എറണാകുളം: വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലിൻ്റെ വിവരങ്ങൾ ചോർത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു ജീവനക്കാരനെ കസ്‌റ്റഡിയിലെടുത്തതായാണ് സൂചന. കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
തന്ത്രപ്രധാന ദൃശ്യങ്ങൾ പകർത്തിയ കേസിൽ കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഒരു കരാർ ജീവനക്കാരൻ 2023 ഡിസംബറിൽ അറസ്‌റ്റിലായിരുന്നു. കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്‌തു വരികയായിരുന്ന ശ്രീനിഷ് പൂക്കോട് എന്നയാളാണ് അറസ്‌റ്റിലായത്. നാവിക സേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നും തുടർന്ന് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചെന്നുമായിരുന്നു ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫിസർ പൊലീസിൽ പരാതി നൽകിയിരുന്നു.
2023 മാർച്ച് മുതൽ ഡിസംബർ പത്തൊമ്പത് വരെയുള്ള കാലയളവിലെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായാണ് പറയുന്നത്. പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എന്നിവയും ഇയാൾ മൊബൈലിൽ പകർത്തി കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞതായാണ് സൂചന.
ഇന്‍റലിജൻസ് ബ്യൂറോയും ഷിപ്പ്‌യാർഡിലെ ആഭ്യന്തര സുരക്ഷ അന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിന് റിപ്പോർട്ട് കൈമാറുകയായിരുന്നു. ഒരു സ്ത്രീ കൈകാര്യം ചെയ്‌തിരുന്ന എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിനാണ് ദൃശ്യങ്ങളും വിവരങ്ങളും കൈമാറിയതെന്നും ഇവരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയപ്പെട്ടതെന്നും ശ്രീനേഷ് മൊഴി നൽകിയതായും സൂചനകളുണ്ട്.
ഔദോഗിക രഹസ്യം ചോർത്തിയെന്ന ഗുരുതരമായ വകുപ്പാണ് ഇയാൾക്കെതിരെ ആരോപിക്കുന്നത്. നേരത്തെ ഐഎൻഎസ് വിക്രാന്തിന്‍റെ നിർമ്മാണ വേളയിൽ കപ്പലിൽ കരാർ തൊഴിലാളികൾ നടത്തിയ മോഷണത്തിലും എൻഐഎ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അത് പ്രതികൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നടത്തിയ മോഷണമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക