Thursday, 29 June 2023

ബ്രഹ്മപുരം ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്: 2 കമ്പനികൾ പരിഗണനയിൽ

SHARE


കൊച്ചി ബ്രഹ്മപുരത്തു ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനായി 2 കമ്പനികൾ കോർപറേഷന്റെ പരിഗണനയിൽ.

കൊല്ലം കുരീപ്പുഴയിൽ ബയോമൈനിങ് നടത്തിയ സിഗ്മ ഗ്ലോബൽ എൻവയ്റോൺ സൊല്യൂഷൻസ് ലിമിറ്റഡ്, ഫാബ്‌കോ ഫുഡ് വേസ്റ്റ് മാനേജ്മെന്റ് ആൻഡ് ടോട്ടൽ സൊല്യൂഷൻസ് എന്നീ കമ്പനികളാണു രംഗത്തുള്ളത്.

കോർപറേഷൻ താൽപര്യ പത്രം ക്ഷണിച്ചതു പ്രകാരം 5 കമ്പനികൾ രംഗത്തെത്തിയെങ്കിലും 2 കമ്പനികളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്.

ഒരു കിലോഗ്രാം ജൈവ മാലിന്യം സംസ്കരിക്കുന്നതിനു 2.50 രൂപയാണു സിഗ്‌മ ആവശ്യപ്പെടുന്നത്. ഫാബ്കോ ആവശ്യപ്പെടുന്നത് കിലോയ്ക്ക് 3.25 രൂപയും.

പ്രതിദിനം 100 ടൺ ജൈവ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമാണു ബ്രഹ്മപുരത്ത് ആരംഭിക്കാൻ കോർപറേഷൻ ഉദ്ദേശിക്കുന്നത്. സംസ്കരണ സംവിധാനം സജ്ജമാക്കാനുള്ള മുഴുവൻ ചെലവും കരാർ ലഭിക്കുന്ന കമ്പനി വഹിക്കണം.

                     https://chat.whatsapp.com/HfNOrGBREHM69NeV0qOVYa

പ്ലാന്റ് സ്ഥാപിക്കാനായി ബ്രഹ്മപുരത്ത് 6 ഏക്കർ ഭൂമി 3 വർഷത്തെ പാട്ടത്തിനു കോർപറേഷൻ കമ്പനിക്കു നൽകും.

3 വർഷക്കാലയളവിൽ പ്രതിദിനം 90– 110 ടൺ മാലിന്യം കോർപറേഷൻ സംസ്കരിക്കാനായി പ്ലാന്റിൽ എത്തിച്ചു നൽകും. ഈ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതു കമ്പനിയുടെ ചുമതലയാണ്. ഇതിനു ടിപ്പിങ് ഫീസായി കിലോയ്ക്കു നിശ്ചിത തുക വീതം കോർപറേഷൻ കമ്പനിക്കു നൽകും.

ബ്രഹ്മപുരത്തു ബിപിസിഎല്ലിന്റെ നേതൃത്വത്തിൽ ബയോ സിഎൻജി പ്ലാന്റ് ആരംഭിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്.

ഈ പ്ലാന്റ് സ്ഥാപിക്കാനെടുക്കുന്ന സമയത്തിനിടയിൽ താൽക്കാലികമായി മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമെന്ന നിലയിലാണു പ്രതിദിനം 100 ടൺ ശേഷിയുള്ള പ്ലാന്റ് സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാൻ കോർപറേഷൻ നടപടികളെടുക്കുന്നത്.

കമ്പനിയെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പരിഗണിച്ച ആരോഗ്യ സ്ഥിര സമിതി കൂടുതൽ പരിശോധനകൾക്കായി മാറ്റി. ബ്രഹ്മപുരത്തെ 6 ഏക്കർ സ്ഥലം പാട്ടത്തിനു നൽകുമ്പോൾ ആ ഭൂമി പണയം വച്ചു കമ്പനിക്കു പ്ലാന്റ് നിർമാണത്തിനു ധനസമാഹരണം നടത്താൻ കഴിയുമോയെന്നതുൾപ്പെടെ കരാർ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്നു ആരോഗ്യ സ്ഥിര സമിതി അംഗവും കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവുമായ ആന്റണി കുരീത്തറ പറഞ്ഞു.

SHARE

Author: verified_user