായ 7-ാം രാത്രിയും ഇറാനിൽ നാശംവിതച്ച് US, താവളങ്ങൾ ആക്രമിച്ചെന്ന് ഇറാനും, യുദ്ധഭീതി വീണ്ടും?

ടെഹ്‌റാൻ/ വാഷിങ്ടൺ: താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനുപിന്നാലെ, ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം നടത്തി. ഇറാന്റെ നിരീക്ഷണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ, ഭൂഗർഭ ആയുധ സംഭരണശാലകൾ, നാവിക ശേഷികൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് എക്‌സിൽ അറിയിച്ചു.

യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, യുദ്ധക്കപ്പലുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളുപയോഗിച്ചു നടത്തിയ ആക്രമണം മണിക്കൂറുകൾ നീണ്ടു. ഇറാനിലെ യസ്ദ്, ഖസ്വം ദ്വീപ്, ബന്ദർ അബ്ബാസ് തുറമുഖം എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഇറാൻ തൊടുത്തുവിട്ട പത്ത് മിസൈലുകൾ രാത്രിയിൽ വിജയകരമായി തടഞ്ഞതായി ജോർദാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ടെങ്കിലും യുഎസ്. ഇത് നിഷേധിച്ചിട്ടുണ്ട്. ഇറാനിയൻ ഡ്രോൺ ആക്രമണങ്ങളിൽ തങ്ങളുടെ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്കിലെ മൈനുകൾ സ്ഥാപിച്ച പാതയിലൂടെ കടന്നുപോയ രണ്ട് എണ്ണക്കപ്പലുകൾ സ്‌ഫോടനത്തിൽ തകർന്നതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ വാദം വ്യാജമാണെന്ന് യു.എസ്. സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസിൽ ഇരുവിഭാഗവും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന, പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ ശ്രമം; മൂന്നുപേർ പിടിയിൽ

കോഴിക്കോട്: പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയവർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്. 

പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള 'ബാക്ക് ടു ഫിറ്റ്' ജിമ്മിൽ വ്യായാമത്തിനെത്തുന്നവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ജിംനേഷ്യം നിരീക്ഷണത്തിലായിരുന്നു. ഇന്നുരാവിലെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.  എം.ഡി.എം.എ വിറ്റുകിട്ടിയ പണം വെള്ളത്തിൽ മുക്കി രക്ഷപ്പെടാൻ നോക്കിയ പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.

സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഇരുനൂറോളം പേർ വർക്കൗട്ട് ചെയ്യുന്ന ഈ സ്ഥാപനത്തിൽ നിന്ന് 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.; നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണ്. കേസിലുൾപ്പെട്ട സി.എം.ആർ.എൽ. അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും.

ഇ.ഡി. ഉദ്യോഗസ്ഥസംഘം ഈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലുള്ളതാണെന്നാണ് സൂചന. നേരത്തേ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടിരൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മന്റുകളും ഉൾപ്പെടും.

കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർദേശം

: കേസിൽ അന്വേഷണം വേഗത്തിലാക്കാനും കടുത്ത നടപടികളിലേക്ക് നീങ്ങാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദക്ഷിണമേഖലാ മേധാവിയും സ്‌പെഷ്യൽ ഡയറക്ടറുമായ പ്രശാന്ത് കുമാറിന്റെ നിർദേശം.

ഇതിനൊപ്പം കേരളത്തിലെ അവയവക്കച്ചവട കേസിൽ മുഖംനോക്കാതെയുള്ള നടപടികൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.

arrow_upward