Friday 6 September 2024

നേക്കെത്താ ദൂരത്തോളം പൂക്കള്‍; പതിവ് തെറ്റാതെ പൂത്തുലഞ്ഞ് ആമ്പല്‍ വസന്തം, മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

SHARE


കോട്ടയം: പതിവ് തെറ്റാതെ ഇത്തവണയും കാഴ്‌ച വിരുന്നൊരുക്കിയിരിക്കുകയാണ് മലരിക്കൽ ആമ്പൽ പാടം. പിങ്ക് നിറത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ആമ്പൽ പാടം. ആമ്പൽ പൂക്കൾ ഒരുക്കുന്ന ഈ മനോഹര കാഴ്‌ച ആസ്വദിക്കാൻ സഞ്ചാരികൾ എത്തി തുടങ്ങി.വഞ്ചിയിൽ കയറി ആമ്പൽ പൂക്കളെ തഴുകിയുള്ള യാത്രയാണ് ഏറ്റവും മാനോഹരം. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി.
മലരിക്കൽ എന്ന പേര് വരാൻ കാരണം: മലരിക്കല്‍ എന്ന് പറയുന്ന ഈ പ്രദേശത്തിന് അങ്ങനെ ഒരു പേര് വരാൻ കാരണമുണ്ട്. കൊടൂരാറിലേക്ക് മീനച്ചിലാർ വന്നു പതിക്കുന്ന സ്ഥലമാണ് മലരിക്കൽ. ആ വെള്ളം വളരെ ശക്തിയിൽ വന്ന് കൊടുരാറിലേക്ക് വീഴുമ്പോൾ വലിയ ചുഴികളുണ്ടാവുകയും അതിന് ബദലായിട്ട് മലരികൾ രൂപപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടാൻ തുടങ്ങിയത്.
എന്നാൽ ഇന്ന് ധാരാളം ആമ്പൽപൂക്കള്‍ അഥവാ മലരുകൾ ഇവിടെ ഉണ്ടാവുകയും ആ പേര് അന്വർഥമാക്കിക്കൊണ്ട് മലരിക്കല്‍ എന്ന പേര് ലോകം മുഴുവൻ അറിയുകയും ചെയ്യുന്നു. ജൂലൈ, ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഈ ആമ്പൽപൂക്കള്‍ മനോഹരമായ കാഴ്‌ച വിരുന്നൊരുക്കുന്നത്. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ കാഴ്‌ചയ്ക്ക് പറ്റിയ സമയം. അത് കഴിഞ്ഞാൽ ആമ്പൽപ്പൂക്കൾ മിഴിയടയ്ക്കും‌. പിന്നെ കാഴ്‌ച ആസ്വദിക്കാൻ അടുത്ത പ്രഭാതം വരെ കാത്തിരിക്കണം.
മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ പൂക്കൾ കുറവാണ്. എന്നാലും പ്രായഭേദമന്യേ ധാരാളം ആളുകളാണ് മലരിക്കലിലെ ഈ ആമ്പൽ വസന്തം കാണാൻ എത്തുന്നത്. അധികം താമസിയാതെ അവിടെ ആമ്പൽ ഫെസ്‌റ്റും അരങ്ങേറും.
സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരമാണ് ആമ്പൽ വസന്തത്തെ ശ്രദ്ധേയമാക്കിയത്. അതേ തുടർന്ന് സഞ്ചാരികളുടെ ഇഷ്‌ട പ്രദേശമായി മലരിക്കൽ മാറി. ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ ലൊക്കേഷനായും ഇവിടം മാറി കഴിഞ്ഞു.
ഒക്ടോബർ അവസാനത്തോടെ ഈ ആമ്പൽ വസന്തം അവസാനിക്കും. കോട്ടയം തിരവാർപ്പ് റൂട്ടിൽ നിന്ന് തിരിഞ്ഞ് മുക്കാൽ കിലോമീറ്റർ ഉൾഭാഗത്തേക്ക് സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിലെ മനോഹരമായ ഈ ആമ്പൽ പാടത്ത് എത്താനാകും.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user