Friday 6 September 2024

'വ്യാജ പരാതികളില്‍ ആശങ്കയുണ്ട്, തെറ്റ് ചെയ്‌തവര്‍ ശിക്ഷിക്കപ്പെടണം': കെഎഫ്‌പിഎ

SHARE


എറണാകുളം : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്ന് വ്യാജ പരാതികൾ ഉയർന്നുവരുന്നതിൽ ആശങ്ക അറിയിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ വൃക്തമാക്കേണ്ടതുണ്ടെന്ന് അറിയിച്ച് അസോസിയേഷൻ പ്രസ്‌താവന പുറത്തിറക്കി. ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന അന്തരീക്ഷം സിനിമ മേഖലയിൽ മാത്രമല്ല സമൂഹത്തെ മുഴുവനായും വലിയതോതിൽ ബാധിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം സിനിമയിലെ ലൈംഗിക പീഡന പരാതികൾ അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. സമർഥരായ ഉദ്യോഗസ്ഥർ പരാതികളുടെ സത്യാവസ്ഥ അന്വേഷിക്കുന്നുമുണ്ടെന്ന് അസോസിയേഷൻ പറഞ്ഞു. ആരോപണ വിധേയരായവർ തെറ്റുചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് വ്യാജ പീഡന പരാതികൾ ഉയർന്നുവരുന്നുവെന്നത് ഭയപ്പെടുത്തുന്ന സംഗതിയാണെന്നും അസോസിയേഷൻ അറിയിച്ചു.
പാരാതികളുടെ മറവിൽ ബ്ലാക്ക്‌മെയിലിങിനും ഭീഷണിപ്പെടുത്തി ഉദ്ദേശം നേടി എടുക്കുക എന്നതിനുമുള്ള കളമൊരുങ്ങുന്നുവെന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണെന്നും വൃക്തി വൈരാഗ്യം തീർക്കാനും പ്രതിച്ഛായ തകർക്കാനുമായി ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് സർക്കാർ വളരെ ഗൗരവമായി തന്നെ കാണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും ഉദ്ദേശ ശുദ്ധിയെക്കൂടി അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ ചില സംഭവവികാസങ്ങൾ. അതിൽ സർക്കാറിന്‍റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user