Wednesday 21 August 2024

റെയിൽപാളത്തിൽ തുടർച്ചയായി കരിങ്കൽ ചീളുകൾ; നേത്രാവതി എക്‌സ്പ്രസ് 'ഉലഞ്ഞു', അന്വേഷണം ഊർജിതമാക്കി റെയിൽവേയും പൊലീസും

SHARE


കാസർകോട് : റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേയും പൊലീസും. ഞായറാഴ്‌ച (ഓഗസ്റ്റ് 19) രാത്രി തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിനു 50 മീറ്റർ മാറി മംഗളൂരു ഭാഗത്തേക്കുള്ള പാളത്തിൽ കരിങ്കൽ‌ ചീളുകൾ‌ നിരത്തിയതായാണ് കണ്ടെത്തിയത്.
തിരുവനന്തപുരം- നേത്രാവതി ലോകമാന്യ തിലക് എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെ കല്ലിൽ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് പൊടിഞ്ഞരഞ്ഞ കല്ലുകൾ കണ്ടത്. സംഭവം സംബന്ധിച്ച് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സും ചന്തേര പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആർപിഎഫ് ഉദ്യോഗസ്ഥർ തൃക്കരിപ്പൂരിലെത്തി പരിശോധന നടത്തിയിരുന്നു. തൃക്കരിപ്പൂർ–പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒരു മാസത്തിനിടെ 2 തവണയാണ് സമാന രീതിയിൽ കല്ല് വെച്ചതായി കണ്ടെത്തിയത്. നിലവിൽ കുട്ടികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ചില കുട്ടികളെ ചോദ്യം ചെയ്‌തതായും വിവരമുണ്ട്. എന്നാൽ സംഭവത്തിൽ കുട്ടികളെ കേന്ദ്രീകരിച്ച് മാത്രം അന്വേഷണം നടത്തിയാൽ പോര, കൂടുതൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 27ന് സൗത്ത് തൃക്കരിപ്പൂരിലെ ഒളവറയിൽ പലയിടത്തായി പാളത്തിൽ കല്ലുകൾ കണ്ടെത്തിയിരുന്നു. ഇതിൽ അന്വേഷണം നടക്കുകയാണ്. കാസർകോട് ജില്ലയിൽ സമാനമായ സംഭവങ്ങൾ നിരവധി അടുത്ത കാലത്തായി റിപ്പോർട്ട്‌ ചെയ്‌തിരുന്നു.
ഇതിൽ ഭൂരിഭാഗവും പ്രതിസ്ഥാനത്ത് കുട്ടികൾ ആയിരുന്നു. കുട്ടികളെ ചോദ്യം ചെയ്യുമ്പോൾ തമാശയ്ക്ക് വച്ചത് എന്നായിരുന്നു മറുപടി. ഇതേ തുടർന്ന് ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കുട്ടികൾക്കു എതിരെയും കേസ് എടുത്ത് നടപടി ഉണ്ടാകുമെന്നു പൊലീസ് അറിയിച്ചിരുന്നു. റെയിൽവേ ട്രാക്കുകളിൽ രാത്രികാല പരിശോധനകളും ശക്തമാക്കുന്നതിനിടെയാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user