ദില്ലി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്. നേരത്തെ, 2022 മാർച്ച് 31 വരെയായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പാൻ കാർഡും ആധാറും ബന്ധിപിപ്പിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് നീട്ടുകയായിരുന്നു. ഏപ്രിൽ ഒന്നിനുള്ളിൽ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചിട്ടെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം.
വ്യാജ പാൻ കാർഡുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടികൂടിയാണ് ഈ നടപടി. അതോടൊപ്പം ആദായ നികുതി വകുപ്പിന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കഴിയും. നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തുന്നതിന് സഹായകമാകും. ഒരേ വ്യക്തിയുടെ ഒന്നിലധികം പാൻ കാർഡുകൾ ഒഴിവാക്കാനും സാധിക്കും. ആരൊക്കെ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യണം? അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ, പ്രവാസികൾ, 80 വയസിൽ കൂടുതൽ പ്രായമുള്ളവർ എന്നിവർ ഒഴികെ ഇന്ത്യൻ പൗരനായ എല്ലാവരും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം.