മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലി (52) ജീവനൊടുക്കിയ സംഭവത്തിൽ മലയാളി ദമ്പതികൾ പിടിയിൽ. റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹൈബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മുംതാസ് അലിയെ ചിലർ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഷാഫി, മുസ്തഫ അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തെരയുന്ന മറ്റ് പ്രതികൾ. ഇവർ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ സംഘം മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങി. കൂടുതൽ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നതായി ഹൈദർ അലി പറഞ്ഞു.
മുപ്പത് വർഷത്തിലേറെയായി പൊതുസമൂഹത്തിൽ സജീവമായിരുന്ന മുംതാസ് അലിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ജീവിതം അവസാനിപ്പിക്കുമെന്ന് മുംതാസ് അലി ബന്ധുക്കളോട് സൂചിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.
ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി, തന്റെ മരണത്തിന് കാരണം ഈ ആറ് പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ കുടുംബാംഗങ്ങൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുളൂർ പാലത്തിന് സമീപം അലിയുടെ വാഹനം കണ്ടെത്തിയത്. പിന്നാലെ പുഴയിൽ നിന്ന് മൃതദേഹവും കണ്ടെത്തി. ജനതാദൾ സെക്കുലർ (എസ്) എംഎൽഎയായ ബി എം ഫാറൂഖിന്റെയും മുൻ കോൺഗ്രസ് എം എൽ എ മുഹിയുദ്ദീൻ ബാവയുടെയും സഹോദരനാണ് മുംതാസ് അലി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V