Saturday 21 September 2024

ലോകത്തെയാകെ വിരുന്നുവിളിക്കുന്ന വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്

SHARE
അതിമനോഹരമായ ഭൂപ്രകൃതികൊണ്ടും കാർഷികസമൃദ്ധികൊണ്ടും പ്രകൃതിവിഭവങ്ങൾകൊണ്ടുമൊക്കെ ലോകത്തെയാകെ വിരുന്നുവിളിക്കുന്ന വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കൃഷിമേഖലയുടെ തകർച്ചയും വന്യമൃഗശല്യവും മൂലം പതിറ്റാണ്ടുകളായി ദുരിതത്തിലാണ്ട വയനാടിന്റെ സാമ്പത്തിക മരവിപ്പ് രൂക്ഷമാക്കുകയായിരുന്നു മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ. വയനാടൻ ചുരം കയറിവരുന്നവരെ സ്വാഗതം ചെയ്യുന്ന ലക്കിടിയിലെ ആ വലിയ കമാനത്തിലൂടെ ഇപ്പോൾ സഞ്ചാരികൾ അധികമെത്തുന്നില്ല.


ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ മാസം ശരാശരി മൂന്നു ലക്ഷം സഞ്ചാരികളെത്തിയിരുന്നതാണ്. എന്നാൽ, ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിനുശേഷം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) അഞ്ചു കേന്ദ്രങ്ങൾ വീണ്ടും തുറന്നദിവസം വയനാട്ടിലെത്തിയത് 168 വിനോദസഞ്ചാരികൾ മാത്രം! വയനാട് ടൂറിസം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി വ്യക്തമാക്കുന്ന കണക്കാണിത്. കൽപറ്റയ്ക്കടുത്തുള്ള ഒരു റിസോർട്ടിൽ മാത്രം കഴിഞ്ഞമാസം 45 ലക്ഷം രൂപയുടെ ബുക്കിങ് റദ്ദാക്കേണ്ടിവന്നു. ഇത്തരത്തിൽ എത്രയോ റിസോർട്ടുകളിൽ റദ്ദാക്കലുകളുണ്ടായി.  ഉരുൾപെ‍ാട്ടലിനുശേഷമുള്ള ഒരു മാസംകൊണ്ടുമാത്രം കുറഞ്ഞതു 30 കോടി രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധമേഖലയ്ക്കുമുണ്ടായത്. ആ നഷ്ടം പെരുകിവരികയാണ്.പ്രളയവും കോവിഡുമുണ്ടാക്കിയ പ്രതിസന്ധി മറികടന്ന് പതിയെ പച്ചപിടിച്ചുവന്നപ്പോൾ വയനാട്ടിൽ വന്യജീവിശല്യം കടുത്ത വെല്ലുവിളിയായി. കൃഷിമേഖലയുടെ തകർച്ചയിൽ പതറിനിന്ന ഒരു ജനവിഭാഗമാണ് ഈ വെല്ലുവിളി നേരിടേണ്ടിവന്നത്. അതിതീവ്രമഴയും മറ്റു പ്രകൃതിക്ഷോഭങ്ങളും തിരിച്ചടിയുടെ ആഘാതം വർധിപ്പിക്കുകയും ചെയ്തു. 


സഞ്ചാരികൾ കുറഞ്ഞതോടെ ഇൗ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ കഷ്ടത്തിലായി. ടൂറിസം മേഖലയെ മാത്രമല്ല, വയനാടിന്റെ സമ്പദ്‌വ്യവസ്ഥയെയാകെ ഉരുൾപെ‍ാട്ടൽ സാരമായി തളർത്തിയിരിക്കുന്നു.ആത്മവിശ്വാസത്തോടെ നമുക്കു സഞ്ചാരികളെ വയനാട്ടിലേക്കു വിരുന്നുവിളിക്കാം; എല്ലാ ജാഗ്രതയും സുരക്ഷയും പാലിച്ച്, സ്നേഹവും കരുതലും കാഴ്ചകളും നൽകി അവരെ വരവേൽക്കാം. ദുരന്തമേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങളോടെ‍ാപ്പം വയനാട്ടിലെ ടൂറിസം മേഖലയ്ക്കും ആവോളം പിന്തുണ നൽകാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകണം. ഇപ്പോഴത്തെ നാടുണർത്തൽ സാർഥകമാകേണ്ടത് വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ആവശ്യമാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user