ഓണക്കോടി ഉടുത്തും ഓണസദ്യ ഉണ്ടും തിരുവോണാഘോഷം ഗംഭീരമാക്കാൻ ജനം ഒരുങ്ങി. അവസാന വട്ട ഒരുക്കങ്ങൾക്കായി ജനം നിരത്തിലേക്കിറങ്ങുമ്പോൾ നാടും നഗരവും ഇന്ന് ഉത്രാടപ്പാച്ചിലിൽ മുങ്ങും. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇക്കുറി ഒഴിവാക്കിയത് തലസ്ഥാനത്തെ ആഘോഷങ്ങളുടെ മാറ്റ് കുറച്ചിട്ടുണ്ട്.അത്തം നാൾ മുതൽ ആരംഭിച്ച തിരക്ക് ഇന്ന് പാരമ്യതയിൽ എത്തും. സദ്യവട്ടം ഒരുക്കുന്നതിനുള്ള തയാറെടുപ്പുകളാണ് ഉത്രാട ദിനത്തിലെ പ്രധാന കാഴ്ച. സർക്കാർ, സ്വകാര്യ സംരംഭങ്ങൾക്കു പുറമേ കർഷകർ നേരിട്ടു വഴിയോരങ്ങളിൽ വിപണി ഒരുക്കിയത് ആവശ്യക്കാർക്ക് ആശ്വാസമായേക്കും. തിരക്ക് ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാൻ പ്രാദേശിക വിപണികൾ സഹായകമാകും.
പ്രധാന കമ്പോളങ്ങളിൽ പച്ചക്കറി ഇനങ്ങൾ വാങ്ങാൻ ജനം തിക്കി തിരക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഇന്നും ഇത് തുടരും. ഓണവിപണി മുൻകൂട്ടിക്കണ്ട് തമിഴ്നാട്ടിൽ നിന്നുൾപ്പെടെ പച്ചക്കറി ഇറക്കുമതി ചെയ്തിരുന്നു. ബോണസ്, ഫെസ്റ്റിവൽ അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിച്ചതോടെ സജീവമായ വസ്ത്ര, ഗൃഹോപകരണ, ഇലക്ട്രോണിക്സ് വിപണി ഇന്നും സജീവമാകും. ഷോപ്പിങ് സമയം അർധ രാത്രിയോളം നീട്ടി പരമാവധി വിപണി പിടിക്കാനുള്ള തയാറെടുപ്പിലാണ് വസ്ത്ര, ഇലക്ട്രോണിക്സ് ഷോറൂമുകൾ. മിക്ക വസ്ത്ര വ്യാപാര കേന്ദ്രങ്ങളും തിരക്ക് കാരണം ഇന്നലെ രാത്രി വൈകിയാണ് അടച്ചത്.പുലർച്ചെയുള്ള ക്ഷേത്ര ദർശനമാണ് തിരുവോണ ദിനത്തിലെ പ്രധാന പതിവ്. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കൽ. ശേഷം കുടുംബത്തിലെ മുതിർന്ന അംഗം അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്യും. പിന്നാലെ ഓണസദ്യ ഒരുക്കുന്നതിനുള്ള തയാറെടുപ്പ്. ഉച്ചയ്ക്ക് കുടുംബാംഗങ്ങൾ ഒരുമിച്ചായിരിക്കും ഓണസദ്യ.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക