Monday, 4 March 2024

അതിഥി തൊഴിലാളികളുടെ കൂടെ താമസം, ജോലി രാത്രിയിൽ, തിരിച്ചെത്തുന്നത് ബാ​ഗ് നിറയെ പണവുമായി- ഒ‌ടുവിൽ ഭായി പിടിയിൽ

SHARE



തൃശൂര്‍: അതിഥി തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം പതിവാക്കിയ ഇതര സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാള്‍ ദിനാശ്പുര്‍ സ്വദേശി മുക്താറുള്‍ ഹഖാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകളും മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പറവൂര്‍ മന്നത്തു നിന്നാണ് മോഷ്ടാവ് വലയിലായത്.

മുക്താറുള്‍ ഹഖ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സമീപകാലത്ത് സമാന രീതിയിലുണ്ടായിട്ടുള്ള പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി ഡിവൈ.എസ്.പി. പറഞ്ഞു. നിരവധി കളവു കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. 2021ല്‍ എറണാകുളം നോര്‍ത്ത്, സൗത്ത്, എളമക്കര സ്റ്റേഷനുകളിലും കഴിഞ്ഞ വര്‍ഷം തിരുവല്ല, കാലടി സ്റ്റേഷനുകളിലും ഇയാള്‍ക്ക് മോഷണ കേസുകളുണ്ട്. തിരുവല്ലയില്‍ ബിവറേജ് ഷോപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും എറണാകുളത്തും കാലടിയിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍  കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് മുമ്പ് അറസ്റ്റിലായത്.

മുക്താറുള്‍ ഹഖിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തും. കളവുകള്‍ നടത്തി നാട്ടിലേക്ക് പോയി വീണ്ടും തിരിച്ചെത്തിയാണ് മോഷണം നടത്തിയിരുന്നത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാന്‍ തയാറെടുത്തിരിക്കെയാണ് പൊലീസിന്റെ പിടിയിലായത്. ദിവസങ്ങളുടെ ഇടവേളയിലാണ് കൊമ്പിടിഞ്ഞാമാക്കലിലും എടവിലങ്ങിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും അന്യസംസ്ഥാന കുറ്റവാളികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച ഇയാളുടെ താമസസ്ഥലം മനസിലാക്കി മഫ്തിയിലെത്തി ഏറെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്.

രാത്രി ജോലിയുണ്ടെന്നു പറഞ്ഞു പോകും. തിരിച്ചെത്തുന്നത് ബാഗ് നിറയെ പണവുമായെന്ന് കൂടെ താമസിക്കുന്നവര്‍ പൊലീസിനോട് പറഞ്ഞു. വല്ലപ്പോഴും മാത്രം മറ്റു തൊഴിലാളികളുടെ കൂടെ ജോലിക്കു പോകുന്ന ഇയാള്‍ പണിയെടുക്കാന്‍ മടി കാണിക്കുന്ന സ്വഭാവക്കാരനുമാണ്. ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടി, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ സി.പി.ഒ മാരായ എം.ബി. സതീശന്‍, ഇ.എസ്. ജീവന്‍, കെ.എസ്. ഉമേഷ് എന്നിവരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം. നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user