മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി കടന്നിട്ടും പരിശോധിക്കാനാകാതെ കേരളം, പരിശോധനാ സൗകര്യങ്ങളില്ല
2021 ഒക്ടോബർ 31 നാണ് മന്ത്രി റോഷി അഗസ്റ്റിൻ പരിശോധനക്കായി പുതിയ ബോട്ടനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറന്നു വിട്ടപ്പോഴായിരുന്നു ഇത്. രണ്ടു വർഷം കഴിയുമ്പോൾ ബോട്ട് കിട്ടിയില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ജീപ്പ് പോലും കണ്ടം ചെയ്തു. ജലനിരപ്പ് 136 അടി കഴിഞ്ഞതോടെ ഓരോ മണിക്കൂറും വിവരം ജില്ല ഭരണകൂടത്തെ അറിയിക്കണം. ഇതിനായി രണ്ടു ജീവനക്കാരെ നിയോഗിച്ചു. ഇവർക്ക് ഓരോ ദിവസവും അണക്കെട്ടിലേക്ക് പോകാൻ ഏക ആശ്രയം ജലസേചന വകുപ്പിൻറെ ഈ ജീപ്പ് മാത്രമാണ്. ബൃഹത്തായ കട്ടപ്പന സബ് ഡിവിഷനിലെ മറ്റു ജോലികൾക്കിടെ സമയം കണ്ടെത്തി വേണം ജീപ്പെത്തിക്കാൻ.