Sunday, 3 September 2023

തേക്കടിയില്‍ സഞ്ചാരികളുടെ വന്‍ തിരക്ക്; റിക്കാർഡ് ടൂറിസ്റ്റുകൾ തേക്കടിയിൽ

SHARE
ഓണാഘോഷങ്ങളുടെ ഭാഗമായി തേക്കടിയിൽ സഞ്ചാരികളുടെ വൻ തിരക്ക്. കഴിഞ്ഞ ആറുദിവസവും ബോട്ട് സർവീസുകളിലും ഇക്കോ ടൂറിസം പരിപാടികളിലും നല്ല തിരക്കായിരുന്നു. മൂന്ന് ദിവസങ്ങളിലായി ആറായിരത്തിലധികം സഞ്ചാരികളാണ് തേക്കടിയിലെത്തിയത്. മുൻ വർഷത്തേക്കാൾ വലിയ വർധനവാണ് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം നാലായിരത്തിലധികം പേരാണ് തിരുവോണത്തിനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ തേക്കടിയിൽ എത്തിയത്.

ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന സീസണിൽ ഇതര സംസ്ഥാനത്ത് നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി എത്തുന്നത്. പ്രതിദിനം ആറായിരത്തോളം പേർ എത്താറുണ്ട്. ഓണത്തിന് കൂടുതലും എത്തുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. ഓണഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടയിൽ എത്തിയവരിൽ 80 ശതമാനത്തിലധികവും മലയാളികളാണ്. 20 ശതമാനത്തോളം പേർ തമിഴ്നാട്ടിൽനിന്നും മറ്റ് സംസ്ഥാനത്ത് നിന്നും ഉള്ളവരാണ്.

വനംവകുപ്പിന്റെയും ടി.ഡി.പി.സി.യുടെതുമായി അഞ്ച് സർവീസുകളിലായി രണ്ടായിരത്തോളം പേരാണ് പ്രതിദിനം ബോട്ടിങ് നടത്തുന്നത്. എല്ലാ ബോട്ട് സർവീസുകളും നിറഞ്ഞായിരുന്നു യാത്ര. ബോട്ടിങ്ങിന് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവരും നിരവധിയാണ്. സെപ്തംബർ മൂന്നുവരെ ഇതേ രീതിയിലുള്ള തിരക്ക് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. ബോട്ടിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങുകൾ ഇതിനോടകം ഭൂരിഭാഗവും പൂർത്തിയായി.

                                       https://www.youtube.com/@keralahotelnews

പെരിയാർ കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികൾക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കാണ്. നേച്ചർ വാക്ക്, ഗ്രീൻ വാക്ക്, പെരിയാർ ടൈഗർ ട്രയൽ തുടങ്ങിയ ട്രക്കിങ്ങ് തുടങ്ങിയവയ്ക്ക് കഴിഞ്ഞ നാലുദിവസമായി നിരവധിപേരാണ് എത്തിയത്. കൂടാതെ ബാബു ഗ്രോവ്, ഇടപ്പാളയം വാച്ച് ടവർ എന്നിവിടങ്ങളിൽ താമസത്തിനടക്കം സഞ്ചാരികൾ എത്തുന്നുണ്ട്.

വിനോദ സഞ്ചാരികളുടെ വരവ് ക്രമേണ വർധിച്ചു വന്നതോടെ തേക്കടിയിലെ റിസോർട്ടുകളും ഹോം സ്റ്റേയും ആകർഷകമായ നിരക്കുകൾ തയ്യാറാക്കി കഴിഞ്ഞു. ഉത്സവ കാലത്തിൽ നിരക്ക് കുറച്ചാണ് സഞ്ചാരികൾക്ക് താമസ സൗകര്യമുൾപ്പടെ ഒരുക്കുന്നത്. എന്നാൽ, കേരളത്തിൽ നിന്നുള്ളവരാണ് കൂടുതലായും ഈ സമയത്ത് ഇവിടേക്ക് എത്തുന്നത് അതിനാൽ മിക്കവരും താമസിക്കാൻ നിൽക്കാതെ തേക്കടിയിൽ വന്ന് പോകുകയാണ് ചെയ്യുന്നതെന്ന് ഹോട്ടൽ ആൻഡ് റിസോർട്ട് ഉടമകളുടെ സംഘടനയായ KHRA യുടെ ജില്ലാ പ്രതിനിധികൾ പറഞ്ഞു.

                            https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user