ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യത, വാടാനപ്പിള്ളിയിലേക്ക് ഇനി സന്ദർശകരെത്തും, ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു
തൃശൂർ: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച് സന്ദർശിച്ചു. ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് വാടാനപ്പള്ളി തീരദേശ മേഖലയ്ക്കുള്ളത്. സമീപപ്രദേശങ്ങളിലുള്ള മികച്ച ടൂറിസം ബീച്ചുകൾക്കൊപ്പം ഇടം പിടിക്കുകയാണ് വാടാനപ്പള്ളി ബീച്ചും.
മണലൂർ നിയോജകമണ്ഡലം എംഎൽഎയായ മുരളി പെരിനെല്ലി എംഎൽഎ ഫണ്ടിൽ നിന്നും 2022 ൽ പദ്ധതിക്ക് ആവശ്യമായ 10 കോടി രൂപ അനുവദിച്ചിരുന്നു. 2023 ല്‍ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യോഗം ചേർന്നത്.
യോഗത്തിൽ ടൂറിസം എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒരുങ്ങുന്ന ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാടാനപ്പള്ളി സെന്റർ മുതൽ ബീച്ച് വരെയുള്ള റോഡ് ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.