ഐഎസ്എൽ: അധിക സർവീസുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും
എറണാകുളം:ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരങ്ങൾ കാണാൻ ജവഹർലാൽ നെഹ്റു (ജെഎൽഎൻ) സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് രാത്രി 11:30 വരെ ഉണ്ടാകും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനാകും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവും കെഎംആർഎൽ ഒരുക്കിയിട്ടുണ്ട്. മത്സരം കണ്ട് മടങ്ങുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. 50 കാറുകളും 10 ബസുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്എൻ ജങ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.