കൊച്ചി വാട്ടര്‍ മെട്രോ വലിയ നേട്ടത്തിലേക്ക് ; ആറ് മാസത്തിനിടെ 11.13 ലക്ഷം പേര്‍ യാത്ര ചെയ്തു
കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറ് മാസത്തിനിടെ 11.13 ലക്ഷം യാത്രക്കാരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ എന്ന സവിശേഷതയും കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഉണ്ട്.
കേരള സര്‍ക്കാറിന് 74 ശതമാനം ഓഹരി പങ്കാളിത്തവും, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനം ഓഹരി പങ്കാളിത്തവും ഉള്ള സംയുക്ത സംരംഭമായ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
78 ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 10 ദ്വീപുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന വാട്ടര്‍ മെട്രോയുടെ കീഴില്‍ 38 ടെര്‍മിനലുകളും ഉണ്ട്. നിലവില്‍, വൈറ്റില, ഹൈക്കോടതി, വൈപ്പിന്‍, കാക്കനാട്, ബോള്‍ഗാട്ടി എന്നിങ്ങനെ 5 ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസ് നടത്തുന്നത്. അധികം വൈകാതെ മറ്റ് ടെര്‍മിനലുകളിലേക്കും സര്‍വീസ് വ്യാപിപ്പിക്കുന്നതാണ്. 1,136.83 കോടി രൂപ ചെലവിലാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയത്.