എറണാകുളം : ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം.
ധനമന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് പ്രശംസാപത്രം സമ്മാനിച്ചത്.
2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്.
സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിർമാണക്കമ്പനി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവർ പങ്കുവെച്ചു.
സിനിമകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് 25 കോടി രൂപ പിഴയിട്ടു എന്ന പ്രചാരണം അടുത്തിടെ കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇത്തരം പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി പൃഥ്വിരാജ് രംഗത്തുവന്നു. പിന്നാലെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ കമ്പനി നിയമനടപടി സ്വീകരിച്ചു.
2019-ൽ പുറത്തിറങ്ങിയ 9 എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം നിർമിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമ നിർമാണ മേഖലയിലേക്ക് പ്രവേശിച്ചത്. തുടർന്ന് കുരുതി, ജനഗണമന, കുമാരി, ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങളും കമ്പനി നിർമിച്ചു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസുമായി ചേർന്ന് ഡ്രൈവിങ് ലൈസൻസ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ചു.
പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം. രജനികാന്തിന്റെ പേട്ട, വിജയ് നായകനായ ബിഗിൽ, 83, കെ.ജി.എഫ്, കാന്താര, ധൂമം തുടങ്ങിയ ചിത്രങ്ങൾ കേരളത്തില്‍ വിതരണം ചെയ്തതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , ഈ വാർത്തകളിലെ ആരോപണങ്ങൾ തികച്ചും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും താൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറുള്ളത്. എന്നാൽ തീർത്തും വസ്തുതാ വിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു " കള്ളം " വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാം മാധ്യമധർമ്മത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും അദ്ദേഹം ഒരുക്കം ആണെന്നും പറഞ്ഞു. സിവിലും ക്രിമിനലുമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.