സൗദിയില്‍ ഇനി ഇലക്ട്രിക് ഹെലികോപ്റ്ററുകളും; ബ്രസീലിന്റെ ഈവ് എയറുമായി കരാര്‍
റിയാദ്: സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈന്‍ ഫ്‌ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി ബ്രസീല്‍ ആസ്ഥാനമായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു.
രാജ്യത്ത് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് (ഇവിറ്റോള്‍) ഇനത്തില്‍ പെട്ട എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഈവ് എയര്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. 2006ല്‍ റിയാദിലും ജിദ്ദയിലും വൈദ്യുത കോപ്റ്ററുകള്‍ വാണിജ്യാടിസ്താനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.ഇലക്ട്രിക് കോപ്റ്റര്‍ സര്‍വീസുകളുടെ പ്രാദേശിക സംവിധാനം കെട്ടിപ്പടുത്തും ഇതിന് പിന്തുണ നല്‍കിയും സൗദിയില്‍ വ്യോമയാന വ്യവസായത്തെ ശക്തിപ്പെടുത്താന്‍ കരാര്‍ സഹായിക്കും. സൗദി വിഷന്‍ 2030 സുസ്ഥിര ദേശീയ ലക്ഷ്യങ്ങളും വ്യോമയാന മേഖലയിലെ ലക്ഷ്യങ്ങളും കൈവരിക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫ്‌ളൈനാസ് സിഇഒ ബാന്‍ഡര്‍ അല്‍ മുഹന്ന പറഞ്ഞു. വ്യോമയാന മേഖലയില്‍ ആദ്യമായി ഇത്തരമൊരു പരിസ്ഥിതി സൗഹൃദ സര്‍വീസ് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വിമാന യാത്രയ്ക്കുള്ള ശ്രമങ്ങളിലെ നാഴികക്കല്ലാണ് കരാറെന്ന് ഈവ് എയര്‍ സിഇഒ ജോഹാന്‍ ബോര്‍ഡെയ്‌സ് അഭിപ്രായപ്പെട്ടു. കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുമുള്ള യാത്ര രൂപപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് കരാര്‍ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലെ എയര്‍ മൊബിലിറ്റി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാവുന്നതിനൊപ്പം ഫ്‌ളൈനാസുമായി തകര്‍പ്പന്‍ യാത്ര ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു-ജോഹാന്‍ ബോര്‍ഡെയ്‌സ് പറഞ്ഞു