കോട്ടയത്ത് നിന്ന് നിലമ്പൂർ വഴി ബാംഗ്ലൂരിലേക്ക് എസി സെമി സ്ലീപ്പർ ബസ് സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്.
ബാംഗ്ലൂരിനെയും കേരളത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസിനായി കാത്തിരിപ്പ് നീളുമ്പോൾ തന്നെയാണ് കോട്ടയം - ബാംഗ്ലൂർ സ്വിഫ്റ്റ് സർവീസ് ചർച്ചയാകുന്നത്
കോട്ടയം: കോട്ടയത്ത് നിന്ന് നിലമ്പൂർ വഴി ബാംഗ്ലൂരിലേക്ക് കെഎസ്ആര്‍ടിസി ഗരുഡ എസി സെമി സ്ലീപ്പർ ബസ്. പെരിന്തൽമണ്ണ - നിലമ്പൂര്‍ വഴി ബാംഗ്ലൂരിലേക്ക് ആദ്യമായാണ് എസി ബസ് സര്‍വീസ് കെഎസ്ആർടിസി നടത്തുന്നത്. കോട്ടയം മൂവാറ്റുപുഴ ഭാഗത്തുള്ളവർക്കൊപ്പം പെരിന്തൽമണ്ണ, നിമ്പൂർ സ്വദേശികൾക്കും ഏറെ സഹായകമാകുന്ന സർവീസാണിത്. ബാംഗ്ലൂരിലുള്ള ഐടി ജീവനക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ സഹയാകമാകുന്ന സർവീസാണ് സ്വിഫ്റ്റ് ഗരുഡാ.
കോട്ടയത്തുനിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ് വൈകുന്നേരം 5:30നാണ് കോട്ടയത്തുനിന്ന് പുറപ്പെടുന്നത്. തൃശൂർ - പെരിന്തൽമണ്ണ - നിലമ്പൂർ - ഗൂഡലൂർ - മൈസൂർ വഴി രാവിലെ ആറ് മണിക്കാണ് ബാംഗ്ലൂർ എത്തിച്ചേരുക. ബാംഗ്ലൂരിൽനിന്ന് തിരികെ കോട്ടയത്തേക്കുള്ള ബസ് വൈകുന്നേരം 03:45നാണ് സർവീസ് ആരംഭിക്കുക. മൈസൂർ - ഗൂഡല്ലൂർ - നിലമ്പൂർ തൃശൂര്‍ രാവിലെ 03:45ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.
കോട്ടയം - ബാംഗ്ലൂർ ബസിന്‍റെ സമയക്രമം കോട്ടയം - 05:30 പിഎം, മൂവാറ്റുപുഴ - 06:35 പിഎം, അങ്കമാലി - 07:20 പിഎം, തൃശ്ശൂർ - 08:30 പിഎം, പെരിന്തൽമണ്ണ -10:30 പിഎം, മൈസൂർ - 03:15 എഎം, ബാംഗ്ലൂർ - 06:00 എഎം. ബാംഗ്ലൂർ - കോട്ടയം ബസ് വിവിധ സ്റ്റോപ്പുകളിൽ എത്തുന്ന സമയം ബാംഗ്ലൂർ - 03:45 പിഎം, മൈസൂർ - 06:20 പിഎം, നിലമ്പൂർ - 10:20 പിഎം, പെരുന്തൽമണ്ണ - 11:20 പിഎം, തൃശ്ശൂർ - 00:45 എഎം, അങ്കമാലി - 01:35 എഎം, മൂവാറ്റുപുഴ - 02:25 എഎം, കോട്ടയം - 03:45 എഎം.
കെഎസ്ആർടിസിയുടെ മറ്റു സ്വിഫ്റ്റ് സർവീസുകളുടേതിന് സമാനമായി ബാംഗ്ലൂർ ബസിനും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ഫോൺ: 0481-2562908, നിലമ്പൂർ 04931-223929 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.