രക്തവാതം എന്ന അസുഖത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. എന്നാല്‍ എന്താണ് ഈ അസുഖമെന്നോ എന്താണിതിന്‍റെ ബുദ്ധിമുട്ടുകളെന്നോ മറ്റോ മിക്കവര്‍ക്കും അറിയുമായിരിക്കില്ല. എന്തായാലും രക്തവാതവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങളാണിനി പങ്കുവയ്ക്കുന്നത്.
സാധാരണനിലയില്‍ നമ്മുടെ ശരീരത്തില്‍ നിന്ന് 'വേസ്റ്റ്' ആയി പുറന്തള്ളപ്പെടുന്ന യൂറിക് ആസിഡ് ശരീരത്തിന് പുറത്തുപോകാതെ അടിഞ്ഞുകൂടിക്കിടക്കുന്നതാണ് രക്തവാതത്തിന് കാരണമാകുന്നത്. സന്ധിവാതം എന്നും ഇതറിയപ്പെടുന്നു.
യൂറിക് ആസിഡ് ഉത്പാദനം കൂടുന്നതോ, അതല്ലെങ്കില്‍ വേണ്ട വിധത്തില്‍ ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടാതിരിക്കുന്നതോ ആകാം രക്തവാതത്തിലേക്ക് നയിക്കുന്നത്. ഇതോടെ സന്ധികളിലും കോശകലകളിലും യൂറേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇനി രക്തവാതം എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. ഇതിന് രക്തവാതത്തിന്‍റെ ലക്ഷണങ്ങള്‍- അഥവാ രക്തവാതമുണ്ടാക്കുന്ന പ്രയാസങ്ങള്‍ അറിയാം.
രക്തവാതത്തിന്‍റെ ലക്ഷണങ്ങള്‍...
1. സന്ധികളില്‍ വേദന. ഇത് പെട്ടെന്ന് വരികയും അസഹ്യമായിരിക്കുകയും ചെയ്യാം.
2. സന്ധികളില്‍ നീര്,ചുവപ്പുനിറം, തൊടുമ്പോള്‍ അതിയായി മൃദുലമായിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍.
3. സന്ധികളില്‍ ചൂട് അനുഭവപ്പെടുന്നത്.
4. സന്ധികളില്‍ ചലനത്തിന് പരിമിതി നേരിടുന്നത്.
5. രാത്രിയില്‍ വേദന കൂടുകയും രാവിലെ ആദ്യമണിക്കൂറുകളിലും വേദന അനുഭവപ്പെടുന്നതും രക്തവാത ലക്ഷണമാകാം.
രക്തവാതത്തിന് കാരണം...
രക്തവാതത്തിലേക്ക് നമ്മെ നയിക്കുന്നത് പല കാരണങ്ങള്‍ ആകാം. ഇതില്‍ ഭക്ഷണത്തിനും പങ്കുണ്ട്. 'പ്യൂരിൻ' എന്ന ഘടകം അടങ്ങിയ റെഡ് മീറ്റ്, ഷെല്‍ ഫിഷ്, ചിക്കൻ പാര്‍ട്സ് അടക്കമുള്ള പാര്‍ട്സ് ആയി വരുന്ന ഇറച്ചി, മധുരമടങ്ങിയ പാനീയങ്ങള്‍ എന്നിവയെല്ലാം ക്രമേണ രക്തവാതത്തിലേക്ക് നയിക്കാം. അമിതവണ്ണം, വൃക്കരോഗങ്ങള്‍, ബിപി, പ്രമേഹം, ചില മരുന്നുകള്‍, മദ്യം എന്നിവയെല്ലാം രക്തവാത സാധ്യത കൂട്ടാം.
രക്തവാതം പിടിപെടാതിരിക്കാൻ...
രക്തവാതം ബാധിക്കാതിരിക്കാൻ ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഒന്നാമതായി പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ശരീരവണ്ണം സൂക്ഷിക്കാൻ ശ്രമിക്കണം. പോഷകങ്ങളടങ്ങിയ ഭക്ഷണം പതിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. നേരത്തെ സൂചിപ്പിച്ചത് പോലെ 'പ്യൂരിൻ' കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഒപ്പം മധുരപാനീയങ്ങളും നിയന്ത്രിക്കണം. മദ്യപാനവും കഴിവതും ഉപേക്ഷിക്കണം.