അങ്ങനെ ചങ്ങനാശ്ശേരി കോഫി ഹൗസിനും താഴ് വീഴുന്നു. ഈ മാസം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നുള്ള അറിയിപ്പ് കോഫി ഹൗസിൽ നാളെ പതിപ്പിക്കും.
1977 ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം പായിക്കാട്ട് ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ച കോഫി ഹൗസ് പിന്നീട് വാഴൂർ റോഡിലെ കുരിശുംമൂട്ടിലേക്ക് മാറ്റുകയായിരുന്നു.
സാധാരണക്കാരായ മനുഷ്യർക്ക് രുചിയും സാമ്പത്തിക ലാഭവും നൽകിയ കോഫി ഹൗസിൻ്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ ചങ്ങനാശ്ശേരിയിലെ മദ്ധ്യവയസ് പിന്നിട്ട തലമുറയ്ക്ക് ഇരിപ്പിടം തന്നെ ഇല്ലാതാവുകയാണ്.
ഗീ മസാലയും , മസാല ദോശയും ബീറ്റ്റൂട്ട് മസാലയും . ഉഴുന്നുവടയും , കൊതിയൂറുന്ന കാപ്പിയും ബീഫ് ഓംലെറ്റും വെജ് കട്ലറ്റുംമൊക്കെ ഇനി മുതൽ സ്വപ്നങ്ങൾ മാത്രം. തലപ്പാവ് വെച്ച പരിചാരകരെ കാണാൻ കോട്ടയത്തും പൊൻകുന്നത്തും ഒക്കെ പോകേണ്ടി വരും.
വഴിയോരങ്ങളിൽ രൂപപ്പെട്ട കാപ്പി, ചായ, ചെറുകടി സ്ഥാപനങ്ങളും വീട്ടിലൊരു ഊണും ഒക്കെ ചേർന്നാണ് ഇത്തരം സ്ഥാപനങ്ങൾക്ക് മരണമണി യൊരുക്കിയത്.
അറേബ്യൻ വിഭവങ്ങളുടെ കുത്തൊഴുക്ക് കൂടിയായപ്പോൾ അന്ത്യം വേഗത്തിലായെന്നു മാത്രം . കൂണുപോലെ മുളച്ച ജ്യൂസ് കടകളും ഐസ്ക്രീം ഷോപ്പുകളും ഇടത്തരം ഹോട്ടലുകളുടെ ഗരിമക്ക് മങ്ങലേ ൽപ്പിച്ചു.
പണ്ടുകാലത്ത് വഴിയിൽനിന്ന് ചായ കുടിച്ചാൽ അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് കരുതിയിരുന്ന മലയാളി ഇന്ന് വാഹനം നിർത്തി കുടുംബത്തിനൊപ്പം വഴിയോര കടകളിൽ മടിയില്ലാതെ കയറുന്നു. മലയാളിയുടെ മാറ്റത്തിൻ്റെ മനസ്സറിഞ്ഞ മറുനാട്ടുകാർ തങ്ങളുടെ ലാഭം പെരുപ്പിക്കുന്നു.
അങ്ങനെ കാലത്തിൻറെ കുത്തൊഴുക്കിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കൂടാതെ ജീവനക്കാരുടെ കുറവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം നിരവധി കർശന നിയമങ്ങളും ചേർന്ന് സാധാരണ ഹോട്ടൽ കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാകാതെ ഉടമസ്ഥർ കിതക്കുന്നു.
എങ്കിലും ഇത്രയും നാൾ ചങ്ങനാശേരിയിലെ സാധാരണക്കാർക്ക് സ്നേഹത്തിനൊപ്പം രുചിയും ചേർത്ത് വിളമ്പിയ എല്ലാ കോഫീ ഹൗസ് ജീവനക്കാരോടും നന്ദിയും സ്നേഹവും മാത്രം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക