ഓഫ്റോഡ് പോകാൻ വരട്ടെ; AT,MT ടയറുകൾ
എന്താണെന്ന് അറിയില്ലെങ്കിൽ പണി പാളുമേ
പണ്ട് വാഹനങ്ങളുടെ ആദ്യ കാലത്ത് ടയറുകൾ എന്നാൽ വാഹനത്തിൽ ഉപയോഗിക്കുന്ന ഒരു വസ്തു മാത്രമായിരുന്നു എങ്കിൽ ഇപ്പോൾ അത് ഒരുപാട് മാറിയിരിക്കുന്നു. ടയറുകളിൽ തന്നെ പല വിധത്തിലുളളതും പ്രത്യേകിച്ച് ഓഫ്റോഡിനായി മാത്രം സജജീകരിക്കുന്ന ടയറുകൾ വന്നതോടെ ടയറുകളുടെ ലെവൽ തന്നെ മാറിയിരിക്കുന്നു. ടയറുകളിലെ മാർക്കിങ്ങ് വിശദീകരിക്കുന്ന വീഡിയോ നമ്മളുടെ യൂട്യൂബ് ചാനലിൽ വന്നിരുന്നു.
എന്നാൽ ഇന്ന് നിങ്ങളുടെ പങ്കുവയക്കാൻ ഉളളത് മറ്റൊരു കാര്യമാണ്. ഓഫ്റോഡ് വാഹനങ്ങളിലെ ടയറുകളിൽ നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ കാണാം AT എന്നോ,MT എന്നോ മാർക്ക് ചെയ്തിരിക്കുന്നത്. അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആലോചിച്ച് തല പുകയ്ക്കേണ്ട തുടർന്ന് വായിച്ചാൽ ടയറുകളിലെ ഈ മാർക്കിങ്ങുകൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസിലാകും.
ഓൾ-ടെറൈൻ ടയറുകൾ എന്നും അറിയപ്പെടുന്ന എ.ടി ടയറുകൾ ഓൺ, ഓഫ് റോഡ് അവസ്ഥകൾ ഉൾപ്പെടെ വിവിധ പ്രതലങ്ങളിൽ ട്രാക്ഷൻ ചെയ്യാൻ ഉപയോഗിക്കുന്നതാണ്. AT ടയറുകൾ ഡ്രൈവർമാർക്ക് ഒരു പ്രിയപ്പെട്ട ചോയിസാണ്, കാരണം ഈ ടയറുകൾക്ക് റോഡിൻ്റെ അവസ്ഥ ഒരു വിഷയവുമല്ല എന്നത് തന്നെ. ഏത് സാഹചര്യവുമായി എളുപ്പം പൊരുത്തപ്പെടുവാനും മികച്ച ഡിസൈനും ട്രെഡ് പാറ്റേണുകളുമാണ് ഉളളത്. ഓഫ്-റോഡിലും ഓൺ-റോഡ് പെർഫോമൻസിൽ ബാലൻസ് നൽകുന്നതിനാണ് എടി ടയറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്തത് മഡ് ടെറെയ്ൻ ടയറുകളാണ്. എം.ടി ടയറുകൾ പേര് സൂചിപ്പിക്കുന്നത് പോലെ ഈ ടയറുകൾ ഓഫ്-റോഡ് ഉപയോഗത്തിന് മാത്രമായി ഡിസൈൻ ചെയ്തിട്ടുള്ളതാണ്, കാരണം ഈ ടയറുകൾ എ.ടി ടയറുകളെ അപേക്ഷിച്ച് വലുതും കൂടുതൽ അകലത്തിലുള്ളതുമായ ട്രെഡ് ബ്ലോക്കുകളാണുള്ളത്. ചെളി, പാറകൾ, ചരൽ എന്നിവ പോലുള്ള കഠിനമായ സാഹചര്യങ്ങളിൽ ഓഫ്-റോഡ് ഡ്രൈവിംഗിനായിട്ടാണ് എം.ടി ടയറുകൾ ഉപയോഗിക്കുന്നത്. ട്രെഡ് പാറ്റേണുകളിൽ വലിയ വ്യത്യാസമുണ്ട്.
ഓൾ - ടെറെയ്ൻ ടയറുകളുടെ പ്രത്യേകതയും സവിശേഷതകളും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. ഓഫ്-റോഡിലും ഓൺ-റോഡ് പ്രകടനത്തിലും ബാലൻസ് നൽകുന്നു എന്നതാണ് ഈ ടയറുകളുടെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്ന്. ഇതിൻ്റെ ട്രെഡ് പാറ്റേണുകൾ കാരണം ഓൺ - റോഡിൽ മികച്ച കംഫർട്ടും ഓഫ് റോഡിൽ മികച്ച ട്രാക്ഷനും ലഭിക്കുന്നു.
ടയറുകളുടെ വശങ്ങളിൽ കൊടുത്തിരിക്കുന്ന എഴുത്തുകൾ എന്തൊണെന്ന് ഇതുവരെ അറിയില്ലാത്ത സുഹൃത്തുക്കൾക്ക് വേണ്ടി അതും ഒന്ന് വിശദീകരിക്കാം.
ടയറിൻ്റെ സ്പെസിഫിക്കേഷനാണ് സൈഡിൽ നൽകിയിരിക്കുന്നത്. അതായത് ടയറിൻ്റെ വ്യത്യസ്തമായ അളവുകളാണ് സൂചിപ്പിക്കുന്നത്. ഉദാഹരത്തിന് 165/80/R14 85T എന്ന അളവ് ഒരു ടയറിൽ കാണുകയാണെങ്കിൽ ആദ്യം നൽകിയിരിക്കുന്ന 165 എന്ന നമ്പർ സൂചിപ്പിക്കുന്നത് ടയറിൻ്റെ സെക്ഷൻ വിഡ്ത്തിനെയാണ് അതായത് ടയറിൻ്റ വീതി. 165 എന്ന അളവ് മില്ലിമീറ്ററിലാണ് കണക്കാക്കുന്നത്. ഇനി അറിയാനുളളത് 80 എന്ന നമ്പർ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ്.
80 എന്ന നമ്പർ സൂചിപ്പിക്കുന്നത് ടയറിൻ്റെ ആസ്പെക്ട് റേഷിയോ(Aspect Ratio) ആണ്. ടയറിൻ്റെ സെക്ഷൻ ഹൈറ്റ്, അതായത് ഉയരത്തെയാണ് അർത്ഥമാക്കുന്നത്. ടയർ പ്രൊഫൈൽ എന്നും ഈ നമ്പറിനെ വിളിക്കാം. ഇതിൽ 80 എന്ന് പറയുന്നത് 80 മില്ലിമീറ്റർ ആണെന്ന് വിചാരിക്കരുത്. 165 എന്നതിൻ്റെ 80 ശതമാനമാണ് ടയറിൻ്റെ സെക്ഷൻ ഹൈറ്റ്. 165 -ൻ്റെ 80 ശതമാനം എന്ന് പറയുന്നത് 132 ആണ്. 132 മില്ലിമീറ്ററാണ് ടയറിൻ്റെ സെക്ഷൻ ഹൈറ്റ്.
അടുത്തതായി R എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത് ടയറിൻ്റെ നിർമാണത്തെയാണ്. അതായത് റേഡിയൽ ടയറാണോ ബയസ്(Bias) ടയറാണോ എന്നാണ് സൂചിപ്പിക്കുന്നത്. ഏവും കൂടുതൽ റേഡിയൽ ടയറുകളാണ് ഉപയോഗിക്കുന്നത്. അടുത്തത് 14 എന്ന രണ്ടക്കം സൂചിപ്പിക്കുന്നത് വീലിൻ്റെ ഡയമീറ്ററിനെയാണ്. അതായത് 14 ഇഞ്ചുളള വീലിന് യോജിക്കുന്ന ടയറാണ് ഇത് എന്നാണ് അർത്ഥമാക്കുന്നത്. അത് പോലെ തന്നെ അടുത്ത അളവ് എന്ന് പറയുന്നത് 85 എന്നതാണ്. 85 കൊണ്ട് സൂചിപ്പിക്കുന്നത് ലോഡ് ഇൻഡക്സ് ആണ്. അതായത് ടയറിൽ മുഴുവൻ പ്രഷറിൽ കാറ്റ് നിറച്ച് നിൽക്കുമ്പോൾ എത്ര മാത്രം ഭാരം താങ്ങാൻ സാധിക്കും എന്നാണ് സൂചിപ്പിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.