Saturday 24 August 2024

പഴമയുടെ മലബാര്‍ രുചി; തലശേരിക്കാരുടെ സ്‌പെഷ്യല്‍ പഞ്ചാരപ്പാറ്റ

SHARE


കണ്ണൂര്‍ : കാഴ്‌ചയിലും രുചിയിലും വ്യത്യസ്‌തമായ വിഭവങ്ങളുള്ള ഇടമാണ് മലബാര്‍. രുചി വൈവിധ്യം പോലെ തന്നെ പേരുകളിലെ വൈവിധ്യവും നമ്മെ ഏറെ കൗതുകപ്പെടുത്താറുണ്ട്. അത്തരമൊരു വിഭവമാണ് തലശേരിക്കാരുടെ സ്വന്തം പഞ്ചാരപ്പാറ്റ.
പേര് കേള്‍ക്കുമ്പോള്‍ നല്ല മധുരമുള്ള പലഹാരമാണെന്നൊക്കെ തോന്നും. എന്നാല്‍ അങ്ങനെയല്ല. വളരെ ക്രിസ്‌പിയായ പലഹാരമാണിത്. പച്ചരിയും മുട്ടയും ചേര്‍ത്ത് പതപ്പിച്ചെടുക്കുന്ന മാവ് എണ്ണയില്‍ വറുത്ത് കോരും. അതിന് മുകളില്‍ പഞ്ചസാര പാറ്റിയിടും (വിതറിയിടും). അതുകൊണ്ടാണ് ഇതിനെ പഞ്ചാരപ്പാറ്റയെന്ന് വിളിക്കുന്നത്. മലബാറുകാരുടെ പ്രധാന പലഹാരമായ ഇത് പുതിയാപ്ല സത്‌കാരത്തിലെ മുഖ്യ വിഭവം കൂടിയാണ്.
പാകം ചെയ്‌ത് കഴിഞ്ഞാല്‍ സ്വര്‍ണം പോലെ തിളങ്ങുന്ന പഞ്ചാരപ്പാറ്റ സാധാരണ ബേക്കറികളിലോ പലഹാരക്കടകളിലോ ഹോട്ടലിലോ ലഭ്യമാകാറില്ല. എന്നാല്‍ തലശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപത്തെ വിത്ത് ലവ് ഹോം മെയ്‌ഡ് തട്ടുകടയില്‍ പലഹാര പ്രിയര്‍ക്ക് വേണ്ടി ഒരുക്കി വച്ചിട്ടുണ്ട് പഞ്ചാരപ്പാറ്റ.
ഹണി കോംബ് കേക്ക് എന്നൊക്കെ പേരിട്ടെങ്കിലും സാക്ഷാല്‍ തലശേരി ഭാഷയില്‍ ഇത് പഞ്ചാരപ്പാറ്റ തന്നെ. വിവാഹം കഴിഞ്ഞ് ആദ്യമെത്തുന്ന പുതിയാപ്ലമാര്‍ക്ക് മറ്റ് പലഹാരങ്ങളോടൊപ്പം പഞ്ചാരപ്പാറ്റ നല്‍കും. പുതിയാപ്ല ആദ്യം കൈവയ്‌ക്കുന്നത് പഞ്ചാരപ്പാറ്റയിലായിരിക്കും. മൈസൂര്‍ പഴവും പഞ്ചാസാരയും ചേര്‍ത്ത് കുഴച്ചാണ് ഈ പലഹാരം കഴിക്കുക. അതോടെ പുതിയാപ്ലക്കും കൂട്ടുകാര്‍ക്കും സത്‌കാരം തൃപ്‌തിയാകും. എന്നാല്‍ നവവധുവിന്‍റെ വീട്ടില്‍ ആദ്യം എത്തുന്ന പുതിയാപ്ലക്ക് പഞ്ചാരപ്പാറ്റ നല്‍കാത്തതിനാല്‍ പിണങ്ങിപ്പോയ കഥയും പ്രചാരത്തിലുണ്ട്.
മുന്‍കാലങ്ങളില്‍ കല്യാണം, സത്‌കാരം തുടങ്ങിയ വിശേഷ ചടങ്ങുകളില്‍ സവിശേഷ സാന്നിധ്യം പഞ്ചാരപ്പാറ്റക്കുണ്ടായിരുന്നു. മുട്ടമാല, അല്‍സ, പെട്ടിപ്പത്തല്‍, കക്ക റൊട്ടി, എന്നിവയൊക്കെ ഉണ്ടായാലും പ്രഥമ സ്ഥാനം പഞ്ചാരപ്പാറ്റക്കായിരുന്നു. എന്നാല്‍ പാരമ്പര്യമായി ഈ പലഹാരമുണ്ടാക്കുന്ന കുടുംബങ്ങളില്‍ മാത്രമാണ് ഇത് ഇപ്പോഴും തുടര്‍ന്ന് പോരുന്നത്.
ജീരകശാല അരിയോ പച്ചരിയോ ആണ് പഞ്ചാരപ്പാറ്റ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂര്‍ വെളളത്തില്‍ കുതിര്‍ത്ത ശേഷം ആ വെള്ളം മാറ്റി അരി മുങ്ങാവുന്ന പാകത്തില്‍ ദോശ ഉണ്ടാക്കുന്ന രീതിയില്‍ തരിയില്ലാതെ അരച്ചെടുക്കണം. അതില്‍ നാലോ അഞ്ചാ മുട്ട ചേര്‍ത്ത് അരപ്പില്‍ ലയിപ്പിക്കണം. ആവിശ്യത്തിന് ഉപ്പ് ചേര്‍ത്ത് പത വരുത്തണം. ശേഷം അടി കട്ടിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച് തിളക്കുമ്പോള്‍ തയ്യാറാക്കിയ പത കോരിയൊഴിച്ച് പൊരിച്ചെടുക്കണം. പത തീരും വരെ ഇങ്ങിനെ പൊരിച്ചെടുക്കാം.
സ്വര്‍ണ നിറം വന്നാല്‍ പഞ്ചാരപ്പാറ്റ പാകമായി. എന്നാല്‍ അരിയുടെ തരി ഇതില്‍ പെടരുത്. നിറത്തെയും രുചിയേയും ഇത് ബാധിക്കും. വിശിഷ്‌ടാതിഥികള്‍ക്ക് പഞ്ചാരപ്പാറ്റയും ഒപ്പം കഴിക്കാന്‍ ചെറുപഴവും പഞ്ചസാരയും നല്‍കുന്ന രീതി ഇന്നും തലശേരി ഭാഗത്ത് അപൂര്‍വമായി നിലനില്‍ക്കുന്നുണ്ട്. ഒരു തവണ ഈ പലഹാരമുണ്ടാക്കിയാല്‍ ഒരു മാസം വരെ അടച്ച് സൂക്ഷിക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user