പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കാം
ഇന്ന് എല്ലാം മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങൾ ആണെങ്കിലും വീടുകളിലും ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ ഏറിയ പങ്കും പ്ലാസ്റ്റിക്കായിരിക്കും. ഇത്തരം പ്ലാസ്റ്റിക്കുകൾ വെളിയിലും മറ്റും നിക്ഷേപിച്ചാൽ ദീർഘനാളുകൾ ഇവ പരിസ്ഥിതിക്ക് ഹാനികരമായി തുടരും. ചുരുക്കം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് നമുക്ക് ഒറ്റക്കെട്ടായി കുറയ്ക്കാൻ സാധിക്കും.
ഷോപ്പിങ്ങിനും മറ്റും പോകുമ്പോൾ പഴയ ബാഗുകൾ കൈയിൽ കരുതാം. സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭൂരിഭാഗവും ഇത്തരം ക്യാരി ബാഗുകളാണ്. പഴയ ബാഗുകൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാം. യാത്രയ്ക്കും മറ്റും പോകുമ്പോൾ കുപ്പിയിൽ വെള്ളം കരുതുക. ഇല്ലെങ്കിൽ പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം വീണ്ടും കൂടും.
പ്ലാസ്റ്റിക്കുകൾക്ക് പകരം പേപ്പർ ഉത്പന്നങ്ങളോ കാർഡ്ബോർഡുകളോ ഉപയോഗിക്കാമെന്നും വിദഗ്ധർ പറയുന്നു. ഇത്തരം ഉത്പന്നങ്ങൾ പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതിനാൽ സുരക്ഷിതവുമാണ്. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്ന തരം നാപ്കിൻ പേപ്പറുകൾ, പ്ലാസ്റ്റിക്ക് റാപ്പുകൾ, സ്ട്രോ തുടങ്ങിയവ വേണ്ടെന്നു വയ്ക്കാം.
സ്ട്രോ പോലുള്ളവ ഒറ്റത്തവണ ഉപയോഗിക്കാവുന്നവയാണ്. അതിനാൽ റെസ്റ്റോറന്റുകളിൽ ജ്യൂസുകളോ മറ്റോ ഓർഡർ ചെയ്യുമ്പോൾ ഇത് വേണ്ടെന്ന് ആവശ്യപ്പെടുന്നത് ഗുണം ചെയ്യും. പ്ലാസ്റ്റിക് സട്രോകൾക്ക് പകരം സ്റ്റെയിൻലെസ് സ്ട്രോകൾ വിപണിയിൽ ലഭിക്കും. ഇവ വൃത്തിയാക്കാനുള്ള ബ്രഷും ഇതിനോടൊപ്പം വാങ്ങാം. ഇപ്പോൾ തന്നെ പല ഹോട്ടലുകളിലും പേപ്പർ സ്ട്രോകൾ ആണ് ഉപയോഗിക്കുന്നത്. ഉത്തരവാദിത്വബോധമുള്ള സംഘടനകൾ ഇതിനായി തന്റെ മെമ്പർമാർക്ക് അറിവ് പകർന്ന് നൽകുന്നുമുണ്ട്
റീയുസബിൾ സാൻഡ്വിച്ച് ബാഗ്, സിലിക്കോൺ കിച്ചൺ സ്റ്റോറേജ് ബാഗ്, ടീ ടവലുകൾ എന്നിവയും പുനരുപയോഗിക്കാം. മാർക്കറ്റുകളിൽ ഇവ ഇപ്പോൾ സുലഭമാണ് . മാലിന്യം നിക്ഷേപിക്കുന്നതിന് ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്ക് ബാഗുകൾ ഉപയോഗിക്കാം.
പ്ലാസ്റ്റിക് മാലിന്യം ഏറെയും ഉണ്ടാവുക അടുക്കളയിലാണ്. അതിനാൽ പ്ലാസ്റ്റിക്കിന് പകരം പല വലുപ്പത്തിലും ആകൃതിയിലുമുള്ള വുഡൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുക. പാത്രം മൂടാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് റാപ്പും അലുമിനിയം ഫോയിലും ഒഴിവാക്കാം. പകരം സിലിക്കോൺ അടപ്പുകൾ ഉപയോഗിക്കാം .
വ്യാപാരികളും വ്യവസായികളും മാത്രം വിചാരിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല മാർക്കറ്റിൽ സുലഭമായ അനധികൃത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാതെ വ്യാപാരം ചെയ്യുന്ന കച്ചവടക്കാർക്ക് മാത്രമാണ് ഇതിനുത്തരവാദിത്വം എന്ന നിലയിൽ പിഴകളും താക്കീതുകളും നൽകിയത് കൊണ്ട് മാത്രം ഇതിനൊരു പരിഹാരമുണ്ടാകില്ല.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.