കൽപ്പറ്റയിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി, വനപാലകരെത്തി കൂട്ടിൽനിന്നും മാറ്റി.
കൽപ്പറ്റ ∙ വയനാട് കൽപ്പറ്റ മേപ്പാടിക്കു സമീപം കോഴിക്കൂട്ടിൽ പുലി കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. മുപ്പൈനാട് കാടാശേരിയിൽ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണു പുലി കയറിയത്. കൂട്ടിനുള്ളിൽനിന്നും ശബ്ദം കേട്ടതിനെ തുടർന്നു ഹംസ നോക്കിയപ്പോഴാണു പുലിയെ കണ്ടത്. തുടർന്നു വാതിൽ അടച്ചു നാട്ടുകാരെ വിവരമറിയിച്ചു.വനപാലകർ സ്ഥലത്തെത്തി പുലർച്ചെ നാലു മണിയോടെ പുലിയെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. പുലിയുടെ ആരോഗ്യനില ഉൾപ്പടെ പരിശോധിച്ചു തുടർനടപടികൾ സ്വീകരിക്കും. പ്രദേശത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.