ആലപ്പുഴ: 'അങ്ങോട്ടു വിളിച്ചാൽ പോവില്ല' 'ഇങ്ങോട്ട് വരാൻ ഇരട്ടി തുക' ഓട്ടോ തൊഴിലാളികളുടെ ഇത്തരം പല്ലവികൾ ഇനി നടക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ സ്‌നേഹോപദേശം. ജില്ലയിലെ ഓട്ടോരിക്ഷക്കാർക്കെതിരെ നിരവധി പരാതികളാണ് ദിവസവും വകുപ്പിന് ലഭിക്കുന്നത്. നിയമത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് പലരും ഇത്തരത്തിൽ പെരുമാറുന്നത്. എന്നാൽ ഇനി ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും. റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലാണ് ഓട്ടോ തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് നൽകിയത്.
ബോധവത്കരണത്തിന്റെ ഭാഗമായി ഒരു മാസം യാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ നിരന്തര പരിശോധനകളും ബോധവത്കരണവും നൽകും. ഇക്കാലയളവിൽ പിഴയോ ശിക്ഷ നടപടികളോ സ്വീകരിക്കില്ല. വാഹന ഗതാഗത നിയമങ്ങളെ കുറിച്ചും യാത്രക്കാരോട് മാന്യമായി പെരുമാറുന്നതിനെക്കുറിച്ചും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശീലനം നൽകി. പരാതികൾ വന്നതിനെ തുടർന്നാണ് ഓട്ടോ തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. തുടർന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വാഹന പരിശോധനാ സമയത്ത് വേണ്ട രേഖകൾ എന്തൊക്കെയെന്നും അവ ഏത് വിധത്തിൽ സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകി.
ആർ.ടി.ഒ. എ.കെ. ദിലു പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ താലൂക്കിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ 80ഓളം ഓട്ടോ ഡ്രൈവർമാർ പരിപാടിയിൽ പങ്കെടുത്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ വരുൺ ക്ലാസ് നയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജീവ് കെ.വർമ്മ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരത് കുമാർ, സി.ജി. ചന്തു തുടങ്ങിയവർ പങ്കെടുത്തു.

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.