Monday, 8 April 2024

വേനൽച്ചൂട്: പനമരത്ത് കൃഷികൾ കരിഞ്ഞുണങ്ങുന്നു

SHARE


പനമരം∙ വേനൽച്ചൂട് കടുത്തതോടെ പുഴയോരത്തെ കൃഷികൾ പോലും കരിഞ്ഞുണങ്ങുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പുഴയോടു ചേർന്നുള്ള താഴ്ന്ന പ്രദേശത്തെ കൃഷികൾ അടക്കമാണ് ചൂടിൽ കരിഞ്ഞുണങ്ങി നശിക്കുന്നത്. കാർഷിക വിളകൾക്ക് വിലയുള്ളപ്പോഴുള്ള കൃഷിനാശം കർഷകരെ  പ്രതിസന്ധിയിലാക്കുന്നു. ജലസ്രോതസ്സുകൾ വറ്റിയതോടെ വാഴ, കാപ്പി, കമുക്, കുരുമുളക് തുടങ്ങിയ കൃഷികളും കിഴങ്ങുവിളകളും കരിഞ്ഞു തുടങ്ങി. വലുപ്പച്ചെറുപ്പം ഇല്ലാതെയാണ് പുഴയോരങ്ങളിലെ കാപ്പി കരിഞ്ഞുണങ്ങുന്നത്. 

പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിലാണ് വരൾച്ച രൂക്ഷം. വയലിൽ വാഴ, പച്ചക്കറി അടക്കമുള്ള കൃഷി ഇറക്കിയവരെയും വേനൽ ബാധിച്ചു. വെള്ളം കോരി രക്ഷിക്കാമെന്നു വച്ചാലും പുഴയിൽ നീരൊഴുക്ക് കുറഞ്ഞതു തിരിച്ചടിയാകുന്നു. കുലച്ചതും കുലയ്ക്കാറായതുമായ ഒട്ടേറെ വാഴകൾ ചൂടു നിമിത്തം ഒടിഞ്ഞു വീഴുന്ന അവസ്ഥയാണ്. വേനൽച്ചൂടിൽ തെങ്ങിൽ നിന്ന് കരിക്കിൻ കുലകൾ ഒടിഞ്ഞു വീഴുന്നതും മാങ്ങ പൊഴിഞ്ഞു തീരുന്നതും കർഷകർക്ക് വിനയാകുന്നു.

പച്ചക്കറികൾ കരിഞ്ഞുണങ്ങിയതോടെ വയലുകൾ പാട്ടത്തിനെടുത്ത് കൃഷി നടത്തിയവരുടെ കാര്യവും പരിതാപകരമായി. പാട്ടത്തുകയും കൂലിയും മുടക്കി കൃഷിയിറക്കിയ കർഷകർ കടുത്ത വേനലിൽ പകച്ചുനിൽക്കുകയാണ്. പനമരം വലിയ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ സമീപത്തെ കിണറുകളും തോടുകളും വറ്റി വെളളം കുടി മുട്ടിയ അവസ്ഥയാണ്.

വീട്ടാവശ്യത്തിനു ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നവരുമുണ്ട്. രണ്ടാഴ്ച മുൻപ് വേനൽച്ചൂടിന് ആശ്വാസമേകി മഴ പെയ്ത നടവയൽ മേഖലയിൽ 32 മുതൽ 36 വരെ ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ഇനിയും ചൂടു കൂടിയാൽ നിലവിലുള്ള കൃഷി പൂർണമായും നശിക്കുന്ന അവസ്ഥയാണുള്ളതെന്നു കർഷകർ പറയുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user